- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'മുത്തങ്ങയിലും ശിവഗിരിയിലും എ കെ ആന്റണി സ്വീകരിച്ചത് യു.ഡി.എഫ് നിലപാട്'; സായുധകലാപത്തിന്റെ രീതിയിലുള്ള ആക്രമണമാണ് കുടില്‍കെട്ടിയവരില്‍ നിന്നുണ്ടായത്; പിണറായി പ്രയോഗിച്ചത് പഴകി തുരുമ്പിച്ച ആയുധമെന്ന് കെ. മുരളീധരന്‍
'മുത്തങ്ങയിലും ശിവഗിരിയിലും എ കെ ആന്റണി സ്വീകരിച്ചത് യു.ഡി.എഫ് നിലപാട്';
തിരുവനന്തപുരം: മുത്തങ്ങയില്‍ കുടില്‍കെട്ടിയ ആദിവാസികളെ ഒഴിപ്പിക്കാന്‍ അന്നത്തെ മുഖ്യമന്ത്രി എ.കെ. ആന്റണി സ്വീകരിച്ച പൊലീസ് നടപടിയെ പിന്തുണച്ച് കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍. മുത്തങ്ങയില്‍ ആന്റണിയും പൊലീസും സ്വീകരിച്ചത് യു.ഡി.എഫിന്റെ നിലപാടാണെന്ന് കെ മുരളീധരന്‍ മാധ്യമങ്ങളോട് വ്യക്തമാക്കി.
സായുധകലാപത്തിന്റെ രീതിയിലുള്ള ആക്രമണമാണ് കുടില്‍കെട്ടിയവരില്‍ നിന്നുണ്ടായത്. അതിനെ പ്രതിരോധിക്കാന്‍ യു.ഡി.എഫ് തീരുമാനിച്ചതാണ്. ആ തീരുമാനമാണ് പൊലീസ് നടപ്പാക്കിയത്. സംയമനത്തോടെയാണ് ആന്റണി വിഷയത്തില്‍ ഇടപെട്ടതെന്നും അദ്ദേഹം പറഞ്ഞു.
മുത്തങ്ങയിലും ശിവഗിരിയും യു.ഡി.എഫ് നിലപാടാണ് ആന്റണി നടപ്പാക്കിയത്. ആയുധങ്ങള്‍ നഷ്ടപ്പെടുമ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, പഴകി തുരുമ്പിച്ച ആയുധമെടുത്ത് പ്രയോഗിക്കുന്നു. അത് പിണറായിയുടെ ശൈലിയാണ്. ആ ശൈലിയെ ഗൗരവത്തോടെ എടുക്കുന്നില്ലെന്നും ജനം നോക്കുന്നത് ഇന്നത്തെ അവസ്ഥയാണെന്നും കെ. മുരളീധരന്‍ മാധ്യമങ്ങളോട് വ്യക്തമാക്കി.
ദേശീയ വന്യജീവി സങ്കേതത്തിലെ കൈയേറ്റക്കാരെ തുരത്താന്‍ മൂന്നുതവണ കേന്ദ്രത്തിന്റെ താക്കീതുണ്ടായതോടെയാണ് മുത്തങ്ങയില്‍ പൊലീസ് നടപടിയുണ്ടായതെന്നാണ് ഇന്നലെ കെ.പി.സി.സി ആസ്ഥാനത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ എ.കെ. ആന്റണി പറഞ്ഞത്. യു.ഡി.എഫ് ഭരണത്തിലെ പൊലീസ് അതിക്രമത്തെക്കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ ആരോപണമുന്നയിച്ചതോടെയാണ് ആന്റണി വാര്‍ത്തസമ്മേളനം നടത്തി പ്രതികരിച്ചത്.
മുത്തങ്ങയില്‍ കുടില്‍ കെട്ടിയവരെ ഇറക്കിവിടാനാണ് രാഷ്ട്രീയ പാര്‍ട്ടികളും മാധ്യമങ്ങളും ആദ്യം പറഞ്ഞത്. മുത്തങ്ങയില്‍ ആദിവാസിയും പൊലീസുകാരനും മരിച്ചു. ആദിവാസികള്‍ക്ക് ഏറ്റവും കൂടുതല്‍ ഭൂമി നല്‍കിയത് ഞാന്‍ മുഖ്യമന്ത്രിയായപ്പോഴാണ്. എന്നിട്ടും ആദിവാസികളെ ചുട്ടെരിച്ചെന്ന പഴിയാണ് കേട്ടത്. മണ്ണെണ്ണയും പഞ്ചസാരയും ഇട്ട് കത്തിച്ചെന്നാണ് അന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞത്.
തന്റെ ഭരണകാലത്തെ പൊലീസ് അതിക്രമത്തിലൊന്നും താന്‍ സന്തുഷ്ടനല്ല. ആളുകളുടെ ചോര കണ്ടാല്‍ തനിക്ക് സന്തോഷം വരില്ല. മുത്തങ്ങ സംഭവങ്ങളില്‍ ദുഃഖമുണ്ടെന്നും മുത്തങ്ങ പൊലീസ് നടപടിയിലെ സി.ബി.ഐ അന്വേഷണ റിപ്പോര്‍ട്ട് സംസ്ഥാന സര്‍ക്കാര്‍ പുറത്തുവിടണമെന്നും ആന്റണി ആവശ്യപ്പെട്ടു.
2004ല്‍ കേരള രാഷ്ട്രീയം വിട്ട് താന്‍ ഡല്‍ഹിയിലേക്ക് പോയതോടെ ഇക്കാര്യങ്ങളില്‍ സത്യം പറയാന്‍ ആളില്ലാതായി. മരിച്ചില്ലെങ്കില്‍ നിയമസഭ തെരഞ്ഞെടുപ്പിന് ശേഷം അപ്രിയ സത്യങ്ങളടക്കം തുറന്നുപറയുമെന്നും എ.കെ. ആന്റണി കൂട്ടിച്ചേര്‍ത്തു.
അതേസമയം, ആന്റണി സര്‍ക്കാറിന്റെ കാലത്ത് മുത്തങ്ങയില്‍ നടത്തിയ പൊലീസ് നടപടിയെ കുറിച്ച് രൂക്ഷ വിമര്‍ശനമാണ് ആദിവാസി നേതാവ് സി.കെ. ജാനു നടത്തിയത്. മുത്തങ്ങ സംഭവത്തില്‍ എത്ര കാലം കഴിഞ്ഞാലും മാപ്പ് അര്‍ഹിക്കുന്നില്ലെന്ന് സി.കെ. ജാനു പറഞ്ഞു. ചെയ്തത് തെറ്റായി പോയെന്ന് വൈകിയ വേളയില്‍ തിരിച്ചറിവുണ്ടായതില്‍ സന്തോഷമുണ്ട്. മുത്തങ്ങയില്‍ സമരം ചെയ്യാന്‍ പോയ മുഴുവന്‍ ആദിവാസികള്‍ക്കും ഭൂമിയാണ് കിട്ടേണ്ടത്. അതാണ് പരിഹാരമെന്നും സി.കെ. ജാനു വ്യക്തമാക്കി.
മുത്തങ്ങയിലെ പ്രശ്‌നം പരിഹരിക്കാന്‍ സര്‍ക്കാര്‍ എന്ന നിലയില്‍ ഒരു ഇടപെടല്‍ നടത്തിയിരുന്നില്ല. ഒരു മാസത്തിലധികമാണ് മുത്തങ്ങയില്‍ കുടില്‍കെട്ടി താമസിച്ചത്. ആ സമയത്ത് പ്രശ്‌ന പരിഹാര ചര്‍ച്ച നടക്കണമായിരുന്നു. വെടിവെപ്പ് കൂടാതെ പ്രശ്‌നം പരിഹരിക്കാനുള്ള സാധ്യതകളുണ്ടായിരുന്നു. ആ സാധ്യതകളെ പ്രയോജനപ്പെടുത്തിയില്ല. ആദിവാസികള്‍ക്ക് ഭൂമി നല്‍കുകയാണ് ഏക പ്രശ്‌നപരിഹാരമെന്നും സി.കെ. ജാനു വ്യക്തമാക്കി.