പാലക്കാട്: കോണ്‍ഗ്രസ് വനിതാ നേതാക്കളുള്‍പ്പെടെ താമസിക്കുന്ന പാലക്കാട് കെ പി എം ഹോട്ടലില്‍ രാത്രി നടത്തിയ റെയ്ഡില്‍ കണ്ടാലറിയാവുന്ന 10 പേര്‍ക്കെതിരെ കേസെടുത്തു. ഹോട്ടലിന്റെ പരാതിയിലാണ് സൗത്ത് പൊലീസ് കേസെടുത്തത്. അതിക്രമിച്ച് കയറി നാശനഷ്ടം ഉണ്ടാക്കുകയും ജീവനക്കാരെ മര്‍ദിക്കുകയും ചെയ്തതിനാണ് കേസെടുത്തത്.

അതേസമയം, ഷാനിമോള്‍ ഉസ്മാന്റെ കിടപ്പ് മുറിയിലെ പരിശോധനക്ക് എതിരെ വനിതാ കമ്മീഷന് പരാതി. മഹിള കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ജെബി മേത്തര്‍ എം. പിയാണ് പരാതി നല്‍കിയത്. പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് എതിരെ നടപടി വേണമെന്നാണ് ആവശ്യം.

പാലക്കാട് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തില്‍ ആയിരുന്ന മുന്‍ മഹിളാ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റുമാരായ ഷാനിമോള്‍ ഉസ്മാന്‍, അഡ്വ. ബിന്ദു കൃഷ്ണ എന്നിവര്‍ താമസിച്ചിരുന്ന കെപിഎം ഹോട്ടല്‍ മുറികളില്‍ അര്‍ദ്ധരാത്രി വനിതാ ഉദ്യോഗസ്ഥര്‍ ഇല്ലാതെ പൊലീസ് നടത്തിയ റെയ്ഡ് സ്ത്രീകള്‍ക്ക് നേരെയുള്ള കടന്നുകയറ്റവും സ്ത്രീസുരക്ഷാ ലംഘനവുമാണെന്ന് പരാതിയില്‍ പറയുന്നു.

സംഭവത്തില്‍ വനിതാ കമ്മീഷന്‍ നേരിട്ട് അന്വേഷണം നടത്തണമെന്നും അനധികൃതമായി കടന്നുകയറിയ പൊലീസ് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്യണമെന്നും ജെബി മേത്തര്‍ ആവശ്യപ്പെട്ടു.

ഇന്നലെ രാത്രി കോണ്‍ഗ്രസ് നേതാക്കള്‍ താമസിച്ചിരുന്ന പാലക്കാട്ടെ ഹോട്ടല്‍ മുറികളില്‍ പൊലീസ് പരിശോധന നടത്തിയത്. അനധികൃത പണം കൈവശംവെച്ചിരിക്കുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി. ബിന്ദു കൃഷ്ണയുടെ മുറിയിലും പിന്നാലെ ഷാനിമോള്‍ ഉസ്മാന്റെ മുറിയിലും പൊലീസ് പരിശോധനയ്ക്കെത്തി. ഹോട്ടലിലെ മൂന്ന് നിലകളിലെ വിവിധ മുറികളില്‍ പൊലീസ് കയറി പരിശോധിച്ചു. എന്നാല്‍ വനിതാ പൊലീസ് ഇല്ലാതെയാണ് പൊലീസ് നേതാക്കളുടെ മുറിയില്‍ പരിശോധന നടത്തിയതെന്നടക്കം കോണ്‍ഗ്രസ് ആരോപിച്ചിരുന്നു.

അതിനിടെ, ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങള്‍ സിപിഎം പുറത്തുവിട്ടു. ദൃശ്യത്തില്‍ കാണുന്ന നീല ട്രോളി ബാഗില്‍ കള്ളപ്പണമാണെന്നാണ് സിപിഎം ആരോപണം. നീല ട്രോളി ബാഗുമായി കെഎസ്യു നേതാവ് ഫെനി എത്തുന്നതടക്കം ദൃശ്യങ്ങളില്‍ വ്യക്തമാണ്. എംപിമാരായ ഷാഫി പറമ്പിലും വികെ ശ്രീകണ്ഠനും ജ്യോതികുമാര്‍ ചാമക്കാല എന്നിവര്‍ കെപിഎം ഹോട്ടലിലേക്ക് കയറുന്നതും ദൃശ്യങ്ങളിലുണ്ട്.