തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ മേഖലയിയെ രാഷ്ട്രീയവത്കരിക്കാനുള്ള സിപിഎം ശ്രമങ്ങള്‍ പ്രതിഷേധാര്‍ഹമെന്ന് കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍.കേരള സര്‍വ്വകലാശാല നാല് വര്‍ഷ ബിരുദ കോഴ്‌സിനുള്ള കരാര്‍ അധ്യാപകരെ നിയമിക്കാന്നുള്ള സിലക്ഷന്‍ കമ്മിറ്റിയുടെ അധ്യക്ഷനായി ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി ഷിജുഖാനെ നിയമിച്ച നീക്കത്തെ നിയമപരമായി നേരിടുമെന്നും അദ്ദേഹം വ്യക്തമാക്കി.

സര്‍വ്വകലാശാലകളില്‍ അസി.പ്രൊഫസറുമാരുടെ സ്ഥിരം നിയമനത്തിന് പാലിക്കേണ്ട എല്ലാ നടപടിക്രമങ്ങള്‍ക്കും കരാര്‍ നിയമനത്തിലും സ്വീകരിക്കണമെന്നാണ് യുജിസി നിബന്ധന. ഇതനുസരിച്ച് വിസിയോ വിസി ചുമതലപ്പെടുത്തുന്ന പ്പെടുത്തുന്ന 10 വര്‍ഷത്തില്‍ കുറയാത്ത പ്രഫസര്‍ഷിപ്പുള്ള അധ്യാപകനോ ആയിരിക്കണം കമ്മിറ്റി ചെയര്‍മാന്‍. വൈസ് ചാന്‍സലര്‍ ഡോ. മോഹനന്‍ കുന്നുമേല്‍ നിര്‍ദ്ദേശിച്ച 10 വര്‍ഷത്തിലേറെ പ്രൊഫസര്‍ഷിപ്പുള്ള, സിപിഎമ്മിന്റെ തന്നെ വനിതാ സിന്‍ഡിക്കേറ്റ് അംഗത്തെ തഴഞ്ഞാണ് 'അധ്യാപന' പരിചയമില്ലാത്ത ഷിജുഖാനെ ജിവനക്കാരുടെ കാര്യങ്ങള്‍ക്കുള്ള സിന്‍ഡിക്കേറ്റിലെ സ്ഥിരം സമിതിയുടെ കണ്‍വീനര്‍ എന്ന നിലയിലുള്ള രാഷ്ട്രീയ നിയമനം നടന്നത്.ഇടത് അനുകൂല സിന്‍ഡിക്കേറ്റിനു താത്പര്യമുള്ളവരെ കമ്മിറ്റി അംഗങ്ങളായി നിയമിച്ചിട്ടുമുണ്ട്.കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖല നേരിടുന്ന സമാനതകളില്ലാത്ത പ്രതിസന്ധികള്‍ക്ക് കാരണം സിപിഎം നടത്തുന്ന ഇത്തരം രാഷ്ട്രീയ വത്കരണമാണെന്നും വിഷയത്തില്‍ സര്‍വ്വകലാശാല ചാന്‍സലര്‍ എന്ന നിലയില്‍ ഗവര്‍ണറെ സമീപിക്കുമെന്നും, നിയമ - രാഷ്ട്രീയ പോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കുമെന്നും കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് വ്യക്തമാക്കി.