തിരുവനന്തപുരം: ജീവനൊടുക്കിയ വയനാട് ഡിസിസി ട്രഷറര്‍ എന്‍.എം.വിജയന്റെ കത്ത് കിട്ടിയെന്നും തെറ്റുകാരനെന്ന് കണ്ടാല്‍ ഏതു കൊമ്പനെതിരെയും നടപടിയുണ്ടാകുമെന്നും കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍. കത്ത് ഇതുവരെ വായിച്ചിട്ടില്ല. പുറത്തുവന്ന വിവരങ്ങള്‍ ഗൗരവതരമാണ്. നേരത്തെ വിഷയം പരിശോധിച്ച കെപിസിസി സമിതി റിപ്പോര്‍ട്ട് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടില്ല.

സഹകരണ സംഘങ്ങളിലെ ക്രമക്കേടുകള്‍ ഏത് പാര്‍ട്ടിക്കാര്‍ നടത്തിയാലും തെറ്റാണെന്നും സുധാകരന്‍ വ്യക്തമാക്കി. നിലമ്പൂര്‍ ഫോറസ്റ്റ് ഓഫീസ് അടിച്ചു തകര്‍ത്ത കേസില്‍ പി വി അന്‍വറിനെ അറസ്റ്റ് ചെയ്തതില്‍ നടപടി ക്രമങ്ങള്‍ പാലിച്ചില്ലെന്നും കെ സുധാകരന്‍ വിമര്‍ശിച്ചു. പി വി അന്‍വര്‍ യുഡിഎഫിലേക്ക് വരുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടന്നിട്ടില്ലെന്നും കെപിസിസി അധ്യക്ഷന്‍ പറഞ്ഞു.

എന്‍.എം.വിജയന്റെ ആത്മഹത്യക്കുറിപ്പില്‍ ഐ.സി.ബാലകൃഷ്ണന്‍ എംഎല്‍എ, ഡിസിസി പ്രസിഡന്റ് എന്‍.ഡി.അപ്പച്ചന്‍ എന്നിവര്‍ക്കെതിരെ ആരോപണമുന്നയിച്ചിട്ടുണ്ട്. ബത്തേരി അര്‍ബന്‍ ബാങ്ക് നിയമനത്തിനെന്ന പേരില്‍ പണം വാങ്ങിയത് എംഎല്‍എ ആണെന്നാണ് ആത്മഹത്യക്കുറിപ്പില്‍ പറയുന്നത്.

ഐ.സി. ബാലകൃഷ്ണന്റെ താല്‍പര്യപ്രകാരം മറ്റൊരാളെ നിയമിക്കാന്‍ മകനെ ബാങ്കിലെ ജോലിയില്‍നിന്ന് പുറത്താക്കി. അര്‍ബന്‍ ബാങ്കില്‍ 65 ലക്ഷം ബാധ്യതയുണ്ട്, ആരും തിരിഞ്ഞുനോക്കിയില്ല. തന്റെ പേരില്‍ അര്‍ബന്‍ ബാങ്കില്‍നിന്ന് ലോണെടുത്ത് ബാധ്യത തീര്‍ത്തു. ഐ.സി. ബാലകൃഷ്ണന്റെ നിര്‍ദേശപ്രകാരമാണ് പണം വാങ്ങിയത്. എന്നാല്‍ പണം തിരിച്ചു നല്‍കാന്‍ ഐ.സി. ബാലകൃഷ്ണന്‍ തയാറായില്ലെന്നും കുറിപ്പില്‍ പറയുന്നു.