- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്ഥാനാര്‍ത്ഥി സുധാകരന് അല്ലെങ്കില്‍ വോട്ട് ചെയ്യില്ലെന്ന് അണികള്‍; കണ്ണൂരില്‍ 'സുധാകര തരംഗം'; എം.പി.മാര്‍ മത്സരിക്കേണ്ടെന്ന തീരുമാനത്തില്‍ ഇളവുണ്ടാകുമോ? കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ഇടപെടുന്നു; കണ്ണൂരില്‍ സുധാകരനെ മത്സരിപ്പിക്കേണ്ടി വരും; അല്ലാത്ത പക്ഷം പിന്‍ഗാമിയെ നിശ്ചയിക്കാന്‍ അനുമതി നല്‍കും; സുധാകരനെ ഡല്‍ഹിക്ക് വിളിപ്പിച്ച് രാഹുല്‍ ഗാന്ധി; ക്ലൈമാക്സിനായി കാത്ത് കെ എസ് ഫാന്‍സ്

കണ്ണൂര്‍: നിയമസഭാ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തെച്ചൊല്ലി കോണ്‍ഗ്രസില്‍ അനിശ്ചിതത്വം തുടരുന്നു. കെ. സുധാകരനെ കണ്ണൂരില്‍ മത്സരിപ്പിക്കണമെന്നാവശ്യപ്പെട്ട് അണികള്‍ തെരുവിലിറങ്ങിയതോടെ സംസ്ഥാന നേതൃത്വം പ്രതിരോധത്തിലായി. എം.പി.മാര്‍ നിയമസഭയിലേക്ക് മത്സരിക്കേണ്ടതില്ലെന്ന പൊതുതീരുമാനത്തില്‍ സുധാകരന് മാത്രമായി ഇളവ് നല്‍കുമോ എന്നാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്. ഇതിനിടെ, വിഷയത്തില്‍ ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ക്കായി ഹൈക്കമാന്‍ഡ് സുധാകരനെ ഡല്‍ഹിക്ക് വിളിപ്പിച്ചു.
സുധാകരന് സീറ്റ് നിഷേധിച്ചാല്‍ വോട്ട് ചെയ്യില്ലെന്ന കടുത്ത നിലപാടിലാണ് കണ്ണൂരിലെ സാധാരണ പ്രവര്‍ത്തകര്‍. ശനിയാഴ്ച രാവിലെ മുതല്‍ സുധാകരന്റെ വീട്ടിലേക്ക് പ്രവര്‍ത്തകരുടെ ഒഴുക്കായിരുന്നു. 'സുധാകരന്‍ കണ്ണൂരിന്റെ ഹൃദയമിടിപ്പാണ്, അദ്ദേഹം നിയമസഭയില്‍ ഉണ്ടാകുമെന്ന് ഉറപ്പുനല്‍കിയാണ് കഴിഞ്ഞ തവണ എം.പി.യായി മത്സരിപ്പിച്ചത്' - പ്രവര്‍ത്തകര്‍ വികാരാധീനരായി പറയുന്നു. യൂത്ത് കോണ്‍ഗ്രസ് നേതാക്കളായ റിജില്‍ മാക്കുറ്റിയും പി. മുഹമ്മദ് ഷമ്മാസും ഉള്‍പ്പെടെയുള്ളവര്‍ സുധാകരന് പിന്തുണയുമായി ഒപ്പമുണ്ട്.
ഡല്‍ഹിയിലെ ചര്‍ച്ചകളില്‍ അതൃപ്തി പ്രകടിപ്പിച്ച് മടങ്ങിയ സുധാകരന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച പോസ്റ്റ് പാര്‍ട്ടി വൃത്തങ്ങളില്‍ വലിയ ചര്‍ച്ചയായിട്ടുണ്ട്. 'കല്ലില്‍ നിന്നും കത്തിയില്‍ നിന്നും ബോംബില്‍ നിന്നും പ്രവര്‍ത്തകരെ സംരക്ഷിച്ച തനിക്ക്, കമ്യൂണിസ്റ്റ് കാപാലികര്‍ അവരെ ഉപദ്രവിക്കുന്നത് കണ്ടുനില്‍ക്കാനാവില്ല' എന്ന് സുധാകരന്‍ കുറിച്ചു. കണ്ണൂര്‍ തന്റെ മേല്‍വിലാസമാണെന്നും ആ മണ്ണിന് വേണ്ടി എന്നും മുന്നിലുണ്ടാകുമെന്നുമുള്ള അദ്ദേഹത്തിന്റെ വാക്കുകള്‍ നേതൃത്വത്തിനുള്ള പരോക്ഷ മുന്നറിയിപ്പായാണ് വിലയിരുത്തപ്പെടുന്നത്.
എം.പി.മാര്‍ മത്സരിക്കേണ്ടെന്ന നിലപാടില്‍ കെ.പി.സി.സി. അധ്യക്ഷന്‍ സണ്ണി ജോസഫും രമേശ് ചെന്നിത്തലയും ഉറച്ചുനില്‍ക്കുകയാണ്. സുധാകരന് ഇളവ് നല്‍കിയാല്‍ മറ്റ് എം.പി.മാരുടെ ആവശ്യവും പരിഗണിക്കേണ്ടി വരും. ഇത് വലിയ തലവേദനയാകുമെന്ന് നേതൃത്വം ഭയക്കുന്നു. എന്നാല്‍, സുധാകരന്റെ പിണക്കം കണ്ണൂര്‍ ജില്ലയില്‍ പാര്‍ട്ടിയുടെ അടിത്തറ ഇളക്കുമെന്ന ഭയവും ഹൈക്കമാന്‍ഡിനുണ്ട്.
പ്രശ്‌നപരിഹാരത്തിനായി രാഹുല്‍ ഗാന്ധി നേരിട്ട് ഇടപെടാനാണ് സാധ്യത. സുധാകരനെ ഡല്‍ഹിയിലേക്ക് വിളിപ്പിച്ചത് അനുനയ നീക്കത്തിന്റെ ഭാഗമായാണ്. ഒന്നെങ്കില്‍ കണ്ണൂരില്‍ മത്സരിക്കാന്‍ പ്രത്യേക അനുമതി നല്‍കുക, അല്ലെങ്കില്‍ സുധാകരന്‍ നിര്‍ദ്ദേശിക്കുന്ന 'പിന്‍ഗാമി'യെ സ്ഥാനാര്‍ത്ഥിയാക്കാന്‍ അനുവദിക്കുക എന്നീ ഫോര്‍മുലകളാണ് പരിഗണനയിലുള്ളത്.
നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിക്കുന്നതിനെതിരെ പ്രതിഷേധവുമായി അണികള്‍ സജീവമാണ്. സുധാകരനെ സ്ഥാനാര്‍ഥിയാക്കിയില്ലെങ്കില്‍ ഇത്തവണ വോട്ട് ചെയ്യില്ല എന്നതുള്‍പ്പെടെ കടുത്ത പ്രഖ്യാപനങ്ങളാണ് പ്രവര്‍ത്തകര്‍ നടത്തിയത്. കെ. സുധാകരന്‍ മത്സരിച്ചില്ലെങ്കില്‍ ഇത്തവണ വോട്ട് ചെയ്യില്ലെന്നാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരിലൊരാള്‍ പറഞ്ഞത്. അങ്ങനെയെങ്കില്‍ തന്നെക്കൊണ്ട് പറ്റുന്ന വോട്ടുകള്‍ മുടക്കുമെന്നും ഒരു പ്രവര്‍ത്തകന്‍ പറഞ്ഞു. 'സുധാകരന്‍ ചെയ്ത പോലെ ഉപകാരം കണ്ണൂരിന് മറ്റാരും ചെയ്തിട്ടില്ല. നിയമസഭയിലേക്ക് മത്സരിക്കുമെന്ന് ഉറപ്പുതന്നിട്ടാണ് കഴിഞ്ഞ പ്രാവശ്യം എംപിയായി മത്സരിച്ചത്. സുധാകരന്‍ കേരളത്തില്‍ വേണം. ഇല്ലെങ്കില്‍ കോണ്‍ഗ്രസിനുള്ള വോട്ടുകള്‍ മുടക്കും' -ഒരു പ്രവര്‍ത്തകന്‍ പറഞ്ഞു.
സുധാകരന്‍ ഏത് പാതാളത്തില്‍ പോകാന്‍ പറഞ്ഞാലും പോകാന്‍ ഞങ്ങള്‍ തയാറാണെന്ന് മറ്റൊരു പ്രവര്‍ത്തകന്‍ പ്രതികരിച്ചു. 'കണ്ണൂരിലെ സാധാരണ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കെ. സുധാകരന് പിന്നില്‍ അരയും തലയും മുറുക്കി നിലയുറപ്പിക്കും. പാര്‍ട്ടി ഭേദമില്ലാതെ സുധാകരന് പിന്നില്‍ സാധാരണക്കാരുണ്ട്. സുധാകരന്‍ എന്ത് തീരുമാനമെടുത്താലും അദ്ദേഹത്തോടൊപ്പം നില്‍ക്കും' -പ്രവര്‍ത്തകന്‍ പറഞ്ഞു. കെ. സുധാകരന്‍ കണ്ണൂരിലെ കോണ്‍ഗ്രസിന്റെ എല്ലാമാണെന്ന് റിജില്‍ മാക്കുറ്റി പ്രതികരിച്ചു. സീറ്റ് കൊടുക്കില്ലെന്ന് ആരും പറഞ്ഞിട്ടില്ല. കെ. സുധാകരന്റെ ആഗ്രഹം നടക്കണമെന്നാണ് കണ്ണൂരിലെ പ്രവര്‍ത്തകരുടെ ആഗ്രഹം. എംപിമാര്‍ മത്സരിക്കേണ്ട എന്ന് പാര്‍ട്ടി ഔദ്യോഗികമായി പറഞ്ഞിട്ടില്ല. സുധാകരന്റെ കൂടെയുണ്ടാകുമെന്നും റിജില്‍ മാക്കുറ്റി പറഞ്ഞു.
കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ അതൃപ്തി പ്രകടിപ്പിച്ച് സുധാകരന്‍ ചര്‍ച്ചകള്‍ക്കിടെ ഡല്‍ഹിയില്‍ നിന്ന് ഇന്നലെ നാട്ടിലേക്ക് മടങ്ങിയിരുന്നു. എംപിമാര്‍ മത്സരിക്കേണ്ട എന്നാണ് തീരുമാനമെന്ന് സണ്ണി ജോസഫ് സുധാകരനെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് രാത്രി 10 മണിയോടെ സുധാകരന്‍ കണ്ണൂരിലേക്ക് മടങ്ങിയത്. പിന്നാലെ തന്റെ രാഷ്ട്രീയ ജീവിതത്തിലെ ത്യാഗങ്ങള്‍ ചൂണ്ടിക്കാട്ടി സുധാകരന്‍ ഫേസ്ബുക്ക് പോസ്റ്റിടുകയും ചെയ്തു.
കോണ്‍ഗ്രസ് സ്ഥാനാര്‍ഥിനിര്‍ണയ ചര്‍ച്ചകള്‍ക്കിടയില്‍ നേത്യത്വത്തോട് കെ സുധാകരന്‍ ഇടഞ്ഞ സംഭവത്തില്‍ പ്രതികരണവുമായി കെ പി സി സി അധ്യക്ഷന്‍ സണ്ണി ജോസഫ് രംഗത്തു വന്നു. സുധാകരന്‍ കണ്ണൂരിലെ കരുത്തുറ്റ നേതാവെന്നും എം പിമാര്‍ മത്സരിക്കണമോ എന്ന കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് ഹൈക്കമാന്‍ഡ് ആണെന്നും സണ്ണി ജോസഫ് പ്രതികരിച്ചു. കെ സുധാകരനെ സ്ഥാനാര്‍ഥിയാക്കുന്നത് ആലോചിക്കേണ്ട കാര്യമാണ് പാര്‍ട്ടി തീരുമാനം അറിയിച്ചാല്‍ അതുമായി മുമ്പോട്ട് പോകുമെന്നാണ് പറഞ്ഞത്. നിലവില്‍ ഇക്കാര്യത്തില്‍ പാര്‍ട്ടി തീരുമാനം എടുത്തിട്ടില്ലെന്നും കെ പി സി സി അധ്യക്ഷന്‍ പറഞ്ഞു.
അതേസമയം, കെ സുധാകരന്റെ ഫേസ്ബുക്ക് പോസ്റ്റിനോട് പ്രതികരണം നടത്താതെയാണ് രമേശ് ചെന്നിത്തല പോയത്. സ്ഥാനാര്‍ഥിനിര്‍ണയ ചര്‍ച്ചകളില്‍ കടുത്ത അതൃപ്തിയുമായി ആണ് കെ സുധാകരന്‍ നാട്ടിലേക്ക് മടങ്ങിയത്. അനുമയ നീക്കവുമായി കെപിസിസി അധ്യക്ഷന്‍ സുധാകരനുമായി കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തിയിരുന്നു. എന്നാല്‍ എം പിമാര്‍ മത്സരിക്കേണ്ടതില്ലെന്ന നിലപാടില്‍ സംസ്ഥാന നേതൃത്വം ഉറച്ചു നിന്നതിന് പിന്നാലെയാണ് കെ. സുധാകരന്‍ ഡല്‍ഹിയില്‍ നിന്ന് മടങ്ങിയത്.


