- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
നീതിനിർവഹണത്തിൽ സമ്പൂർണ പരാജയം; അബദ്ധജടിലമായ വിധി; മുഖ്യമന്ത്രിയുടെ തിട്ടൂരത്തിന് മുന്നിൽ മുട്ടുമടക്കിയതാണോ എന്ന് ജനങ്ങൾ പരിശോധിക്കുന്നു; അന്തിമവാദം കേട്ടശേഷം ഒരു വർഷത്തിലധികം അടയിരുന്നപ്പോൾ തന്നെ കാറ്റ് എങ്ങോട്ടാണു വീശുന്നതെന്നു വ്യക്തമായി; ലോകായുക്ത രാജിവെക്കണമെന്ന് കെ. സുധാകരൻ
തിരുവനന്തപുരം: ലോകായുക്തക്കെതിരെ കടുത്ത വിമർശനവുമായി കെപിസിസി. അധ്യക്ഷൻ കെ. സുധാകരൻ. അഴിമതിക്കെതിരെ നിലപാടെടുക്കേണ്ട ലോകായുക്ത നീതിനിർവഹണത്തിൽ സമ്പൂർണ പരാജയമായി മാറിയെന്ന് സുധാകരൻ വിമർശിച്ചു. ഈ പശ്ചാത്തലത്തിൽ ലോകായുക്ത രാജിവയ്ക്കണമെന്നും അദ്ദേഹം പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
ലോകായുക്ത അംഗങ്ങൾ ഇത്തരമൊരു അബദ്ധജടിലമായ വിധി പ്രസ്താവിച്ചതിന്റെ ചേതോവികാരമാണ് ഇപ്പോൾ ജനങ്ങൾ ചർച്ചചെയ്യുന്നതെന്ന് സുധാകരൻ പറഞ്ഞു. മുഖ്യമന്ത്രിയുടെ തിട്ടൂരത്തിന് മുന്നിൽ ലോകായുക്ത മുട്ടുമടക്കിയതാണോ എന്ന് ജനങ്ങൾ പരിശോധിക്കുന്നു. നീതീന്യായ വ്യവസ്ഥയിലുള്ള ജനങ്ങളുടെ വിശ്വാസം ദിനംപ്രതി ഇടിഞ്ഞുവീഴുന്ന സാഹചര്യത്തിലാണ് രാജി ആവശ്യപ്പെടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ഫുൾ ബെഞ്ച് തീരുമാനമാക്കിയ വിഷയം രണ്ടംഗ ബെഞ്ച് മറ്റൊരു ഫുൾബെഞ്ചിനു വിട്ടത് ആരെ സംരക്ഷിക്കാനാണെന്ന് പകൽപോലെ വ്യക്തമാണെന്ന് അദ്ദേഹം പറഞ്ഞു. രണ്ടംഗ ബെഞ്ചിൽ ആരാണ് അനുകൂലമെന്നോ പ്രതികൂലമെന്നോ വ്യക്തമാക്കാതെ എന്തിനാണ് മറച്ചുവയ്ക്കുന്നതെന്നു ജനങ്ങൾ സംശയിക്കുകയാണ്. 2019 മുതൽ 2022 വരെ ഈ കേസിൽ അന്തിമവാദം കേട്ടശേഷം ഒരു വർഷത്തിലധികം അതിന്മേൽ അടയിരുന്നപ്പോൾ തന്നെ കാറ്റ് എങ്ങോട്ടാണു വീശുന്നതെന്നു വ്യക്തമായിരുന്നെന്ന് സുധാകരൻ ആരോപിച്ചു.
കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെയും രാജയെയും താരതമ്യം ചെയ്ത എം.വി ഗോവിന്ധന്റെ പരാമർശം ബാലിശമാണെന്നും സുധാകരൻ ചൂണ്ടിക്കാട്ടി. പ്രതികാര നടപടിയുടെ ഭാഗമായിട്ടുള്ള മാനനഷ്ടക്കേസിന്റെ പശ്ചാത്തലത്തിലാണ് രാഹുലിനെതിരായ കോടതി നിലപാട്. എന്നാൽ വ്യാജ ജാതി സർട്ടിഫിക്കറ്റ് ഹാജരാക്കി സംവരണതത്വങ്ങൾ അട്ടിമറിച്ച ക്രിമിനൽ കുറ്റത്തിനാണ് രാജയെ പുറത്താക്കിയത്. ഇവ രണ്ടും ഒരു പോലെയാണെന്ന് കണ്ടെത്തിയ എം.വി ഗോവിന്ദന്റെ തൊലിക്കട്ടി അപാരമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
സംഘപരിവാറിന്റെ ജനാധിപത്യവിരുദ്ധ നടപടികളെ എതിർത്ത പ്രസ്ഥാനമാണ് കോൺഗ്രസ്. രാജ്യത്തും കേരളത്തിലും അവരുടെ കുതിപ്പിന് തടയിട്ടത് കോൺഗ്രസാണ്. പ്രതിപക്ഷ ഐക്യത്തിന് തുരങ്കംവെച്ച് മൂന്നാം മുന്നണിവേണമെന്ന ആവശ്യം എം വിഗോവിന്ദന്റെ പാർട്ടി മുന്നോട്ടുവെക്കുന്നത് സംഘപരിവാർ ശക്തികളെ സഹായിക്കാനാണെന്നും സുധാകരൻ ആരോപിച്ചു.
കേരളത്തിൽ രാഹുൽ ഗാന്ധി മത്സരിക്കാനെത്തിയപ്പോൾ അന്ന് അതിനെ പിന്തുണയ്ക്കാതെ ഇപ്പോൾ രാഹുൽ പ്രേമം നടിച്ച് മുതലക്കണ്ണീർ പൊഴിക്കുകയാണ് സിപിഎമ്മെന്ന് സുധാകരൻ ചൂണ്ടിക്കാട്ടി. അന്ന് ബിജെപിയുടെ മുദ്രാവാക്യം ഏറ്റെടുത്ത് രാഹുലിനെ പരിഹസിച്ചവരാണ് അവർ. സംഘപരിവാറിനെതിരായി കോൺഗ്രസ് നടത്തിയ പോരാട്ടങ്ങൾക്ക് പിന്തുണ നൽകാൻ സിപിഎം കേരള ഘടകം തയ്യാറായിട്ടില്ല. കേരളത്തിലൊരു വ്യക്തി കാവിമുണ്ട് ഉടുത്തതുകൊണ്ടോ തിലകക്കുറി ഇട്ടതുകൊണ്ടോ അമ്പലത്തിൽ പോയതിനാലോ അയാൾ സംഘപരിവാറുകാരനാവില്ല. ഇവരെയെല്ലാം സംഘികളായി മുദ്രകുത്തി ബിജെപിക്ക് ഉത്തേജനം പകരുകയാണ് സിപിഎം സംസ്ഥാന സെക്രട്ടറി. അത് ശരിയാണോയെന്ന് എം വിഗോവിന്ദൻ ചിന്തിക്കണമെന്നും സുധാകരൻ കൂട്ടിച്ചേർത്തു.




