- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മൂക്കറ്റം കടത്തിൽ നട്ടം തിരിയുമ്പോഴും മുന്നും പിന്നുമില്ലാത്ത ധൂർത്ത്; ഭരണപരാജയം മറക്കാൻ 27 കോടിയുടെ മാമാങ്കം; സർക്കാരിനെതിരേ ജനരോഷം ആഞ്ഞടിക്കും; രൂക്ഷ വിമർശനവുമായി കെപിസിസി അധ്യക്ഷൻ
തിരുവനന്തപുരം: സംസ്ഥാന സർക്കാറിനെതിരെ രൂക്ഷ വിമർശനം ഉയർത്തി കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. മൂക്കറ്റം കടത്തിൽ നട്ടം തിരിയുമ്പോഴും മുന്നും പിന്നുമില്ലാത്ത ധൂർത്താണ് സർക്കാർ നടത്തുന്നതെന്നും കേരളീയം പരിപാടി അത്തരത്തിലൊന്നാണെന്നും സുധാകരൻ പറഞ്ഞു. സർക്കാരിന്റെ ഭരണപരാജയങ്ങൾ മറക്കാനാണ് ഇത്തരം മാമാങ്കങ്ങൾ നടത്തുന്നത്.
സംസ്ഥാനത്തിന്റെ ചരിത്രത്തിൽ ഇതാദ്യമായാണ് 27 കോടി രൂപ മുടക്കി കേരളപ്പിറവി ആഘോഷിക്കുന്നത്. സർക്കാരിനെതിരേ ജനരോഷം ആഞ്ഞടിക്കുകയും ലോക്സഭ തെരഞ്ഞെടുപ്പിൽ പൂജ്യം സീറ്റെന്ന അവസ്ഥയിലേക്ക് സിപിഎം മൂക്കുകുത്തി വീഴുകയും ചെയ്ത പശ്ചാത്തലത്തിലാണ് ഖജനാവിലെ പണം എടുത്ത് സർക്കാർ പ്രചാരണം നടത്തുന്നത്.
കേരളീയം, നവകേരള സദസ് തുടങ്ങിയവയുടെ സംഘാടക സമിതി രൂപീകരിക്കുന്നത് പോലും എൽ.ഡി.എഫ് മുന്നണിയുടെ നേതൃത്വത്തിലാണ്. സെമിനാർ, പബ്ലിസിറ്റി, ദീപാലങ്കാരം, ഭക്ഷണം, താമസം, സുരക്ഷ, ഗാതാഗതം, വിപണന-പുഷ്പ-ഭക്ഷ്യ-ചലച്ചിത്രമേളകൾ എന്നിവ ഇതിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്. സർക്കാരിന്റെ പ്രതിച്ഛായ നിർമ്മിതിയുടെ ഭാഗമായി പൊതുജനത്തിന്റെ പണം സിപിഎം നേതാക്കളുടെ കൈകളിലേക്ക് ഒഴുകുമെന്ന് വ്യക്തം.
ഇതുപോലെ പരാജയപ്പെട്ട ഒരു സർക്കാരിനെ കേരളം ഇന്നുവരെ കണ്ടിട്ടില്ല. പാവപ്പെട്ടവരുടെ സാമൂഹ്യ സുരക്ഷാ പെൻഷൻ, ഉച്ചഭക്ഷണം ഉൾപ്പെടെയുള്ള എല്ലാ ക്ഷേമപ്രവർത്തനങ്ങളും മുടങ്ങി. സർക്കാർ ജീവനക്കാരുടെ അനുകൂല്യങ്ങൾ തട്ടിയെടുത്ത സർക്കാർ സ്വജനപക്ഷപാതം മുഖമുദ്രയാക്കി പിൻവാതിൽ നിയമനം നടത്തി യുവാക്കളെ തുടരെ വഞ്ചിച്ചു.
കെ.എസ്.ആർ.ടി.സി ഉൾപ്പെടെയുള്ള പൊതുമേഖലാ സ്ഥാപനങ്ങൾക്ക് ഏതുനിമിഷവും താഴുവീഴാവുന്ന അവസ്ഥയാണ്. പൊതുമേഖലയുടെ തലപ്പത്തുള്ള സിപിഎം നേതാക്കൾക്ക് പഞ്ചനക്ഷത്ര ക്ലബുകളിൽ പണംവച്ചുള്ള ചൂതാട്ടമാണ് പ്രധാന വിനോദം. ഏഷ്യൻ ഗെയിംസിൽ മികച്ച പ്രവർത്തനം കാഴ്ചവച്ച അഭിമാന താരങ്ങൾ കേരളം വിട്ടോടിയിട്ടും തിരിഞ്ഞുനോക്കാൻ ആളില്ല. തലസ്ഥാന വാസികൾ വെള്ളത്തിൽ മുങ്ങിയിട്ട് ദിവസങ്ങൾ കഴിഞ്ഞു.
സിപിഎം കുടുംബക്ഷേമ പദ്ധതിയുടെ ഭാഗമാണ് കേരളീയം എന്ന പേരിൽ സംഘടിപ്പിക്കുന്നതെന്നും ഇതുകൊണ്ട് ജനത്തിനെന്താണ് നേട്ടമെന്ന് മുഖ്യമന്ത്രിയും മന്ത്രിമാരും വിശദീകരിക്കണമെന്നും സുധാകരൻ ആവശ്യപ്പെട്ടു.
മറുനാടന് മലയാളി ബ്യൂറോ