കണ്ണൂർ: മുഖ്യമന്ത്രിയുടെ മകൾ വീണ വിജയന്റെ മാസപ്പടി വിഷയത്തിൽ വിവാദം കത്തുമ്പോൾ കോൺഗ്രസ് എംഎൽഎ മാത്യു കുഴൽനാടന് പിന്നിൽ അടിയുറച്ച പിന്തുണയമായി കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. മാത്യുവിന് പൂർണ പിന്തുണ നൽകിയ കെപിസിസി അധ്യക്ഷൻ പിണറായി വിജയന്റെ ഉമ്മാക്കികൾക്ക് പുല്ലുവില പോലുംകോൺഗ്രസ് കൽപ്പിക്കില്ലെന്നും വ്യക്തമാക്കി.

എത്ര അന്വേഷണ ഏജൻസികളെ പുറകെ വിട്ടാലും, മാത്യുവിന്റെ സത്യസന്ധതയ്ക്ക് ഒരു പോറൽ പോലും ഏൽക്കില്ലെന്ന് സുധാകൻ ഫേസ്‌ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി. കോടിക്കണക്കിന് രൂപയാണ് മുഖ്യമന്ത്രിയുടെ മകൾ അനധികൃതമായി കൈപ്പറ്റിയതായി രേഖകൾ പുറത്തുവരുന്നത്. ആ പണം എങ്ങനെ സ്വന്തമായെന്നോ ,ആ പണത്തിന് നികുതി അടച്ചെന്നോ ബോധ്യപ്പെടുത്താൻ മുഖ്യമന്ത്രിയുടെ മകൾക്കോ മുഖ്യമന്ത്രിക്കോ മകളുടെ ഭർത്താവിനോ കഴിയാതെ പോകുന്നു. ഇതിനെപ്പറ്റിയുള്ള ചോദ്യങ്ങൾക്ക് മറുപടി കൊടുക്കാൻ പോലും കഴിയാതെ പാർട്ടിയുടെ സംസ്ഥാന സെക്രട്ടറി എഴുന്നേറ്റ് ഓടിയത് സിപിഎമ്മിന്റെ രാഷ്ട്രീയ ജീർണ്ണത വ്യക്തമാക്കുന്നവെന്നും സുധാരൻ ഫേസ്‌ബുക്കിൽ കുറിച്ചു.

'ചോരപ്പുഴകൾ നീന്തികേറി ' എന്നൊക്കെ കള്ളക്കഥകൾ പറഞ്ഞ് അണികളെ രോമാഞ്ചപ്പെടുത്തുന്ന മുഖ്യമന്ത്രി ഒരു യുവ എംഎൽഎയുടെ ചോദ്യങ്ങളെ ഭയന്ന് ക്ലിഫ്ഹൗസിന്റെ അട്ടത്ത് കേറി ഒളിച്ചിരിക്കുകയാണ്. ജീവിതത്തിൽ അല്പമെങ്കിലും സത്യസന്ധതയുണ്ടെങ്കിൽ ആരോപണങ്ങൾക്ക് മുഖ്യമന്ത്രി മറുപടി പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കെ സുധാകരന്റെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം ഇങ്ങനെ:

എത്ര അന്വേഷണ ഏജൻസികളെ പുറകെ വിട്ടാലും, മാത്യുവിന്റെ സത്യസന്ധതയ്ക്ക് ഒരു പോറൽ പോലും ഏൽക്കില്ല , കേട്ടോ പിണറായി വിജയാ ...കോടിക്കണക്കിന് രൂപയാണ് മുഖ്യമന്ത്രിയുടെ മകൾ അനധികൃതമായി കൈപ്പറ്റിയതായി രേഖകൾ പുറത്തുവരുന്നത്. ആ പണം എങ്ങനെ സ്വന്തമായെന്നോ ,ആ പണത്തിന് നികുതി അടച്ചെന്നോ ബോധ്യപ്പെടുത്താൻ മുഖ്യമന്ത്രിയുടെ മകൾക്കോ മുഖ്യമന്ത്രിക്കോ മകളുടെ ഭർത്താവിനോ കഴിയാതെ പോകുന്നു. ഇതിനെപ്പറ്റിയുള്ള ചോദ്യങ്ങൾക്ക് മറുപടി കൊടുക്കാൻ പോലും കഴിയാതെ പാർട്ടിയുടെ സംസ്ഥാന സെക്രട്ടറി എഴുന്നേറ്റ് ഓടിയത് സിപിഎമ്മിന്റെ രാഷ്ട്രീയ ജീർണ്ണത വ്യക്തമാക്കുന്നു.

മുഖ്യമന്ത്രി വിജയന്റെ മടിയിൽ കനമുണ്ട്. അതിന്റെ പേരിൽ മുഖ്യമന്ത്രിയും പാർട്ടിയും ഒന്നടങ്കം ഭയപ്പെടുകയാണ്. മാത്യു കുഴൽനാടൻ എണ്ണിയെണ്ണി ചോദിച്ച ചോദ്യങ്ങൾക്ക് തന്റേടം ഉണ്ടെങ്കിൽ സിപിഎം സംസ്ഥാന നേതൃത്വം ഉത്തരം പറയണം.

'ചോരപ്പുഴകൾ നീന്തികേറി ' എന്നൊക്കെ കള്ളക്കഥകൾ പറഞ്ഞ് അണികളെ രോമാഞ്ചപ്പെടുത്തുന്ന മുഖ്യമന്ത്രി ഒരു യുവ എംഎൽഎയുടെ ചോദ്യങ്ങളെ ഭയന്ന് ക്ലിഫ്ഹൗസിന്റെ അട്ടത്ത് കേറി ഒളിച്ചിരിക്കുകയാണ്. ജീവിതത്തിൽ അല്പമെങ്കിലും സത്യസന്ധതയുണ്ടെങ്കിൽ ആരോപണങ്ങൾക്ക് ഉത്തരം പറയണം പിണറായി വിജയൻ.

കൈയിലുള്ള അന്വേഷണ ഏജൻസികളെ വിട്ട് ഭയപ്പെടുത്തിയാൽ നെഞ്ചുവേദന അഭിനയിച്ച് ബോധംകെട്ട് വീഴുന്ന രാഷ്ട്രീയക്കാരെ ആയിരിക്കും സിപിഎം നേതാക്കൾ കണ്ടിട്ടുണ്ടാകുക. ഇത് ഇന്ത്യൻ നാഷണൽ കോൺഗ്രസ് ആണ്. പിണറായി വിജയന്റെ ഉമ്മാക്കികൾക്ക് പുല്ലുവില പോലും കൽപ്പിക്കാത്ത ഇന്ത്യൻ നാഷണൽ കോൺഗ്രസ് .

നേരത്തെ മാധ്യമങ്ങളെ കണ്ടപ്പോഴും ആരോപണങ്ങളിൽ മുഖ്യമന്ത്രി പ്രതികരിക്കാത്തതിനെ രൂക്ഷമായി വിമർശിച്ച് കെ പി സി സി പ്രസിഡന്റ് കെ സുധാകരൻ രംഗത്തുവന്ു. ആരോപണങ്ങൾ ഉയർന്നിട്ടും വാ തുറക്കാത്ത മുഖ്യമന്ത്രിക്കാണോ, ആരോപണം ഉയർന്നപ്പോൾ ഏതു രേഖകൾ വേണമെങ്കിലും പരിശോധിക്കാമെന്ന് വെല്ലുവിളിച്ച മാത്യു കുഴൽനാടനാണോ ആണത്തമുള്ളതെന്ന് സുധാകരൻ ചോദിച്ചു. മുഖ്യമന്ത്രിയുടെ രീതിയല്ല, മാത്യു കുഴൽനാടന്റേത്. ഉന്നയിക്കപ്പെട്ട ആരോപണങ്ങളുമായി ബന്ധപ്പെട്ട് അവരുടെ ഏതു നേതാക്കൾക്കും വന്നു രേഖ പരിശോധിക്കാമെന്നു പറഞ്ഞ മനുഷ്യനാണ് അദ്ദേഹം. പിണറായി വിജയന്റെ മകൾക്കെതിരായ ആരോപണത്തിൽ അതേ രീതിയിൽ വെല്ലുവിളിക്കാനുള്ള തന്റേടം സി പി എമ്മിനുണ്ടോയെന്നും സുധാകരൻ ചോദിച്ചു.

'മാത്യു കുഴൽനാടനും കോൺഗ്രസും ആ നട്ടെല്ല് കാണിച്ചിരിക്കുന്നു. നിങ്ങൾക്ക് ഏതു രേഖ വേണം? തോമസ് ഐസക്ക് വന്നു പരിശോധിക്കട്ടെ എന്ന് അദ്ദേഹം പറഞ്ഞില്ലേ? കൊള്ളാവുന്നൊരു സി പി എം നേതാവല്ലേ അദ്ദേഹം? എന്നിട്ടും എന്താണു പോകാത്തത്? എന്താണ് ആ വെല്ലുവിളി സി പി എം ഏറ്റെടുക്കാത്തത്? അഴിമതി ആരോപണം ഉയർന്നപ്പോൾ ഇത്ര നട്ടെല്ലോടെ പ്രതികരിച്ച മറ്റൊരു പൊതുപ്രവർത്തകനുണ്ടോ? അദ്ദേഹത്തിന് യാതൊരു ഭയപ്പാടുമില്ല. ഞങ്ങളൊക്കെ വിളിച്ചു ചോദിക്കുന്നുണ്ട്. പക്ഷേ, ഒരു പരാതിയെക്കുറിച്ചും അദ്ദേഹത്തിന് ഭയപ്പാടില്ല. അദ്ദേഹത്തിന്റെ കൈവശം എല്ലാ രേഖകളുമുണ്ട്. അത് ആർക്കും കൊടുക്കും. ആർക്കും പരിശോധിക്കാം. ഇതെല്ലാം പറയുന്നതിന് അപ്പുറം വേറെ എന്തു വേണം'- സുധാകരൻ ചോദിച്ചു.

'മുഖ്യമന്ത്രിക്കെതിരെ എത്ര ആരോപണങ്ങൾ ഉയർന്നു. സിപിഎമ്മും കേന്ദ്ര ഏജൻസിയും തമ്മിൽ ധാരണയില്ലെങ്കിൽ പിണറായി വിജയൻ ഇങ്ങനെ ഇറങ്ങി നടക്കുമോ? എന്നേ കൽത്തുറുങ്കിൽ പോകില്ലേ? അദ്ദേഹത്തിന് എല്ലാവിധ ആനുകൂല്യവും നൽകുന്നത് ബിജെപിയല്ലേ? എന്താണ് ലാവ്ലിൻ കേസ് ഇപ്പോഴും എടുക്കാത്തത്? ആ കേസ് 33 തവണയല്ലേ മാറ്റിവച്ചത്? അത് കേസെടുത്താൽ പിണറായി വിജയൻ അകത്താണ്. സാമ്പത്തികമായ എത്രയോ കുറ്റകൃത്യങ്ങൾ അദ്ദേഹത്തിന് എതിരെ വന്നിട്ടുണ്ട്. അദ്ദേഹത്തിന്റെ സെക്രട്ടറി ജയിലിൽ കിടക്കുകയാണ്. സെക്രട്ടറി ജയിലിൽ കിടക്കുമ്പോൾ മന്ത്രിയും ജയിലിൽ കിടക്കേണ്ടേ? ശിവശങ്കർ മുഖ്യമന്ത്രിയുടെ അനുവാദത്തോടെ ചെയ്ത കാര്യങ്ങൾക്കല്ലേ ജയിലിൽ കിടക്കുന്നത്? അപ്പോൾ മുഖ്യമന്ത്രിയും ജയിലിൽ കിടക്കേണ്ടേ? തന്റെ പ്രവൃത്തികളുടെ പേരിൽ സെക്രട്ടറി ജയിലിൽ, അതിന് ഉത്തരവു കൊടുത്ത മുഖ്യമന്ത്രിക്ക് യാതൊരു പ്രശ്‌നവുമില്ല. മുഖ്യമന്ത്രിക്കെതിരെ കേസില്ല.

കേസുണ്ടാകില്ല. കാരണം അവർ ബിജെപിയുമായി ധാരണയിലാണ്. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രന്റെ കള്ളപ്പണം പിടിച്ചില്ലേ? ആ കേസിൽ വിജിലൻസ് കേസു പോലുമില്ലല്ലോ. പിണറായി വിജയന്റെ പൊലീസും അന്വേഷിച്ചില്ലല്ലോ. സിപിഎമ്മിന്റെ അഴിമതിക്ക് ബിജെപിക്കാർ കാവലിരിക്കുന്നു. ബിജെപിക്കാർ അഴിമതി നടത്തുമ്പോൾ സിപിഎമ്മുകാരും കാവലിരിക്കുന്നു. കോൺഗ്രസ് മുക്ത ഭാരതമാണ് ബിജെപിയുടെ ലക്ഷ്യം. അതിന് കേരളത്തിൽ അവർ സിപിഎമ്മിനെ പിന്തുണയ്ക്കുന്നു. പാർട്ടി പ്രവർത്തന ഫണ്ടിലേക്ക് എല്ലാവരും കാശു വാങ്ങുന്നുണ്ട്. കാശു വാങ്ങാതെ ഏതെങ്കിലും രാഷ്ട്രീയ പ്രസ്ഥാനത്തിന് പ്രവർത്തിക്കാനാകുമോ?' - സുധാകരൻ ചോദിച്ചു.