- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
'ഐ പി ബിനുവിന്റെ പേരാണ് ദൃക്സാക്ഷി പറഞ്ഞത്; ഇത് വെള്ളരിക്കാപ്പട്ടണം അല്ല; ജനം വിഡ്ഢികളാണെന്ന് കരുതരുത്'; എകെജി സെന്റർ ആക്രമണ കേസിൽ കെ. സുധാകരൻ
തിരുവനന്തപുരം: കട്ടവനെ കിട്ടിയില്ലെങ്കിൽ കിട്ടിയവനെ കള്ളനാക്കുന്ന നയമാണ് എകെജി സെന്റർ ആക്രമിക്കപ്പെട്ട വിഷയത്തിൽ സിപിഎമ്മിനുള്ളതെന്ന് കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ. എകെജി സെന്റർ ആക്രമിക്കപ്പെട്ട് രണ്ട് മാസം കഴിഞ്ഞിട്ടും ഇതുവരെ പ്രതികളുടെ പേര് പറയാൻ പോലും സിപിഎമ്മിന് കഴിഞ്ഞിട്ടില്ല. ഇവിടത്തെ ജനങ്ങൾ വിഡ്ഡികളാണെന്നാണോ സിപിഎം കരുതുന്നതെന്നും കെ.സുധാകരൻ ചോദിച്ചു.
എകെജി സെന്റർ ആക്രമണത്തിൽ അന്വേഷണം യൂത്ത് കോൺഗ്രസ് നേതാക്കളെ കേന്ദ്രീകരിച്ച് പുരോഗമിക്കവെയാണ് രൂക്ഷവിമർശനവുമായി കെ സുധാകരൻ രംഗത്തെത്തിയത്. ഇത്ര മാസം അന്വേഷിച്ചിട്ടും ഇപ്പോഴണ് ഇവർക്ക് പ്രതികളെ മനസിലായത്. ജനങ്ങൾ വിഡ്ഢികൾ ആണെന്ന് കരുതരുതെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു. മുൻ കൗൺസിലർ ഐ പി ബിനുവിന്റെ പേരാണ് അന്ന് ദൃക്സാക്ഷി പറഞ്ഞത്. ഇത് വെള്ളരിക്ക പട്ടണം അല്ല. ഇങ്ങനെ പൊലീസിനേ കൊണ്ട് പോയാൽ പ്രത്യാഘാതം ഗുരുതരം ആയിരിക്കുമെന്നും സുധാകരൻ പറഞ്ഞു. രാഷ്ട്രീയമായി നേരിടും. ഞങ്ങൾ വെറുതെ ഇരിക്കില്ല. എല്ലാം കെട്ടുകഥ. ഈ ശൈലി സിപിഎം അവസാനിപ്പിക്കണമെന്നും സുധാകരൻ വ്യക്തമാക്കി.
ചിലപ്പോ നിയമം ലംഘിക്കേണ്ടി വരും. അതിനുള്ള സാഹചര്യം ഉണ്ടാക്കരുത്. കോൺഗ്രസ് പ്രവർത്തകരെ കുടുക്കാൻ ശ്രമിച്ചാൽ ചെറുക്കുമെന്നും സുധാകരൻ വ്യക്തമാക്കി. സിപിഎമ്മിന് ഞങ്ങളെ വിമർശിക്കാൻ എന്ത് യോഗ്യത നന്നാവാൻ അവർ ആദ്യം ലേഹ്യവും കഷായവും കഴിക്കട്ടെയെന്നും എംവി ഗോവിന്ദന്റെ വിമർശനത്തിന് മറുപടിയായി സുധാകരൻ പറഞ്ഞു.
എ.കെ.ജി സെന്ററിന് നേരെ പടക്കമെറിഞ്ഞ കേസിലെ അന്വേഷണം യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കേന്ദ്രീകരിച്ചെന്ന് ക്രൈംബ്രാഞ്ച് വ്യക്തമാക്കിയിരുന്നു. വിവിധ മേഖലകളിൽ നടത്തിയ അന്വേഷണങ്ങൾക്കൊടുവിൽ കഴക്കൂട്ടം - മേനംകുളം കേന്ദ്രീകരിച്ചുള്ള സംഘമാണ് പിന്നിലെന്ന നിഗമനമാണ് ക്രൈംബ്രാഞ്ചുള്ളത്. സംശയിക്കുന്ന ചിലരുടെ മൊഴികളിൽ ദുരുഹതയുണ്ടെന്നും അന്വേഷണ സംഘം വിശദീകരിക്കുന്നു. സൂചനകൾ ലഭിച്ചിട്ടുണ്ടെന്നും ഇനിയും തെളിവുകൾ ശേഖരിക്കാനുണ്ടെന്നും ക്രൈം ബ്രാഞ്ച് അറിയിച്ചു.
എകെജി സെന്റർ ആക്രമണം നടന്ന് മാസങ്ങൾ പിന്നിട്ടെങ്കിലും ഇതുവരെയും പ്രതികളിലേക്ക് എത്താൻ അന്വേഷണ സംഘത്തിന് കഴിഞ്ഞിട്ടില്ല. ആദ്യം ബോംബ് സ്ഫോടനമെന്നായിരുന്നു പ്രചാരണമെങ്കിലും പിന്നീട് പരിശോധനകളിൽ പടക്കമാണ് എറിഞ്ഞതെന്ന് സ്ഥിരീകരിച്ചു. നൂറുകണക്കിന് ഫോൺകോളുകൾ പരിശോധിച്ചു. മൊബൈൽ കോൾ ടവർ ലൊക്കേഷനുകൾ കേന്ദ്രീകരിച്ചും സിസിടിവി കേന്ദ്രീകരിച്ചും അന്വേഷണം നടത്തിയിട്ടും പ്രതിയെ പിടിക്കാനായില്ല. ഇത് പൊലീസിനും ആഭ്യന്തര വകുപ്പിനും വലിയ നാണക്കേടുണ്ടാക്കി. ഇതിനിടെ പ്രതിയെന്ന് സംശയിക്കുന്നവരുടെ സിപിഎം ബന്ധമാണ് അന്വേഷണം ഇഴഞ്ഞുനീങ്ങാൻ കാരണമെന്ന് ആക്ഷേപവും ഉയർന്നു. ഇത് പ്രതിപക്ഷവും ചർച്ചയാക്കി. തുടർന്ന് അന്വേഷണം ക്രൈംബ്രാഞ്ചിലേക്ക് എത്തി