- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ചെന്നിത്തലയ്ക്ക് പൂർണമായും അർഹതപ്പെട്ട സ്ഥാനം കിട്ടിയില്ല; ശശി തരൂർ പരിഗണിക്കേണ്ട ആൾ തന്നെയാണ്, അതിൽ പരാതിയില്ല; പ്രവർത്തക സമിതി അംഗങ്ങളുടെ പ്രഖ്യാപനത്തിൽ പ്രതികരിച്ചു കെ സുധാകരൻ; പുതുപ്പള്ളി തെരഞ്ഞെടുപ്പാണ് പ്രധാന അജണ്ട; മറ്റ് കാര്യങ്ങൾ ആറാം തീയതി കഴിഞ്ഞ് പറയാമെന്ന് ചെന്നിത്തലയും; തഴഞ്ഞെന്ന വികാരത്തിൽ നേതാവ് പരിഭവത്തിൽ തന്നെ
തിരുവനന്തപുരം: കോൺഗ്രസ് പ്രവർത്തക സമിതിയിൽ തഴയപ്പെട്ടതിൽ കടുത്ത വിഷമത്തിലാണ് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സ്ഥിരം അംഗത്വം ലഭിക്കാത്തതിൽ കടുത്ത അമർഷത്തിലാണ് അദ്ദേഹം. കേരളത്തിൽ കൂടുതൽ നേതാക്കൾക്ക് ഈ അഭിപ്രായം ഉണ്ട് താനും. ഈ അഭിപ്രായം തുറന്നു പറഞ്ഞ് രംഗത്തുവന്നത് കെപിസിസി അധ്യക്ഷൻ കെ സുധാകരനാണ്.
കോൺഗ്രസ് പ്രവർത്തക സമിതിയിൽ രമേശ് ചെന്നിത്തലയ്ക്ക് അർഹതപ്പെട്ട സ്ഥാനം കിട്ടിയില്ലെന്ന് കെ. സുധാകരൻ പറഞ്ഞു. പൂർണമായും അർഹതപ്പെട്ട സ്ഥാനം കിട്ടി എന്ന് പറയില്ല. ശശി തരൂർ പരിഗണിക്കേണ്ട ആൾ തന്നെയാണ്. അതിൽ പരാതിയില്ല. താൻ നിർദേശിച്ച പേരുകൾ പട്ടികയിലുണ്ടെന്നും കെ. സുധാകരൻ പറഞ്ഞു. കോൺഗ്രസ് പ്രവർത്തക സമിതി പട്ടികയിൽ രമേശ് ചെന്നിത്തലയ്ക്ക് അതൃപ്തിയില്ല. അദ്ദേഹം ഇപ്പോൾ തൃപ്തനാണ്. കൂടുതൽ സ്ഥാനങ്ങൾ ലഭിക്കാൻ സാധ്യതയുണ്ടെന്നും കെ. സുധാകരൻ കൂട്ടിച്ചേർത്തു.
അതേസമയം പുതുപ്പള്ളി തിരഞ്ഞെടുപ്പാണ് തന്റെ മുൻപിൽ ഇപ്പോഴുള്ള മുഖ്യ അജണ്ട എന്നായിരുന്നു രമേശ് ചെന്നിത്തലയുടെ പ്രതികരണം. മറ്റൊരു വിഷയവും തന്റെ മുൻപിൽ ഇല്ലെന്നും ചെന്നിത്തല പ്രതികരിച്ചു. മറ്റുകാര്യങ്ങൾ സംബന്ധിച്ച് ആറാം തീയതിക്കു ശേഷം പ്രതികരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
നേരത്തെ, കോൺഗ്രസ് പ്രവർത്തക സമിതിയിൽ അംഗമാക്കത്തതിൽ രമേശ് ചെന്നിത്തല അതൃപ്തനാണെന്ന വാർത്തകൾ പുറത്തുവന്നിരുന്നു.അതേസമയം, പ്രവർത്തകസമിതിയിൽ ഉൾപ്പെടുത്താത്തതിൽ തനിക്ക് പരാതിയില്ലെന്ന വി ഡി സതീശന്റെ പരാമർശത്തോടും പ്രതികരിക്കാൻ ചെന്നിത്തല തയ്യാറായില്ല. ഇന്നലെയാണ് കോൺഗ്രസിലെ ഏറ്റവും ഉയർന്ന സംഘടനാവേദിയായ പ്രവർത്തകസമിതിയിലേക്കുള്ള അംഗങ്ങളുടെ പട്ടിക പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പ്രഖ്യാപിച്ചത്. ശശി തരൂരിനെ പ്രവർത്തകസമിതിയിൽ ഉൾപ്പെടുത്തിയപ്പോൾ ചെന്നിത്തലയെ പ്രത്യേക ക്ഷണിതാവാക്കുകയാണ് ചെയ്തത്. 39 അംഗ സമിതിയിൽ കേരളത്തിൽ നിന്ന് എ കെ ആന്റണി, കെ സി വേണുഗോപാൽ, ശശി തരൂർ എന്നിവർ ഉൾപ്പെട്ടു.
32 അംഗ സ്ഥിരം ക്ഷണിതാക്കളുടെ പട്ടികയിലാണ് രമേശ് ചെന്നിത്തലയെ ഉൾപ്പെടുത്തിയത്. പ്രവർത്തക സമിതിയിൽ നിന്ന് ക്ഷണിതാവായി തരംതാഴ്ത്തിയതാണ് രമേശ് ചെന്നിത്തലയെ ചൊടിപ്പിച്ചത്. ശശി തരൂരിനെ പ്രവർത്തകസമിതിയംഗമായി ഉയർത്തിയത് ചെന്നിത്തലയ്ക്ക് ഇരട്ടപ്രഹരമായി. ഇതു സംബന്ധിച്ച് പ്രതികരണമാരാഞ്ഞ മാധ്യമപ്രവർത്തകരോട് ഒന്നും പറയാനില്ലെന്നായിരുന്നു ചെന്നിത്തലയുടെ പ്രതികരണം.
19 വർഷം മുമ്പുള്ള പദവി തന്നെയാണ് ഇപ്പോഴും ലഭിച്ചിരിക്കുന്നതെന്നാണ് ചെന്നിത്തലയുമായി അടുത്ത വൃത്തങ്ങൾ പറയുന്നത്. 2004-ൽ ചെന്നിത്തല പ്രവർത്തക സമിതിയിലുണ്ടായിരുന്നു ചെന്നിത്തല. ഇത്തവണ പ്രവർത്തക സമിതിയിൽ ഉൾപ്പെടുമെന്ന് ചെന്നിത്തല പ്രതീക്ഷിച്ചിരുന്നു. കേരളത്തിൽ നിന്ന് മുൻപത്തെ പ്രവർത്തകസമിതിയിൽ ഉണ്ടായിരുന്നത് ഉമ്മൻ ചാണ്ടി, കെ.സി. വേണുഗോപാൽ, എ.കെ. ആന്റണി എന്നിവരായിരുന്നു. ഇതിൽ ഉമ്മൻ ചാണ്ടിക്ക് പകരം ശശി തരൂരാണ് സമിതിയിലെത്തിയത്. പ്രായാധിക്യംമൂലം സജീവ രാഷ്ട്രീയത്തിൽ നിന്ന് അകന്നുനിൽക്കുന്ന എ.കെ.ആന്റണിയെ നിലനിർത്തിയിട്ടുണ്ട് എന്നതാണ് ശ്രദ്ധേയം.
മറുനാടന് മലയാളി ബ്യൂറോ