തിരുവനന്തപുരം: കേരളത്തെ സംബന്ധിച്ചിടത്തോളം ഗൗരവമായ വിഷയങ്ങള്‍ ഉണ്ടായിട്ടും അതൊന്നും ചര്‍ച്ച ചെയ്യാതെ എഡിജിപി- ആര്‍.എസ്.എസ് കൂടിക്കാഴ്ച്ചയാണ് നിയമസഭയില്‍ ചര്‍ച്ച ചെയ്യുന്നതെന്ന് ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. നിയമസഭയില്‍ നടക്കുന്ന അടിയന്തര പ്രമേയ ചര്‍ച്ചകള്‍ ഒത്തുകളിയാണ്. ആര്‍.എസ്.എസ്. രാജ്യത്തെ നിരോധിത സംഘടനയല്ല. പ്രധാനമന്ത്രിയും കേന്ദ്രമന്ത്രിമാരും ഗവര്‍ണര്‍മാരും ജനപ്രതിനിധികളുമടക്കം നൂറുകണക്കിനാളുകള്‍ ആര്‍.എസ്.എസ്. പ്രവര്‍ത്തകരാണ്. അങ്ങനെയൊരു സംഘടനയുടെ നേതാവിനെ കാണുന്നത് എങ്ങനെ വലിയ കുറ്റമാകും. അതൊന്നുമല്ല നിയമസഭയില്‍ ചര്‍ച്ചയാകേണ്ടതെന്നും സുരേന്ദ്രന്‍ പറഞ്ഞു.

മുഖ്യമന്ത്രിയുടെ ഓഫീസിലെ സ്വര്‍ണക്കടത്ത് ബന്ധം എന്ത് കൊണ്ട് ചര്‍ച്ചയാകുന്നില്ല. എഡിജിപിയും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയും സ്വര്‍ണക്കള്ളക്കടത്തുകാരെ സഹായിക്കുന്നു എന്നാണ് അന്‍വര്‍ ആരോപിച്ചത്. അതല്ലെ ചര്‍ച്ചയാകേണ്ടത്. ഫോണ്‍ ചേര്‍ത്തല്‍ പോലെ രാജ്യസുരക്ഷയെ ബാധിക്കുന്ന ഗുരുതരമായ വിഷയമാണ് കേരളത്തില്‍ ഉണ്ടായത്. അതിലൊന്നും നിയമസഭയില്‍ ചര്‍ച്ച നടക്കുന്നില്ല. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ നടത്തുന്നത് നിഴല്‍യുദ്ധമാണെന്നും അദ്ദേഹം ആരോപിച്ചു. സതീശന്‍ ഉള്‍പ്പെട്ട പുനര്‍ജനി തട്ടിപ്പ് കേസ് ഒതുക്കാന്‍ വേണ്ടിയാണ് ഒത്തുകളി. സതീശന്‍ വെറും നിരപരാധി ആണെന്ന് കരുതരുത്. സ്വര്‍ണക്കടത്തില്‍ പ്രതിപക്ഷത്തുള്ള നേതാക്കള്‍ക്കും പങ്കുണ്ട്. കോണ്‍ഗ്രസ് നിരുപധികം സി.പി.എമ്മിന് മുന്നില്‍ കീഴടങ്ങിയെന്നും സുരേന്ദ്രന്‍ ആരോപിച്ചു.

ശബരിമല തീര്‍ത്ഥാടനം ആട്ടിമറിക്കാന്‍ ശ്രമം നടക്കുന്നുവെന്നും സുരേന്ദ്രന്‍ ആരോപിച്ചു. വെര്‍ച്വല്‍ ക്യൂ വഴി ബുക്ക് ചെയ്ത് മാത്രം ഭക്തരെ ശബരിമലയിലേക്ക് പ്രവേശിപ്പിക്കുവെന്ന തീരുമാനത്തിനെതിരെയാണ് സുരേന്ദ്രന്‍ രംഗത്ത് വന്നത്. വിഷയത്തില്‍ വിവിധ ഭക്തജന സംഘടനകളില്‍ നിന്ന് പ്രതിഷേധം ഉയര്‍ന്നിട്ടും തീരുമാനം മാറ്റാന്‍ സര്‍ക്കാര്‍ തയ്യാറായില്ല. ഓണ്‍ലൈന്‍ ബുക്കിങ്ങിനെ എതിര്‍ക്കുന്നില്ല. പക്ഷെ കഴിഞ്ഞ തവണ പോലെ സ്‌പോട് ബുക്കിങ് ഏര്‍പ്പെടുത്താന്‍ എന്താണ് മടിയെന്ന് അദ്ദേഹം ചോദിച്ചു. ഇതിന് എന്താണ് തടസം? എന്തിനാണ് സര്‍ക്കാര്‍ മര്‍ക്കടമുഷ്ടി കാണിക്കുന്നത്? കേരളത്തിലെ ഏറ്റവും വലിയ തീര്‍ത്ഥാടനം ആണ് ശബരിമലയിലേത്. എന്ത് മുന്നൊരുക്കമാണ് തീര്‍ത്ഥടനകാലത്തിനു മുമ്പേ ചെയ്തത്. ഇതുവരെ ഒന്നും പൂര്‍ത്തിയാക്കിയിട്ടില്ല.

ശബരിമല തീര്‍ത്ഥാടനം അലങ്കോലമാക്കാന്‍ ശ്രമിക്കുന്നു. ശബരിമലയെ തകര്‍ക്കാനുള്ള കമ്യൂണിസ്റ്റ് സര്‍ക്കാരിന്റെ മുന്‍ നീക്കങ്ങള്‍ പരാജയപ്പെട്ടതാണ്. ആളുകളെ നിയന്ത്രിക്കാനാണ് സ്‌പോട്ട് ബുക്കിങ് നിര്‍ത്തിയതെന്നാണ് പറയുന്നത്. ഒരുലക്ഷത്തില്‍ അധികം ആളുകള്‍ നേരത്തെ ദര്‍ശനം നടത്തിയിട്ടുണ്ട്. മിടുക്കന്മാരായ കമാന്‍ഡോമാരെ നിര്‍ത്തിയാല്‍ തിരക്ക് നിയന്ത്രിക്കാവുന്നതേയുള്ള. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് തികഞ്ഞ പരാജയമാണെന്നും അദ്ദേഹം പറഞ്ഞു.

നിലയ്ക്കലില്‍ ആളെ ഇറക്കി കെ.എസ്.ആര്‍.ടി.സിയില്‍ ഭക്തരെ ചൂഷണം ചെയ്യുന്ന കാര്യത്തില്‍ മാത്രമാണ് തീരുമാനം ഉണ്ടായത്. കഴിഞ്ഞ തവണ തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ പാളിയപ്പോള്‍ സര്‍ക്കാര്‍ പറഞ്ഞത് ഇത്തവണ നേരത്തെ മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയാക്കുമെന്നായിരുന്നു. റോഡകള്‍, ശൗചാലയങ്ങള്‍, കാനനപാതയില്‍, ഇടത്താവളങ്ങള്‍ അങ്ങനെ നിരവധി കാര്യങ്ങളില്‍ തീരുമാനങ്ങളുണ്ടായില്ല. ഇത്തവണയും ഭക്തരെ കൊള്ളയടിക്കാനാണ് നീക്കം. തീര്‍ഥാടനകാലം അലങ്കോലമാരുമെന്നാണ് ഭക്തര്‍ക്ക് ആശങ്ക. അതിനാല്‍ സ്‌പോട് ബുക്കിങ് ആരംഭിക്കണം ഇല്ലെങ്കില്‍ ബിജെപി ഭക്തര്‍ക്ക് വേണ്ടി സമരത്തിനിറങ്ങുമെന്നും സുരേന്ദ്രന്‍ പറഞ്ഞു.

മഞ്ചേശ്വരം കോഴക്കേസില്‍ തന്നെ കോടതി കുറ്റവിമുക്തനാക്കിയത് നിയമയുദ്ധത്തിലൂടെയാണ്. അല്ലാതെ പിണറായിയുമായി ഒത്തുകളിച്ചിട്ട് അല്ല. കോടതി എന്തുകൊണ്ടാണ് കേസ് റദ്ദാക്കിയതെന്ന് വിധിന്യായം വായിച്ചാല്‍ വ്യക്തമായി മനസിലാകും. ബി.എസ്.പി സ്ഥാനാര്‍ഥി സുന്ദരയെ ഭീഷണിപ്പെടുത്തി നാമനിര്‍ദ്ദേശപത്രിക പിന്‍വലിപ്പിച്ചുവെന്നാണ് എനിക്കെതിരേ ഉന്നയിച്ച കുറ്റത്തിലൊന്ന്. എന്നാല്‍ സുന്ദര സ്വമേധയാ പത്രിക പിന്‍വലിച്ചുവെന്നാണ് കോടതി കണ്ടെത്തിയത്. എനിക്കെതിരേ ചുമത്തിയ എസ്.സി-എസ്.ടി അട്രോസിറ്റി ആക്ട് പ്രകാരമുള്ള കുറ്റങ്ങളും നിലനില്‍ക്കില്ല എന്നാണ് കോടതി പറഞ്ഞിരിക്കുന്നത്. ഇതിന് പുറമെയാണ് കുറ്റപത്രം പോലീസ് വൈകിപ്പിച്ചത്. അതില്‍ കുറ്റപത്രം വൈകിപ്പിച്ചത് മാത്രം ഉന്നയിച്ചാണ് ഒത്തുകളി ആരോപണം ഉയര്‍ത്തുന്നത്.

വിധിന്യായം വായിച്ച് നോക്കിയാല്‍ കാര്യങ്ങളെല്ലാം വ്യക്തമാകുമെന്നും സുരേന്ദ്രന്‍ പറഞ്ഞു. ബി.ജെ.പിയല്ല സി.പി.എമ്മുമായി ഒത്തുകളിക്കുന്നത്. 300 കേസുകള്‍ എനിക്കെതിരേ ഉണ്ട്. വി.ഡി സതീശനെതിരേ എത്ര കേസുണ്ട് ? ഈ സര്‍ക്കാര്‍ കൊലപാതകവും ബലാത്സംഗവും ഒഴികെ എല്ലാ കേസുകളും എനിക്കെതിരേ എടുത്തിട്ടുണ്ട്. ഞാന്‍ കുറ്റം ചെയ്തിട്ടില്ല എന്നുള്ള ഉത്തമബോധ്യം ഉള്ളത് കൊണ്ട് എല്ലാ കേസും നിയമവഴിയില്‍ നേരിടും. ലാവ്‌ലിന്‍ കേസില്‍ ഒത്തുകളി ആരോപിക്കുന്നുണ്ട്. കേസ് വിചാരണ കൂടാതെ തള്ളിയത് കോണ്‍ഗ്രസിന്റെ കാലത്താണ്. ഞങ്ങളുടെ സര്‍ക്കാര്‍ വന്നതിന് ശേഷമാണ് അപ്പീല്‍ പോയത്. അതുകൊണ്ട് കേസ് ഇപ്പോഴും നിലനില്‍ക്കുന്നു. കോണ്‍ഗ്രസ് നീരുപാധികം സി.പി.എമ്മിന് മുന്നില്‍ മുട്ടുമടക്കി. ആ പാപക്കറയിലും രക്തത്തിലും ബിജെപിക്ക് പങ്കില്ല. ആയിരം തവണ ഗംഗയില്‍ കുളിച്ചാലും പതിനായിരം അടിയന്തര പ്രമേയം അവതരിപ്പിച്ചാലും കോണ്‍ഗ്രസിന് മേലുള്ള പാപക്കറ തീരുമോയെന്നും സുരേന്ദ്രന്‍ ചോദിച്ചു.