- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കുഞ്ഞുമാളികപ്പുറം കുഴഞ്ഞു വീണ് മരിച്ചത് കുടിവെള്ളം കിട്ടാതെ; ശബരിമലയിൽ ആളുകൾ രക്ഷപ്പെടുന്നത് അയ്യപ്പന്റെ കൃപ കൊണ്ട്; പൊലീസും ദേവസ്വം ബോർഡും തമ്മിലുള്ള ശീതസമരം അവസാനിപ്പിക്കണം; ദേവസ്വം മന്ത്രി സന്നിധാനത്ത് ക്യാമ്പ് ചെയ്യണമെന്നും കെ. സുരേന്ദ്രൻ
പത്തനംതിട്ട: ശബരിമലയിൽ ആളുകൾ രക്ഷപ്പെടുന്നത് അയ്യപ്പന്റെ കൃപ കൊണ്ട് മാത്രമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. മാധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. പത്തു വയസിൽ താഴെയുള്ള ഒരു ബാലിക കഴിഞ്ഞ ദിവസം കുഴഞ്ഞു വീണു മരിച്ചു. ക്യൂ നിന്നും കുടിവെള്ളം കിട്ടാതെയുമുള്ള മരണം നേരത്തേയുള്ള അസുഖം മൂലമാണെന്ന് വരുത്തി തീർക്കുകയാണ്. എന്തിനാണ് നമ്മൾ അങ്ങനെ ചെയ്യുന്നത്. ആളുകൾ രക്ഷപ്പെടുന്നത് അയ്യപ്പന്റെ കൃപ കൊണ്ടാണ്. പലരും ദർശനം കിട്ടാതെ മടങ്ങുന്നുവെന്ന് അറിയിച്ചു കൊണ്ട് വിളി വരുന്നുണ്ട്. എത്ര മണിക്കൂർ നിൽക്കണമെന്ന് അവർക്ക് അറിയില്ല. ക്യൂ നിൽക്കുന്നവർക്ക് മുകളിലേക്കാണ് മറ്റുള്ളവർ വന്ന് നിൽക്കുന്നത്. നേരത്തേ ഒരു ലക്ഷം പേരെ വരെ ദർശനത്തിന് കടത്തി വിട്ടിരുന്നു. ഇന്നിപ്പോൾ അത് അരലക്ഷത്തിൽ താഴെയാണ്. മിനുട്ടിൽ 95-100 പേരെ വരെ സുഗമമായിട്ട് പടി കടത്തി വിട്ടിരുന്നു. ഇന്ന് 45-50 പേരെപ്പോലും കടത്തി വിടാൻ സാധിക്കുന്നില്ല.
പൊലീസും ദേവസ്വം ബോർഡും പരസ്പരം പാര വയ്ക്കുന്ന സ്ഥിതിയാണ്. തീർത്ഥാടനത്തെ കുറിച്ച് അറിയാവുന്നവർ പറയുന്ന കാര്യങ്ങൾ മുഖവുരയ്ക്കെടുക്കുക എന്ന പതിവ് ദേവസ്വം ബോർഡിനുണ്ട്. വിഷയങ്ങൾ പരിഹരിച്ച് മുന്നോട്ടു പോവുകയായിരുന്നു. ഇത്രയും ആൾക്കാർ വരുന്ന ഒരു തീർത്ഥാടന കേന്ദ്രത്തിൽ ദേവസ്വം മന്ത്രി എവിടെ? ഒരാഴ്ചയായി വരുന്ന വാർത്തകൾ മന്ത്രിസഭ ഗൗനിക്കുന്നതേയില്ല. ഇപ്പോൾ മന്ത്രിമാർ എല്ലാവരും ഒന്നിച്ചുണ്ട്. അവർക്ക് എപ്പോൾ വേണമെങ്കിലും തീരുമാനമെടുക്കാം. ഒരു മന്ത്രിയെ ഇങ്ങോട്ടയയ്ക്കാൻ, ഒരു ഉന്നത തല സംഘത്തെ ശബരിമലയ്ക്ക് അയയ്ക്കാൻ എന്താണ് പ്രശ്നം? അത് പരിഹരിക്കാനുള്ള നടപടി വേണ്ടേ? സർക്കാർ എന്തു കൊണ്ടാണ് ഇത്രയും വലിയ പ്രശ്നം ശ്രദ്ധയിൽപ്പെട്ടിട്ടും ഇത്ര ക്രൂരമായി പെരുമാറുന്നത്. ഡിജിപിയെ അടക്കം സന്നിധാനത്തേക്ക് അയച്ചു കൂടെ?
സാധാരണ പരിശീലനം സിദ്ധിച്ച ഉദ്യോഗസ്ഥരെയാണ് അവിടെ നിയോഗിച്ചിരുന്നത്. ഇത്തവണ യാതൊരു പരിചയവും ഇല്ലാത്ത പൊലീസുകാരെയാണ് നിയോഗിച്ചത്. ദേവസ്വം മന്ത്രി വൻ പരാജയമാണ്. ബോർഡും പൊലീസും തമ്മിൽ തുടക്കം മുതൽ അസ്വാരസ്യം നിലനിൽക്കുന്നു. അത് വളർന്നാണ് ഈ അവസ്ഥയിൽ എത്തി നിൽക്കുന്നത്. നവകേരള സദസിൽ നിന്ന് ഒരു ദിവസം വിട്ട് നിന്ന് മന്ത്രിക്ക് ശബരിമലയിൽ വന്നു നിന്നു കൂടെ? അത് ശരിയല്ല. ഇത്തരം ഉത്തരവാദിത്ത രഹിതമായ നടപടി ശരിയല്ല. പ്രശ്നപരിഹാരത്തിനുള്ള നടപടിയില്ല. മുഖ്യമന്ത്രി ഇതു വരെ ശബരിമലയെ കുറിച്ച് ഒരു വാക്ക് പോലും പറയുന്നില്ല. ആരും അവിടെ പോയി നോക്കാതെ മാധ്യമങ്ങളെ കുറ്റം പറയുകയാണ്. അവർക്കിതൊന്നും അറിയേണ്ട കാര്യമില്ല.
നാലു കാര്യങ്ങളാണ് ബിജെപി മുന്നോട്ടു വയ്ക്കുന്നത്. സർക്കാർ ശബരിമല തീർത്ഥാടനം സുഗമമാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണം. ഒരു മന്ത്രിയെ മുഴുവൻ സമയം അവിടെ നിയോഗിക്കണം. വിദഗ്ധ ഉദ്യോഗസ്ഥന്മാരുടെ സംഘത്തെ അടിയന്തിരമായി അയയ്ക്കണം. പരിശീലനം സിദ്ധിച്ച ആൾക്കാരുടെ സഹായം തേടാൻ പൊലീസ് തയാറാകണം. ഇതിനായി റാപ്പിഡ് ആക്ഷൻ ഫോഴ്സിനെ നിയോഗിക്കണം. സർക്കാർ അടിയന്തിരമായി ഇക്കാര്യത്തിൽ ഉണർന്നു പ്രവർത്തിച്ച് ഉന്നതതല സംഘത്തെ അയയ്ക്കണം. നിരുത്തരവാദപരമായ സമീപനം മാറ്റിയില്ലെങ്കിൽ ബിജെപി സമര രംഗത്തേക്കിറങ്ങും. തീർത്ഥാടന കാലത്ത് ഭക്തരെ ബുദ്ധിമുട്ടിക്കുന്ന സമരം വേണ്ടെന്ന് കരുതിയതാണ്. പക്ഷേ, ഇപ്പോൾ അതിന് നിർബന്ധിതരാവുകയാണെന്നും അദ്ദേഹം പറഞ്ഞു.
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്