തിരുവനന്തപുരം: പാലക്കാട്ടെ തോല്‍വിയോടെ കെ സുരേന്ദ്രനെതിരായ വികാരം ബിജെപിയില്‍ ശക്തം. അടിത്തട്ടിലെ വികാരം പോലും മനസ്സിലാകാത്ത നേതാവാണ് സുരേന്ദ്രന്‍ എന്ന വിലയിരുത്തലാണ് ഉയരുന്നത്. അതിനിടെ കേരളത്തിലെ മുരളീധര വിഭാഗത്തിലെ പ്രധാന നേതാവാണ് താനെന്നായിരുന്നു സുരേന്ദ്രന്‍ ഇതുവരെ പറഞ്ഞിരുന്നത്. എന്നാല്‍ മുരളീധര വിഭാഗത്തില്‍ നിന്ന് പോലും സുരേന്ദ്രനെ പുറത്താക്കുന്ന രീതിയിലേക്ക് കാര്യങ്ങള്‍ എത്തുകയാണ്. സുരേന്ദ്രനെ ബിജെപിയുടെ സംസ്ഥാന അധ്യക്ഷനാക്കുന്നതില്‍ നിര്‍ണ്ണായക പങ്കു വഹിച്ച മുന്‍ കേന്ദ്രമന്ത്രി വി മുരളീധരനും സുരേന്ദ്രനോട് കടുത്ത അതൃപ്തിയിലാണ്. പാലക്കാട്ടെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം അടക്കം പാളിയെന്ന അഭിപ്രായങ്ങള്‍ക്കിടെയാണ് മുരളീധരന്‍ പോലും സുരേന്ദ്രനുമായി അകലുന്നുവെന്ന സൂചനകള്‍ പുറത്തേക്ക് വരുന്നത്.

സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെതിരെ ശോഭാ സുരേന്ദ്രനും കൂട്ടരും അതിശക്തമായി രംഗത്തു വരും. ഇതിനൊപ്പം മുന്‍ കേന്ദ്രമന്ത്രിയും മുന്‍ പ്രസിഡന്റുമായ വി മുരളീധരന്റെ നിലപാടും നിര്‍ണ്ണായകമാകും. സുരേന്ദ്രന്റെ പാലക്കാട്ടെ പ്രവര്‍ത്തനങ്ങളില്‍ മുരളീധരനും വിര്‍ശനമുയര്‍ത്തുന്നുണ്ട്. ഇതും ബിജെപിയിലെ ഗ്രൂപ്പിസത്തെ മാറ്റത്തിന്റെ തലത്തിലെത്തിക്കും. മുരളീധര വിഭാഗത്തെ ചിലര്‍ ഹൈജാക്ക് ചെയ്തുവെന്ന് മുരളീധരന് പോലും അഭിപ്രായമുണ്ടെന്നാണ് സൂചന. കേന്ദ്രമന്ത്രിമാരായ സുരേഷ് ഗോപിയ്ക്കും ജോര്‍ജ്ജ് കുര്യനും പോലും പാലക്കാട്ടെ പ്രവര്‍ത്തനത്തില്‍ വിയോജിപ്പുകളുണ്ടെന്നാണ് സൂചന.

ബിജെപിക്ക് ഏറ്റവും സാധ്യതയുണ്ടായിരുന്ന പാലക്കാട്ടെ വമ്പന്‍ തോല്‍വി സുരേന്ദ്രനുള്ള കനത്ത തിരിച്ചടിയാണ്. തോല്‍വിയുടെ ഉത്തരവാദിത്വം സുരേന്ദ്രന്‍ ഏറ്റെടുക്കണമെന്നാവശ്യം ബിജെപിയില്‍ ശക്തമാണ്. അധ്യക്ഷ സ്ഥാനത്ത് നിന്ന് സുരേന്ദ്രനെ മാറ്റണമെന്ന ആവശ്യവും ഉയരുന്നുണ്ട്. എന്നാല്‍ കാലാവധി പൂര്‍ത്തിയാക്കിയ അധ്യക്ഷനാണ് സുരേന്ദ്രന്‍. അടുത്ത പുനസംഘടന വരെ അതുകൊണ്ട് സുരേന്ദ്രന് തുടരാനാകും. എന്നാല്‍ മാസങ്ങള്‍ക്കുള്ളില്‍ പുനസംഘടനാ നടപടിക്രമങ്ങള്‍ ബിജെപിയില്‍ പൂര്‍ത്തിയാകും. ''തൃശൂരിന് പിന്നാലെ താമര വിരിയുന്നത് പാലക്കാട്. മൂന്നാം സ്ഥാനത്ത് യുഡിഎഫ്'' എന്നായിരുന്നു രണ്ട് ദിവസം മുമ്പുള്ള കെ സുരേന്ദ്രന്റെ എഫ്ബി പോസ്റ്റ്. വിശ്വാലാക്ഷി സമേതനായ വിശ്വനാഥന്‍ പാലക്കാട്ട് ജയമൊരുക്കുമെന്ന തരത്തിലായിരുന്നു പ്രതീക്ഷ പങ്കുവയ്ക്കല്‍. തൃശൂരില്‍ വടക്കും നാഥന്‍ നല്‍കിയ വിജയവും ഉയര്‍ത്തി. ഇത്തരം പോസ്റ്റുകള്‍ സാഹചര്യം മനസ്സിലാകാതെ നടത്തിയതാണെന്ന് അന്തിമ ഫലത്തില്‍ തെളിഞ്ഞു. എല്ലാം ഏകപക്ഷീയമായി സുരേന്ദ്രന്‍ നിശ്ചയിച്ചുെന്ന ആക്ഷേപവും സജീവമാണ്.

സി കൃഷ്ണകുമാറിനെ നിയോഗിച്ചതും പാലക്കാട് മേല്‍നോട്ടക്കാരെ നിശ്ചയിച്ചതുമെല്ലാം സുരേന്ദ്രനായിരുന്നു. സന്ദീപ് വാര്യരുടെ പുറത്തു പോകലിനും ഇത് കാരണമായി. ശോഭാ സുരേന്ദ്രനെ മത്സരിപ്പിക്കില്ലെന്ന കടുംപിടിത്തവും സുരേന്ദ്രന്റേതായിരുന്നു. എങ്ങനേയും ജയിക്കണമെന്നും നല്ല സ്ഥാനാര്‍ത്ഥിയെ നിര്‍ത്തണമെന്നുമുള്ള പൊതു വികാരവും കണക്കിലെടുത്തില്ല. സന്ദീപ് വാര്യരെ തഴഞ്ഞെന്ന് മാത്രമല്ല, ഉടക്കിനിന്ന സന്ദീപിനെ അനുനുയിപ്പിക്കാന്‍ ശ്രമിക്കാതെ അവഗണിച്ചുവിട്ടു. ചുമതലക്കാരെല്ലാം സുരേന്ദ്രന്റെ അടുപ്പക്കാരായത് കൃഷ്ണദാസ് പക്ഷത്തെ ചൊടുപ്പിച്ചു. സുരേഷ് ഗോപിയും സജീവമായില്ല. സംസ്ഥാന അധ്യക്ഷന്‍ നേതൃത്വം നല്‍കിയിട്ടും വോട്ട് ചോര്‍ച്ചയുണ്ടായത് ഗൗരവമായി പരിശോധിക്കണമെന്ന സന്ദീപ് വാചസ്പതിയുടെ പോസ്റ്റ് സുരേന്ദ്രനുള്ള കുത്താണ്.

പാലക്കാട്ടെ തോല്‍വി നേൃത്യത്തിന്റെ പരാജയമാണോ എന്ന ചോദ്യത്തിന് തെ സുരേന്ദ്രനോട് ചോദിക്കണം എന്നായിരുന്നു ബി ഗോപാലകൃഷ്ണന്റെ മറുപടി. ശോഭാ സുരേന്ദ്രന്‍ തന്ത്രപരമായ മൗനത്തിലാണ്. അധ്യക്ഷ പദവിയില്‍ ഊഴം പൂര്‍ത്തിയാക്കിയ സുരേന്ദ്രനെ മാറ്റണമെന്ന ആവശ്യം ശക്തമാകും. ശോഭ അടക്കം അമര്‍ഷമുള്ള നേതാകകള്‍ കേന്ദ്രനേതൃത്വത്തെ സമീപിക്കും. വി മുരളീധരന്റെ നിലപാടും നിര്‍ണ്ണായകമാണ്. ആറ്റിങ്ങലില്‍ മത്സരിച്ചപ്പോള്‍ സംസ്ഥാന നേതൃത്വം മതിയായ സംവിധാനം ഒരുക്കിയില്ലെന്ന പരിഭവം മുരളീധരനുണ്ട്. ആറ്റിങ്ങലില്‍ മൂന്ന് ലക്ഷത്തോളം വോട്ടുയര്‍ത്തിയത് മുരളീധരന്റെ മാത്രം ശ്രമ ഫലമാണെന്ന വസ്തുത ബിജെപിയില്‍ എല്ലാവരും അംഗീകരിക്കുന്നുമാണ്. പാലക്കാട്ടെ പ്രചരണത്തിലും മുരളീധരന്‍ സജീവമായില്ല.

വയനാട്ടില്‍ ശോഭ സുരേന്ദ്രന്‍ മത്സരിക്കണമെന്ന് ആഗ്രഹിച്ചവര്‍ പോലുമുണ്ട്. എന്നാല്‍ പ്രിയങ്കാ ഗാന്ധിക്കെതിരെ മത്സരിച്ച് ശോഭ വന്‍തോതില്‍ വോട്ടുയര്‍ത്തുമോ എന്ന ഭയത്തില്‍ അതിനേയും സുരേന്ദ്രന്‍ വെട്ടി. ചേലക്കരയില്‍ സുരേന്ദ്രന്‍ ഇടപെടലുണ്ടായില്ല. അവിടെ സ്ഥാനാര്‍ത്ഥിക്ക് വോട്ടു കൂടി. തിരവില്വാമല ബാലകൃഷ്ണന് വേണ്ടി ആര്‍ എസ് എസ സജീവ ഇടപെടലും നടത്തി. അതായത് പാലക്കാടിന് തൊട്ടടുത്തുള്ള ചേലക്കരയില്‍ ബിജെപിക്ക് തരംഗമുണ്ടാക്കാന്‍ ശ്രമിച്ചു. എന്നാല്‍ ശക്തി കേന്ദ്രമായ പാലക്കാട് വോട്ട് കുറയുകയും ചെയ്തു. ഇതിന് പിന്നില്‍ നേതൃത്വത്തിന്റെ പിടിപ്പു കേടാണെന്ന വിലയിരുത്തലാണ് ബിജെപിയിലുള്ളത്.

ശോഭാ സുരേന്ദ്രനെ വിളിക്കൂ ബിജെപിയെ രക്ഷിക്കൂവെന്ന മുറവിളിയും ശക്തമാണ്. തിരഞ്ഞെടുപ്പ് അവലോകനത്തിനായി ചേരുന്ന നേതൃയോഗം ഏറ്റുമുട്ടലിന് വേദിയാകും. ബിജെപിയുടെ എ ക്ലാസ് മണ്ഡലമായ പാലക്കാട് കനത്ത പ്രഹരമാണ് പാര്‍ട്ടി നേരിടേണ്ടിവന്നത്. സംസ്ഥാന അധ്യക്ഷന്‍ നേരിട്ട് തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ച മണ്ഡലത്തിലെ തോല്‍വി ഏറെ ഗൗരവത്തോടെ കാണണമെന്നാണ് പാര്‍ട്ടിയിലെ ആവശ്യം. 2021ലെ പ്രകടനം ആവര്‍ത്തിക്കാനായില്ല. ശക്തികേന്ദ്രമായ നഗരമേഖലയില്‍ തിരിച്ചടി. മൂന്നാംസ്ഥാനത്തുള്ള എല്‍ഡിഎഫുമായി കാര്യമായ അകലമില്ല. ബിജെപി ജയിക്കാതിരിക്കാന്‍ എതിരാളികള്‍ വോട്ടുമറിച്ചുവെന്ന പതിവ് വാദം വിലപ്പോകില്ലെന്ന് ബിജെപിയിലെ ഒരു വിഭാഗം ചൂണ്ടിക്കാട്ടുന്നു.

സംസ്ഥാന നേതൃത്വത്തിനെതിരെ സംഘപരിവാര്‍ അനുകൂല സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളില്‍ വിമര്‍ശന പ്രവാഹമാണ്. പാലക്കാട് ബിജെപിയെ നശിപ്പിച്ച സി കൃഷ്ണകുമാര്‍ പന്തളത്തും പാര്‍ട്ടിയെ നശിപ്പിക്കുന്നുവെന്ന് ബിജെപി ഭരിക്കുന്ന പന്തളം നഗരസഭ അധ്യക്ഷയുടെ ഭര്‍ത്താവ് കുറ്റപ്പെടുത്തുന്നു. ചേലക്കരയില്‍ പതിനായിരത്തോളം വോട്ടുകൂടിയതിന്റെ പേരുപറഞ്ഞ് നേതൃത്വത്തിന്റെ വീഴ്ച്ച മറയ്ക്കാന്‍ കഴിയില്ലെന്നും വിമതപക്ഷം വാദിക്കുന്നു.