- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
സിൽവർലൈൻ എം.വി ഗോവിന്ദന്റെ വ്യാമോഹം മാത്രം; അഴിമതി ലക്ഷ്യം വച്ചാണ് മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറിയും സിൽവർലൈനിന് വേണ്ടി ശ്രമിക്കുന്നത്; വന്ദേഭാരത് എക്സ്പ്രസ് അനുവദിക്കപ്പെട്ടപ്പോൾ മലയാളികൾ എല്ലാവരും അഹ്ലാദിക്കുകയും സിപിഐമ്മും കോൺഗ്രസും ദുഃഖിക്കുകയും ചെയ്യുന്നു: വിമർശനവുമായി കെ സുരേന്ദ്രൻ
കോഴിക്കോട്: സിൽവർലൈൻ പദ്ധതി നടപ്പിലാക്കുമെന്ന എം വി ഗോവിന്ദന്റെ പ്രസ്താവനക്കെതിരെ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. സിൽവർലൈൻ പദ്ധതി നടപ്പിലാക്കുമെന്നത് എംവി ഗോവിന്ദന്റെ വ്യാമോഹമാണെന്ന് കെ സുരേന്ദ്രൻ പറഞ്ഞു. അഴിമതി ലക്ഷ്യം വച്ചാണ് മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറിയും സിൽവർലൈനിന് വേണ്ടി ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
വന്ദേഭാരത് എക്സ്പ്രസ് കേരളത്തിന് അനുവദിക്കപ്പെട്ടപ്പോൾ മലയാളികൾ എല്ലാവരും അഹ്ലാദിക്കുകയും സിപിഐമ്മും കോൺഗ്രസും ദുഃഖിക്കുകയുമാണ് ചെയ്തത്. കമ്മീഷൻ അടിക്കാൻ സാധിക്കാത്തതാണ് ഇരുമുന്നണികളുടേയും നിരാശയ്ക്ക് കാരണമെന്നും സുരേന്ദ്രൻ പ്രസ്താവനയിൽ പറഞ്ഞു.
രണ്ട് ലക്ഷം കോടി രൂപ മുതൽ മുടക്കി കേരളത്തെ കടക്കെണിയിലാക്കുന്ന പദ്ധതിയായ സിൽവർലൈനിനും വേണ്ടി ഇടതുപക്ഷം വാശിപിടിക്കുന്നത് കയ്യിട്ട് വാരാൻ മാത്രം ഉദ്ദേശിച്ചാണ്. കേരളത്തിന്റെ പരിസ്ഥിതിയെ തകർക്കുന്ന ആയിരക്കണക്കിന് കുടുംബങ്ങളെ വഴിയാധാരമാക്കുന്ന പദ്ധതി നടപ്പിലാക്കാൻ മോദി സർക്കാർ ഒരിക്കലും അനുവദിക്കില്ല. വന്ദേഭാരത് സംസ്ഥാനത്തിന് കേന്ദ്രം നൽകില്ലെന്നായിരുന്നു പിണറായി വിജയൻ ഇതുവരെ പറഞ്ഞത്. വന്ദേഭാരത് യാഥാർത്ഥ്യമായപ്പോൾ അത് രാഷ്ട്രീയ നേട്ടത്തിന് വേണ്ടിയാണെന്നാണ് ഡിവൈഎഫ്ഐ പറയുന്നത്. ഇതുപോലത്തെ രാഷ്ട്രീയ അടിമകൾ ലോകത്ത് വേറെവിടെയും കാണില്ലെന്നും സുരേന്ദ്രൻ പറഞ്ഞു.
വന്ദേഭാരത് ആത്മനിർഭർ ഭാരതിന്റെ ഭാഗമാണ്. ഇത് പൂർണമായും ഭാരതത്തിൽ നിർമ്മിച്ചതാണ്. അല്ലാതെ സിൽവർലൈൻ പോലെ ജപ്പാനിലെ രണ്ടാംകിട സാമഗ്രികളല്ല. ജപ്പാനിൽ നിന്നും സിൽവർലൈനു വേണ്ടി സാധനങ്ങൾ കേരളത്തിൽ എത്തിക്കുന്നതിലൂടെ വലിയ അഴിമതിയായിരുന്നു സംസ്ഥാന സർക്കാർ ലക്ഷ്യമിട്ടിരുന്നത്. ഇതാണ് കേന്ദ്രത്തിന്റെ എതിർപ്പുകാരണം മുടങ്ങിയത്. സിൽവർലൈനിനു വേണ്ടി ഇതുവരെ സർക്കാർ പൊടിച്ച 67 കോടി രൂപയുടെ നഷ്ടത്തിന് ജനങ്ങളോട് മാപ്പു പറയുകയാണ് മുഖ്യമന്ത്രിയും സർക്കാരും ചെയ്യേണ്ടതെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.
അതേസമയം കെ റെയിൽ പദ്ധതി ഇന്നല്ലെങ്കിൽ നാളെ നടപ്പിലാകുമെന്നായിരുന്നു എം വി ഗോവിന്ദൻ പറഞ്ഞത്. പദ്ധതി വേണമെന്ന നിലപാടിൽ ഉറച്ചുനിൽക്കുന്നുവെന്നും വന്ദേഭാരത്, കെ റെയിൽ പദ്ധതിക്ക് ബദൽ അല്ലെന്നും ഗോവിന്ദൻ പറഞ്ഞു. കെ-റെയിൽ വന്നാൽ കേരളത്തെ ഒരു വലിയ നഗരമാക്കി മാറ്റും. അപ്പവുമായി കുടുംബശ്രീക്കാർക്ക് കെ റെയിലിൽ എളുപ്പം പോകാൻ സാധിക്കും. വന്ദേഭാരതിൽ പോയാൽ അപ്പം ചീത്തയാകുമെന്നും ഗോവിന്ദൻ പറഞ്ഞു. അപ്പവുമായി ബന്ധപ്പെട്ട ട്രോളുകൾക്കിടെയാണ് ഗോവിന്ദന്റെ പുതിയ പ്രഖ്യാപനം. വന്ദേഭാരതിന്റെ വേഗക്കുറവ് ചർച്ചയാക്കാനാണ് സിപിഎം തീരുമാനം.
സംസ്ഥാനത്തിന് വന്ദേഭാരത് ട്രെയിൻ അനുവദിച്ചെങ്കിലും സിൽവർ ലൈനിൽ നിന്ന് പിന്നോട്ട് പോകേണ്ടെന്ന നിലപാടിലാണ് സർക്കാർ. സിൽവർ ലൈനിന്റെ കേന്ദ്രാനുമതിക്ക് വേണ്ടിയുള്ള സമ്മർദം തുടരും. വന്ദേഭാരത് വിഷയത്തിൽ കരുതലോടെ പ്രതികരിച്ചാൽ മതിയെന്ന് സിപിഎം നേതൃത്വത്തിൽ ധാരണ. വന്ദേഭാരതുമായി ബന്ധപ്പെട്ട് മുഴുവൻ വിവരങ്ങളും പുറത്ത് വന്നതിന് ശേഷം പ്രതികരണം മതിയെന്നാണ് നേതൃത്വത്തിന്റെ നിലപാട്. ഇതിനിടെയാണ് സിപിഎം സെക്രട്ടറി വന്ദേഭാരത് വന്നാലും കെ റെയിലുമായി മുമ്പോട്ട് പോകുമെന്ന് വ്യക്തമാക്കുന്നത്.
ഇടത് മുന്നണി മുന്നോട്ടുവെച്ച കെ-റെയിലിന് ബദലാണ് വന്ദേഭാരത് എന്നായിരിന്നു ബിജെപിയുടെ പ്രചാരണം. കെ-റെയിലിന് അനുമതി നൽകാതിരിക്കുകയും സംസ്ഥാനത്തിന് വന്ദേഭാരത് അനുവദിക്കുകയും ചെയ്തത് ബിജെപി സംസ്ഥാനമുടനീളം വലിയ ആഘോഷമാക്കി മാറ്റിയിരിന്നു. കെ-റെയിലിനേക്കാൾ മികച്ചതാണ് വന്ദേഭാരത് എന്ന പ്രചാരണത്തെ തടുക്കാനാണ് ഇടത് മുന്നണിയുടെ നീക്കം. വന്ദേഭാരത് വന്നതോടെ കെ-റെയിലിന്റെ അനുമതിക്കുള്ള സാധ്യത കൂടുതൽ മങ്ങിയെങ്കിലും സിപിഎം നേതൃത്വം പിന്നോട്ടില്ല. കെ-റെയിലും വന്ദേഭാരതും താരതമ്യം ചെയ്യുന്നതിൽ യാതൊരു അടിസ്ഥാനവുമില്ലെന്നാണ് സിപിഎം വിലയിരുത്തൽ. ട്രെയിൻ അനുവദിച്ചതിനെ സ്വാഗതം ചെയ്യുമ്പോൾ പോലും അതിനെ രാഷ്ട്രീയമായി ഉപയോഗിക്കാനുള്ള ബിജെപി നീക്കത്തെ പ്രതിരോധിക്കും. ഇതിന് വേണ്ടിയാണ് അപ്പക്കഥ വീണ്ടും ഗോവിന്ദൻ ചർച്ചയാക്കുന്നത്.
മറുനാടന് മലയാളി ബ്യൂറോ