തിരുവനന്തപുരം: മിത്ത് വിവാദത്തിൽ എം വി ഗോവിന്ദൻ തിരിത്തി പറഞ്ഞിട്ടില്ലെന്ന് പറഞ്ഞ മുഹമ്മദ് റിയാസിനെ വിമർശിച്ചു ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദൻ. സംസ്ഥാന ഭരണത്തെയും സിപിഐഎമ്മിനെയും നിയന്ത്രിക്കുന്നത് മന്ത്രി മുഹമ്മദ് റിയാസാണെന്ന് സുരേന്ദ്രൻ പറഞ്ഞു. പാർട്ടി സെക്രട്ടറി എം.വി ഗോവിന്ദനെയും തിരുത്താൻ തക്ക ശക്തനായി റിയാസ് മാറി. ഗോവിന്ദന് പാർട്ടിയിൽ ഒരു സ്ഥാനവുമില്ല. ഗണപതി മിത്താണെന്ന് പറഞ്ഞിട്ടില്ലന്ന് ഗോവിന്ദൻ തിരുത്തിയപ്പോൾ റിയാസ് പറയുന്നു, ഷംസീർ പറഞ്ഞതാണ് ശരിയെന്ന് പറഞ്ഞതൊന്നും ആരും തിരുത്തിയിട്ടില്ലന്നും. ഇനി മുഖ്യമന്ത്രിയാണ് നിലപാട് വ്യക്തമാക്കേണ്ടത്. പാർട്ടി സെക്രട്ടറിയെ മരുമകൻ മന്ത്രി തിരുത്തുന്നത് മുഖ്യമന്ത്രിയുടെ അറിവോടെയാണോ എന്ന് വ്യക്തമാക്കണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു.

റിയാസിന്റെ നേതൃത്വത്തിൽ ഇപ്പോൾ സിപിഎം നടത്തിക്കൊണ്ടിരിക്കുന്നത് മുസ്ലിം വോട്ട് ബാങ്കിനു വേണ്ടിയുള്ള പ്രാകൃത സമീപനമാണെന്നും സുരേന്ദ്രൻ പറഞ്ഞു. വർഗീയത വമിപ്പിക്കുന്നതിൽ ഷംസീറിന്റെ മൂത്താപ്പയാണ് റിയാസ്. ജനങ്ങളെ ഭിന്നിപ്പിച്ച് അതിൽ നിന്ന് മുതലാക്കാനാണ് സിപിഎം നീക്കം. ഭരണ പരാജയം മറച്ചുവെക്കാനും നഷ്ടപ്പെട്ട ജനപിന്തുണ വീണ്ടെടുക്കാനുമാണ് സിപിഎം ശ്രമം. അതിന്റെ ഭാഗമായാണ് ഇപ്പോഴത്തെ ഗണപതി നിന്ദ. ഗോവിന്ദൻ മലക്കം മറിഞ്ഞത് ജനങ്ങളുടെ കണ്ണിൽ പൊടിയിടാനാണ്.

ഏഴിന് നിയമസഭാ സമ്മേളനം ആരംഭിക്കുകയാണ്. ഗണപതി നിന്ദ നടത്തിയ ഷംസീറുമായി സഭയിൽ സഹകരിക്കുമോ എന്ന് വി.ഡി സതീശനും കെ.സുധാകരനും വ്യക്തമാക്കണം. കോൺഗ്രസ് നിയമസഭയിൽ സ്വീകരിക്കുന്ന നിലപാട് എന്താണെന്നറിയാൻ എല്ലാർക്കും താല്പര്യമുണ്ടെന്നും കെ സുരേന്ദ്രൻ പറഞ്ഞു.

ഷംസീർ മാപ്പു പറയും വരെ ശക്തമായ പ്രക്ഷോഭവുമായി ബിജെപി മുന്നോട്ടു പോകുമെന്ന് കെ.സുരേന്ദ്രൻ പറഞ്ഞു. ഏട്ടിന് നിയമസഭയിലേക്ക് യുവമോർച്ച മാർച്ച് നടത്തും. 10ന് ബിജെപിയുടെ നേതൃത്വത്തിൽ നിയമസഭാ മന്ദിരത്തിലേക്ക് നാമജപ യാത്ര സംഘടിപ്പിക്കുമെന്നും സുരേന്ദ്രൻ അറിയിച്ചു.

അതേസമയം മിത്ത് വിവാദത്തിൽ സർക്കാരിനെതിരേ കടുത്ത നിലപാട് സ്വീകരിക്കാൻ എൻ.എസ്.എസ്. നേതൃത്വം ഒരുങ്ങുകയാണ്. നിലപാട് തിരുത്താൻ സർക്കാർ തയാറായില്ലെങ്കിൽ നിയമനടപടി സ്വീകരിക്കാനാണു തീരുമാനം. ഇന്നു ചേരുന്ന അടിയന്തര ഡയറക്ടർ ബോർഡ് യോഗം ഇതുസംബന്ധിച്ച് തീരുമാനമെടുക്കും.

സർക്കാരിന്റെ നിലപാടറിയുന്നതിന് രണ്ടുദിവസം കാത്തിരിക്കാനാണ് എൻ.എസ്.എസ്. നേതൃത്വത്തിന്റെ തീരുമാനം. ഇതിനു ശേഷമായിരിക്കും നിയമനടപടിക്ക് ഒരുങ്ങുക. സാധാരണ എല്ലാ രണ്ടാം ശനിയാഴ്ചയുമാണ് എൻ.എസ്.എസ്. ഡയറക്ടർബോർഡ് യോഗം ചേരുന്നത്. എന്നാൽ പ്രത്യേക സാചര്യത്തിലാണ് ഇന്ന് യോഗം വിളിച്ചിരിക്കുന്നത്. സർക്കാർ വഴങ്ങിയില്ലെങ്കിൽ നിയമനടപടിക്കൊപ്പം സമാധാനപരമായ സമരപരിപാടികൾക്കും തീരുമാനമെടുക്കും.