തൃശൂര്‍: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ആരോപണവുമായി ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. കേവലം ഒരു ഇരയല്ല, 15 പെണ്‍കുട്ടികള്‍ പീഡിപ്പിക്കപ്പെട്ടുവെന്ന് കെ സുരേന്ദ്രന്‍ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു. രാഹുല്‍ മാങ്കൂട്ടത്തില്‍ 15 പെണ്‍കുട്ടികളെയും ആണ്‍കുട്ടിയേയും പീഡിപ്പിച്ചു. മഞ്ഞുമലയുടെ ഒരറ്റം മാത്രമാണ് പുറത്തു വന്നത്. രാഹുലിന്റെ അറസ്റ്റ് വൈകുന്നത് മറ്റ് ഇരകളുടെ തെളിവിനെ ബാധിക്കും. ഉന്നതരായവര്‍ രാഹുലിനെ സഹായിക്കുന്നുണ്ട്. എംഎല്‍എക്ക് മുകളിലുള്ളവരും സഹായിക്കുന്നുവെന്നും സുരേന്ദ്രന്‍ ആരോപിച്ചു. ഇരകളെ പങ്കുവെച്ചിട്ടുണ്ടെന്നും ബിജെപി നേതാവ് പറഞ്ഞു.

അതേസമയം, യുവതിയുടെ പരാതിയില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്കെതിരെ പൊലീസ് കേസെടുത്തു. വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു, അശാസ്ത്രീയമായി ഗര്‍ഭഛിദ്രത്തിന് നിര്‍ബന്ധിച്ചു തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത്. തിരുവനന്തപുരം വലിയമല പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. 10 വര്‍ഷം മുതല്‍ ജീവപര്യന്തം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് രാഹുലിനെതിരെ ചുമത്തിയത്. കഴിഞ്ഞദിവസം വിശദമായി പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു.

യുവതിയുടെ പരാതിയില്‍ എടുത്ത കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ സുഹൃത്തിനെയും പ്രതി ചേര്‍ത്തു. രാഹുല്‍ മാങ്കൂട്ടത്തിലിന് പുറമെ സുഹൃത്ത് ജോബി ജോസഫിനെയാണ് കേസില്‍ പ്രതി ചേര്‍ത്തത്. ഗര്‍ഭഛിദ്രം നടത്താന്‍ രാഹുലിന്റെ നിര്‍ദേശപ്രകാരം ബെംഗളൂരുവില്‍ നിന്ന് യുവതിക്ക് ഗുളിക എത്തിച്ചുനല്‍കിയത് ജോബി ജോസഫാണെന്ന മൊഴിയുടെ അടിസ്ഥാനത്തിലാണ് നടപടി. പത്തനംതിട്ട അടൂര്‍ സ്വദേശിയായ ജോബി ഡോക്ടറുടെ കുറിപ്പടിയില്ലാതെയായിരുന്നു മരുന്ന് എത്തിച്ചുനല്‍കിയതെന്നും യുവതിയുടെ മൊഴിയിലുണ്ട്. ബിസിനസ്സുകാരനാണ് ജോബി.