മലപ്പുറം: മദ്രസകള്‍ നിര്‍ത്തലാക്കമെന്നും മദ്രസ ബോര്‍ഡുകള്‍ക്ക് സഹായം നല്‍കരുതെന്നുമുളള ദേശീയ ബാലാവകാശ കമ്മീഷന്റെ നിര്‍ദ്ദേശമാണിപ്പോള്‍ ചര്‍ച്ചയാകുന്നത്. ഈ നിര്‍ദ്ദേശം കേരളത്തിലെ മദ്രസകളെ ബാധിക്കില്ലെങ്കിലും മൗലികാവകാശ ലംഘനമായതിനാല്‍ പ്രതിഷേധത്തില്‍ പങ്ക് ചേരുമെന്നാണ് സംസ്ഥാനത്തെ മത സംഘടനകളുടെ നിലപാട്.

എലിയെപ്പേടിച്ച് ഇല്ലം ചുടുന്നതിന് സമാനമാകും അപ്രസക്തമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി മദ്രസ്സകള്‍ അടച്ചുപൂട്ടാനുള്ള അധികൃതരുടെ നീക്കമെന്ന് കെ ടി ജലീല്‍ എം എല്‍ എ പ്രതികരിച്ചു. മദ്രസ്സകള്‍ അടച്ചുപൂട്ടണമെന്ന ധ്വനിയില്‍ കേന്ദ്ര ബാലാവകാശ കമ്മീഷന്‍ പുറപ്പെടുവിച്ചതായി പറയപെടുന്ന നിര്‍ദ്ദേശങ്ങള്‍ ഏകപക്ഷീയവും സമൂഹത്തില്‍ വലിയ അസ്വസ്ഥതകള്‍ സൃഷ്ടിക്കപ്പെടാന്‍ ഏറെ സാദ്ധ്യതകളുള്ളതുമാണെന്നും ജലീല്‍ ഫേസ്ബുക്കില്‍ കുറിച്ചു.


ഇന്ന് മദ്രസ്സകള്‍! നാളെ സെമിനാരികള്‍! മറ്റന്നാള്‍ വേദപാഠശാലകള്‍!

വേദപാഠശാലകളും മദ്രസ്സകളും സെമിനാരികളും അരുതാത്തതല്ല ജനങ്ങളെ പഠിപ്പിക്കുന്നത്. മതവിശ്വാസം ഒരുപാട് മനുഷ്യരെ അരുതായ്മകളില്‍ നിന്നും കുറ്റകൃത്യങ്ങളില്‍ നിന്നും അകറ്റി നിര്‍ത്തുന്നുണ്ട്. നിരവധി പേര്‍ക്ക് ഉപജീവനത്തിനുള്ള വഴികൂടിയാണ് മതസ്ഥാപനങ്ങള്‍. മതപാഠശാലകള്‍ ഏത് മതവിഭാഗക്കാരുടേതായാലും അടച്ചു പൂട്ടിയില്‍ തൊഴില്‍ നഷ്ടത്തെ തുടര്‍ന്നുള്ള സാമൂഹ്യ പ്രശ്‌നങ്ങളും ഉയര്‍ന്നുവരും.

എന്നാല്‍ ഇത്തരം സ്ഥാപനങ്ങളൊന്നുമില്ലാത്ത മതരഹിത സമൂഹങ്ങളില്‍ കുറ്റകൃത്യങ്ങള്‍ സാമാന്യേന കുറവാണല്ലോ എന്ന് വിമര്‍ശകര്‍ ചൂണ്ടിക്കാണിച്ചേക്കാം. നൂറ്റാണ്ടുകളായി മതാധിഷ്ഠിത ബോധം രൂഢമൂലമായ നാടുകളില്‍ ആധുനിക ക്രിമിനല്‍ നിയമങ്ങളെ ബലപ്പെടുത്താന്‍ മതശാസനകള്‍ക്ക് കഴിയുന്നുണ്ടെന്നത് ഒരു വസ്തുതയാണ്. അതില്ലാതാകുമ്പോള്‍ തെറ്റുകുറ്റങ്ങള്‍ അധികരിക്കാനുള്ള സാദ്ധ്യതയും തള്ളിക്കളഞ്ഞുകൂട.

'ദൈവം എന്നൊന്നില്ലായിരുവെങ്കില്‍, ഒരു ദൈവത്തെ സൃഷ്ടിക്കാന്‍ മനുഷ്യന്‍ നിര്‍ബന്ധിതമാകുമായിരുന്നു' എന്ന് അഭിപ്രായപ്പെട്ട മഹാമനീഷികളും അര്‍ത്ഥമാക്കിയതിന്റെ പൊരുളും മറ്റൊന്നാവാന്‍ ഇടയില്ല. മതവിദ്യാഭ്യാസം കുറച്ചുകൂടി സൗഹാര്‍ദ്ദവല്‍ക്കരിക്കണമെന്ന പൊതു അഭിപ്രായത്തോട് എനിക്ക് യോജിപ്പാണ്. ഏത് മതമാണെങ്കിലും മതേതരമായാണ് വായിക്കപ്പെടേണ്ടതും പഠിപ്പിക്കപ്പെടേണ്ടതും.

മതബോധനം പരമതനിന്ദ വളര്‍ത്താതെ ആവണം. സൂഫീ ചിന്തകളിലും ഭക്തിപ്രസ്ഥാന ദര്‍ശനങ്ങളിലും വിമോചന ദൈവശാസ്ത്ര സങ്കല്‍പ്പങ്ങളിലും ഈന്നിയാവണം ഒരുബഹുമത സാമൂഹ്യഘടന നിലനില്‍ക്കുന്ന നമ്മുടെ രാജ്യത്ത്, വിശ്വാസസംഹിതകള്‍ പരിചയപ്പെടുത്തിക്കൊടുക്കാന്‍ അവലംബിക്കേണ്ടത്. വേദപാഠശാലകള്‍ കൊണ്ടും മദ്രസ്സകള്‍ കൊണ്ടും സെമിനാരികള്‍ കൊണ്ടും ഉണ്ടാകുന്നതായി പറയപ്പെടുന്ന ഗുണങ്ങളും ദോഷങ്ങളും ഒരു നിഷ്പക്ഷ വിശകലനത്തിന് വിധേയമാക്കിയാല്‍ ഗുണമാണ് എത്രയോ കൂടുതലെന്ന് നിഷ്പ്രയാസം പറയാനാകും.

മദ്രസ്സകള്‍ അടച്ചുപൂട്ടണമെന്ന ധ്വനിയില്‍ കേന്ദ്ര ബാലാവകാശ കമ്മീഷന്‍ പുറപ്പെടുവിച്ചതായി പറയപെടുന്ന നിര്‍ദ്ദേശങ്ങള്‍ ഏകപക്ഷീയവും സമൂഹത്തില്‍ വലിയ അസ്വസ്ഥതകള്‍ സൃഷ്ടിക്കപ്പെടാന്‍ ഏറെ സാദ്ധ്യതകളുള്ളതുമാണ്. ഒരു സര്‍ക്കാരും മതപഠനത്തിന് പണം നല്‍കുന്നതായി അറിവില്ല. സ്‌കൂളുകളില്‍ പോകാത്ത കുട്ടികളെ ലാക്കാക്കി, അവര്‍ക്ക് പ്രാഥമിക ഭൗതിക വിദ്യഭ്യാസവും നല്‍കുന്ന ഉത്തരേന്ത്യന്‍ സംവിധാനങ്ങളെ ദക്ഷിണേന്ത്യന്‍ മതപഠന രീതികളോട് സമീകരിക്കുന്നത് ശരിയല്ല.

സര്‍ക്കാരിന്റെ പണം മതപഠനത്തിനായി നല്‍കപ്പെടുന്നില്ല. ഓരോ മതവിഭാഗക്കാരും കുട്ടികളില്‍ നിന്ന് ഫീസ് പിരിച്ചാണ് അവരവരുടെ സ്ഥാപനങ്ങളിലെ അദ്ധ്യാപകര്‍ക്ക് മാസാമാസം ശമ്പളം നല്‍കുന്നത്. കമ്മീഷന്റെ മുനവെച്ചുള്ള പരാമര്‍ശങ്ങള്‍ ജനങ്ങളില്‍ തെറ്റിദ്ധാരണകള്‍ക്ക് വഴിവെക്കാനിടയുണ്ട്. ഉത്തരവാദപ്പെട്ടവര്‍ തന്നെ ഇത്തരം സത്യവിരുദ്ധമായ കാര്യങ്ങളുടെ പ്രചാരകരാകുന്നത് ഭൂഷണമല്ല. എലിയെപ്പേടിച്ച് ഇല്ലം ചുടുന്നതിന് സമാനമാകും അപ്രസക്തമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി മദ്രസ്സകള്‍ അടച്ചുപൂട്ടാനുള്ള അധികൃതരുടെ നീക്കം.