- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
2026-ലെ സൂര്യൻ ചുവക്കും; തിരഞ്ഞെടുപ്പിൽ പ്രതീക്ഷിച്ച മുന്നേറ്റം നടത്താനായില്ല; വൈകാരിക വിഷയങ്ങൾ ഉയർത്തി യുഡിഎഫും ബിജെപിയും വോട്ടർമാരെ തെറ്റിദ്ധരിപ്പിച്ചു, വിഭാഗീകരിച്ചു; ഇതിലും വലിയ പരാജയം മുൻപ് ഉണ്ടായിട്ടുണ്ട്; മൂന്നാമൂഴത്തിനു ജാഗ്രതയോടെ പ്രവര്ത്തിക്കുക; സധൈര്യം മുന്നോട്ടു പോവുക; കുറിപ്പുമായി കെ.ടി ജലീൽ
മലപ്പുറം: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ നേരിട്ട തിരിച്ചടി മറികടന്ന് 2026-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കേരളം വീണ്ടും ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് (LDF) ഒപ്പം നിൽക്കുമെന്ന് മുൻമന്ത്രി ഡോ. കെ.ടി. ജലീൽ. ഇടതുപക്ഷ പ്രവർത്തകർ ധൈര്യത്തോടെ മുന്നോട്ട് പോകണമെന്നും 2026 നമ്മുടേതാണെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ ആത്മവിശ്വാസം പ്രകടിപ്പിച്ചു.
2026-ലെ സൂര്യൻ ചുവക്കും എന്ന വാചകത്തോടെയാണ് കെ.ടി. ജലീൽ തൻ്റെ കുറിപ്പ് ആരംഭിച്ചത്. തദ്ദേശ തിരഞ്ഞെടുപ്പിൽ എൽഡിഎഫിന് പ്രതീക്ഷിച്ച മുന്നേറ്റം നടത്താൻ കഴിഞ്ഞില്ലെന്ന് അദ്ദേഹം കുറിപ്പിൽ പറയുന്നു. വൈകാരിക വിഷയങ്ങൾ ഉയർത്തി വോട്ടർമാരെ തെറ്റിദ്ധരിപ്പിക്കാനും വിഭാഗീകരിക്കാനും യു.ഡി.എഫിനും ബി.ജെ.പിക്കും ഒരു പരിധിവരെ സാധിച്ചുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എങ്കിലും, എല്ലാ മത-ജാതി-സമുദായ വിഭാഗങ്ങളിലെയും ഇടതുപക്ഷ മനസ്സുള്ളവർ എൽഡിഎഫിനൊപ്പം ഉറച്ചുനിന്നെന്നും ജലീൽ കൂട്ടിച്ചേർത്തു.
കെ.ടി ജലീലിന്റെ ഫെയ്‌സ്‌ബുക്ക് കുറിപ്പിന്റെ പൂർണരൂപം:
2026-ലെ സൂര്യൻ ചുവക്കും!
തദ്ദേശ തെരഞ്ഞെടുപ്പിൽ LDF-ന് പ്രതീക്ഷിച്ച മുന്നേറ്റം നടത്താൻ കഴിഞ്ഞില്ല. വൈകാരിക വിഷയങ്ങൾ ഉയർത്തി വോട്ടർമാരെ തെറ്റിദ്ധരിപ്പിക്കാനും വിഭാഗീകരിക്കാനും UDF-നും BJP-ക്കും ഒരു പരിധി വരെ സാധിച്ചു. എല്ലാ മത-ജാതി-സമുദായ വിഭാഗങ്ങളിലെ ഇടതുപക്ഷ മനസ്സുള്ളവരും LDF ൻ്റെ കൂടെ ഉറച്ചു നിന്നു.
ഇടതുപക്ഷം ഇതിലും വലിയ പരാജയമാണ് 2010-ൽ വി.എസ് സർക്കാരിൻ്റെ കാലത്ത് നടന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ ഏറ്റുവാങ്ങിയത്. തൊട്ടടുത്ത വർഷം 2011-ൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ തദ്ദേശ തെരഞ്ഞെടുപ്പിലെ വിജയത്തിൻ്റെ നാലയലത്ത് പോലും എത്താൻ UDF-ന് കഴിഞ്ഞില്ല. കേവലം രണ്ടു സീറ്റുകളുടെ വ്യത്യാസമേ LDF-ഉം UDF-ഉം തമ്മിൽ ഉണ്ടായിരുന്നുള്ളൂ.
2026-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ കേരളം വീണ്ടും ചുവക്കും. ഇടതുപക്ഷ പ്രവർത്തകർ സധൈര്യം മുന്നോട്ടു പോവുക. 2026 നമ്മുടേതാണ്. ചുവപ്പിൻ്റെ മൂന്നാമൂഴത്തിനു ജാഗ്രതയോടെ പ്രവർത്തിക്കുക.
ഇടതുപക്ഷ മുന്നണിയെ പിന്തുണച്ച എല്ലാ വോട്ടർമാർക്കും അഭിനന്ദനങ്ങൾ.
അതേസമയം, നിയമസഭാ തിരഞ്ഞെടുപ്പിന്റെ സെമിഫൈനൽ പോരാട്ടമായി കണക്കാക്കപ്പെട്ടിരുന്ന 2025-ലെ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് ഉജ്ജ്വല വിജയമാണ് നേടിയത്. ഭരണം കൈവിട്ടുപോയ കോർപ്പറേഷനുകൾ തിരിച്ചുപിടിച്ചും, മുനിസിപ്പാലിറ്റികളിലും ഗ്രാമപഞ്ചായത്തുകളിലും വ്യക്തമായ മുന്നേറ്റം നടത്തിയും യുഡിഎഫ് മുന്നണി കരുത്ത് തെളിയിച്ചു. അതേസമയം, കേരളത്തിൽ ആദ്യമായി ഒരു കോർപ്പറേഷനിൽ വിജയം നേടിക്കൊണ്ട് എൻ.ഡി.എ. ചരിത്രനേട്ടം കൈവരിച്ചു.
നിയമസഭാ തുടർഭരണം സ്വപ്നം കണ്ട ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് (എൽ.ഡി.എഫ്) കനത്ത തിരിച്ചടിയാണ് തിരഞ്ഞെടുപ്പ് ഫലം നൽകിയത്. ജില്ലാ പഞ്ചായത്തുകളിൽ യു.ഡി.എഫും എൽ.ഡി.എഫും ഏഴ് സീറ്റുകൾ വീതം നേടി തുല്യത പാലിച്ചു. കഴിഞ്ഞ തവണ അഞ്ച് കോർപ്പറേഷനുകൾ ഭരിച്ചിരുന്ന എൽ.ഡി.എഫിന് ഇക്കുറി കോഴിക്കോട് മാത്രമാണ് ഏറ്റവും വലിയ ഒറ്റക്കക്ഷിയാകാൻ കഴിഞ്ഞത് (ഇവിടെയും കേവലഭൂരിപക്ഷമില്ല).
തിരുവനന്തപുരം കോർപ്പറേഷൻ വിജയിച്ച് എൻ.ഡി.എ. ചരിത്രത്തിലാദ്യമായി കേരളത്തിൽ ഒരു കോർപ്പറേഷൻ ഭരണം സ്വന്തമാക്കി. (എൻ.ഡി.എ. 50, യു.ഡി.എഫ്. 19, എൽ.ഡി.എഫ്. 29). യു.ഡി.എഫ്. വിജയം: 2020-ൽ കണ്ണൂർ മാത്രം ലഭിച്ച യു.ഡി.എഫ്. ഇക്കുറി കൊച്ചിയും (എറണാകുളം) തൃശൂരും വൻ ഭൂരിപക്ഷത്തോടെ തിരിച്ചുപിടിച്ചു.കൊല്ലം കോർപ്പറേഷനിൽ യു.ഡി.എഫ്. വൻ അട്ടിമറി വിജയം നേടി. കണ്ണൂർ കോർപ്പറേഷനും യു.ഡി.എഫ്. നിലനിർത്തി.




