കോഴിക്കോട്: 'കാഫിര്‍' സ്‌ക്രീന്‍ഷോട്ട് പ്രചരിപ്പിച്ചതില്‍ പങ്കുണ്ടെന്നു പൊലീസ് റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്ന വ്യക്തികളുടെ സിപിഎം ബന്ധം പുറത്താകുമ്പോള്‍ ഉയരുന്നത് വന്‍ ഗൂഡാലോചനാ സംശയം. പൊലീസ് ഫോണ്‍ പിടിച്ചെടുത്തു പരിശോധനയ്ക്ക് അയച്ച റിബേഷ് രാമകൃഷ്ണന്‍ ഡിവൈഎഫ്‌ഐ വടകര ബ്ലോക്ക് പ്രസിഡന്റും ജില്ലാ കമ്മിറ്റി അംഗവുമാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ തലേന്നു വടകര മണ്ഡലത്തില്‍ വിവാദമായ കാഫിര്‍ പ്രചരണത്തിന് പിന്നിലെ രാഷ്ട്രീയം ഇതോടെ തളിയുകയാണ്. ഇതിനിടെ സ്‌ക്രീന്‍ ഷോട്ട് പ്രചരിച്ചവരെ തള്ളി പറഞ്ഞ കെ കെ ശൈലജയുടെ നിലപാടും പാര്‍ട്ടിക്ക് ഞെട്ടലായി. കോഴിക്കോടും കണ്ണൂരും ഇത് സിപിഎമ്മില്‍ വലിയ പൊട്ടിത്തെറിയാകും. നടക്കാനിരിക്കുന്ന പാര്‍ട്ടി സമ്മേളനത്തിലും വിമര്‍ശനമായി മാറും.

വടകര ആറങ്ങോട്ട് എല്‍പി സ്‌കൂള്‍ അധ്യാപകനാണ്. എന്നാല്‍, സംഭവത്തില്‍ റിബേഷിനെ തള്ളിപ്പറയാന്‍ ഡിവൈഎഫ്‌ഐ ജില്ലാ നേതൃത്വം ഇതുവരെ തയാറായിട്ടില്ല. പകരം നേതാക്കള്‍ക്കെതിരെ നടത്തുന്നതു കള്ളപ്രചാരണമാണെന്നും നിയമനടപടി സ്വീകരിക്കുമെന്നും നേതൃയോഗം വ്യക്തമാക്കി. ഉറവിടം സംബന്ധിച്ചു കൃത്യമായ വിവരം നല്‍കാന്‍ വാട്‌സാപ് ഗ്രൂപ്പുകളുടെ അഡ്മിന്‍മാര്‍ തയാറാകാത്തതിനാല്‍ തയാറാക്കിയവരിലേക്ക് എത്താന്‍ കഴിഞ്ഞില്ലെന്നാണ് പൊലീസ് നിലപാട്. എന്നാല്‍ സ്‌ക്രീന്‍ ഷോട്ട് ഷെയര്‍ ചെയ്യുന്നവരെ കേസില്‍ കുടുക്കുന്ന പല കേസുകളും കേരളത്തിലുണ്ടായിട്ടുണ്ട്. എന്നാല്‍ ഇവിടെ സ്‌ക്രീന്‍ ഷോട്ട് ഷെയര്‍ ചെയ്തവര്‍ കേസില്‍ സാക്ഷികള്‍ മാത്രമാണ്. അതിനിടെ കേസ് അന്വേഷിച്ച പോലീസുകാരെ സ്ഥലം മാറ്റുകയും ചെയ്തു. ഇതും ആരോപണങ്ങള്‍ക്ക് പുതുമാനം നല്‍കും.

എംഎസ്എഫ് ജില്ലാ സെക്രട്ടറി മുഹമ്മദ് കാസിമിന്റെ പേരില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ.കെ.ശൈലജയെ 'കാഫിര്‍' എന്നു വിളിച്ചു കൊണ്ടുള്ള സ്‌ക്രീന്‍ഷോട്ടാണ് പ്രചരിപ്പിച്ചത്. സ്‌ക്രീന്‍ഷോട്ട് തയാറാക്കി പ്രചരിപ്പിച്ചവര്‍ ആരായാലും ശിക്ഷിക്കപ്പെടണമെന്നായിരുന്നു ശൈലജയുടെ നിലപാട് വിശദീകരണം. പ്രചാരണത്തിനു പിന്നില്‍ ആരാണെന്ന് അറിയില്ല. പൊലീസ് റിപ്പോര്‍ട്ട് കണ്ടിട്ടില്ല. ഇടതെന്നു തോന്നിക്കുന്ന ചില പേരുകളില്‍ ഇടതുപക്ഷത്തിന് എതിരായ ഒട്ടേറെ പ്രചാരണങ്ങള്‍ തിരഞ്ഞെടുപ്പുകാലത്ത് നടന്നിരുന്നു. മുന്‍ എംഎല്‍എ കെ.കെ.ലതിക സ്‌ക്രീന്‍ഷോട്ട് ഷെയര്‍ ചെയ്യേണ്ടിയിരുന്നില്ല. ഇങ്ങനെയുള്ള കാര്യങ്ങള്‍ ജനങ്ങള്‍ അറിയേണ്ടതല്ലേ എന്നായിരുന്നു ഇക്കാര്യത്തില്‍ ലതികയുടെ മറുപടിയെന്നും ശൈലജ പറഞ്ഞിരുന്നു.

എംഎസ്എഫ് ജില്ലാ സെക്രട്ടറി മുഹമ്മദ് കാസിമിന്റെ പേരില്‍ ഈ പോസ്റ്റ് പോളിങ്ങിന്റെ തലേദിവസമാണ് വടകരയില്‍ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടത്. യുഡിഎഫിന്റെ വര്‍ഗീയ രാഷ്ട്രീയം എന്ന രീതിയില്‍ സിപിഎം കേന്ദ്രങ്ങള്‍ ഈ പോസ്റ്റ് വ്യാപകമായി പ്രചരിപ്പിച്ചിരുന്നു. കുറ്റ്യാടി മുന്‍ എംഎല്‍എ കെ.കെ.ലതിക അടക്കം ഇതു ഫെയ്‌സ്ബുക് പേജില്‍ ഷെയര്‍ ചെയ്തു. തുടര്‍ന്ന് സംഭവത്തില്‍ കേസെടുക്കണമെന്നാവശ്യപ്പെട്ടു സിപിഎം നേതാവ് വടകര പൊലീസില്‍ പരാതി നല്‍കി. 'യൂത്ത് ലീഗ് നെടുമ്പ്രമണ്ണ' എന്ന വാട്സാപ് ഗ്രൂപ്പില്‍നിന്ന് കാസിമിന്റെ പേരിലുള്ള സ്‌ക്രീന്‍ ഷോട്ടാണ് പ്രചരിച്ചത്.

എന്നാല്‍ കോഴിക്കോട് റൂറല്‍ സൈബര്‍ സെല്ലിന്റെ സഹായത്തോടെ കാസിമിന്റെ ഫോണ്‍ പരിശോധിച്ചതില്‍നിന്ന്, ഇത്തരമൊരു പോസ്റ്റ് ആ ഫോണില്‍ നിര്‍മിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്തിട്ടില്ല എന്നു പൊലീസ് കണ്ടെത്തി. ഇത്തരമൊരു വാട്സാപ് ഗ്രൂപ്പ് നിലവിലുണ്ടോ എന്ന കാര്യവും കാസിമിന്റെ പേരിലുള്ള മൊബൈല്‍ നമ്പറുകളില്‍ എത്ര വാട്സാപ് ഗ്രൂപ്പുകളുണ്ടെന്ന് കണ്ടെത്താനുമുള്ള നടപടികളും സ്വീകരിച്ചിരുന്നു. തുടര്‍ന്ന് തന്റെ പേരില്‍ വ്യാജ സ്‌ക്രീന്‍ ഷോട്ട് പ്രചരിപ്പിക്കുകയാണെന്ന് മുഹമ്മദ് കാസിം പരാതിപ്പെട്ടതോടെയാണ് കേസ് മാറി മറിഞ്ഞത്.

സ്‌ക്രീന്‍ഷോട്ട് പ്രചരിപ്പിച്ചതിന്റെ അന്വേഷണം ഇടത് വാട്സാപ് ഗ്രൂപ്പുകളില്‍ എത്തിനില്‍ക്കുന്നതായാണ് പൊലീസ് ഹൈക്കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്നത്. 'റെഡ് എന്‍കൗണ്ടര്‍' എന്ന ഇടത് അനുകൂല വാട്സാപ് ഗ്രൂപ്പ് കേന്ദ്രീകരിച്ച് അന്വേഷണം നടക്കുന്നതായും പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. വ്യാജ സ്‌ക്രീന്‍ ഷോട്ട് ഷെയര്‍ ചെയ്ത 'അമ്പാടിമുക്ക് സഖാക്കള്‍' എന്ന ഫെയ്‌സ്ബുക് പേജിന്റെ പ്രൊഫൈല്‍ വിവരങ്ങള്‍ ലഭിച്ചിരുന്നുവെന്ന് പൊലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു.

ഉറവിടം വെളിപ്പെടുത്താത്തതിനാല്‍ സ്‌ക്രീന്‍ഷോട്ട് ഷെയര്‍ ചെയ്ത 'പോരാളി ഷാജി' പേജിന്റെ അഡ്മിനായ വഹാബിന്റെ ഫോണും പിടിച്ചെടുത്തിട്ടുണ്ട്. സ്‌ക്രീന്‍ഷോട്ടിന്റെ ഉറവിടം സംബന്ധിച്ച് ഫെയ്‌സ്ബുക്കും വാട്സാപും ഇതുവരെ മറുപടി നല്‍കാത്തതിനാല്‍ പ്രതികള്‍ ആരെന്ന നിഗമനത്തില്‍ എത്താനാകില്ലെന്നും പൊലീസ് പറയുന്നു. അതിനിടെ ഐപിഎസ് തലപ്പത്ത് അഴിച്ചുപണിയില്‍ കാഫിര്‍ കേസ് അന്വേഷിച്ച ഉദ്യോഗസ്ഥര്‍ക്ക് അടക്കമാണ് സ്ഥലം മാറ്റം. ഏഴ് എസ്പിമാരെയും രണ്ട് കമ്മിഷണര്‍മാരെയും സ്ഥലം മാറ്റി. കോഴിക്കോട് റൂറലിലാണ് കാഫിര്‍ കേസ് റജിസ്റ്റര്‍ ചെയ്തത്. കോഴിക്കോട് റൂറല്‍ എസ്പി അരവിന്ദ് സുകുമാറിനെ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ അന്വേഷിക്കുന്ന വിഭാഗത്തിന്റെ എസ്പിയായി നിയമിച്ചു.

തിരുവനന്തപുരം ഡിസിപി പി.നിഥിന്‍രാജിനെ കോഴിക്കോട് റൂറല്‍ എസ്പിയാക്കി. കാഫിര്‍ വിവാദത്തില്‍ അന്വേഷണം ഇടതു ഗ്രൂപ്പുകളില്‍ എത്തിനില്‍ക്കുന്നതായി പൊലീസ് ഹൈക്കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ.കെ.ശൈലജയെ കാഫിര്‍ എന്നു വിളിച്ചുകൊണ്ടുള്ള സ്‌ക്രീന്‍ഷോട്ട് ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ പോളിങിന്റെ തലേദിവസമാണ് വടകരയില്‍ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടത്. കോഴിക്കോട് പൊലീസ് കമ്മിഷണര്‍ രാജ്പാല്‍ മീണയെ കണ്ണൂരിലേക്കു മാറ്റി. വയനാട് ജില്ലാ പൊലീസ് മേധാവി ടി.നാരായണനാണ് പുതിയ കോഴിക്കോട് കമ്മിഷണര്‍. തപോസ് ബസുമത്താരിയാണ് പുതിയ വയനാട് എസ്പി. കോട്ടയം എസ്പി കെ.കാര്‍ത്തിക്കിനെ വിജിലന്‍സ്, ആന്റി കറപ്ഷന്‍ ബ്യൂറോ (ഹെഡ്ക്വാര്‍ട്ടേഴ്സ്) എസ്പിയായി നിയമിച്ചു. എ.ഷാഹുല്‍ ഹമീദാണ് പുതിയ കോട്ടയം എസ്പി.