തിരുവനന്തപുരം: വടകരയിലെ 'കാഫിര്‍' സ്‌ക്രീന്‍ ഷോട്ട് വിവാദത്തില്‍ പ്രതികരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. കാഫിര്‍ പ്രശ്‌നത്തില്‍ സ്‌ക്രീന്‍ ഷോട്ടിന്റെ ഉറവിടം ആദ്യം അറിഞ്ഞ ശേഷം വിശദീകരണം ചോദിക്കേണ്ടവരോടൊക്കെ ചോദിക്കും. വിഷയം വിശദമായി വിശകലനം ചെയ്യുമ്പോള്‍ യുഡിഎഫിന്റെ തെറ്റായ പ്രചാരണത്തിന്റെ ഭാഗമായി ഉയര്‍ന്ന ഒരു പ്രത്യേക സംസ്‌കാരമാണ് അതിലേക്ക് നയിച്ചതെന്നാണ് വ്യക്തമാകുന്നതെന്നും എം വി ഗോവിന്ദന്‍ പ്രതികരിച്ചു.

'പോരാളി ഷാജിയാണോ ഇടതുപക്ഷം? സിപിഎമ്മിന്റെ നിലപാട് പറയേണ്ടത് സൈബര്‍ ഇടത്തിലെ പോരാളിഷാജിമാരല്ല. ആരെയെങ്കിലും പുകമറയില്‍ നിര്‍ത്തുകയോ സംശയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തുകയോ അല്ല വേണ്ടത്. കാഫിര്‍ സ്‌ക്രീന്‍ ഷോട്ടിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ പുറത്ത് കൊണ്ടുവരണം. വിഷയത്തില്‍ ആദ്യം പരാതി നല്‍കിയത് ഇടതുമുന്നണിയാണ്. പോരാളി ഷാജിയാണോ ഇടതുപക്ഷമെന്ന ചോദ്യമുയര്‍ത്തിയ എംവിഗോവിന്ദന്‍ സ്‌ക്രീന്‍ ഷോട്ട് ഷെയര്‍ ചെയ്ത മുന്‍ എംഎല്‍എയും സിപിഎം നേതാവുമായ കെ. കെ ലതികയെയും ന്യായീകരിച്ചു. സ്‌ക്രീന്‍ ഷോട്ട് ഷെയര്‍ ചെയ്തത് പ്രചരിപ്പിക്കാനല്ല. അത് നാടിന് ആപത്താണെന്ന് അറിയിക്കാനാണ്. അതിനെ തെറ്റിദ്ധരിക്കുന്നത് ശരിയല്ലെന്നാണ് എംവിഗോവിന്ദന്റെ വിശദീകരണം.

'കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് വിഷയം ഒറ്റപ്പെട്ട പ്രശ്‌നമെന്ന നിലയില്‍ കൈകാര്യം ചെയ്യാനാണ് ശ്രമം നടന്നത്. അത് ശരിയായ നിലപാടല്ല. അശ്ലീല പ്രചരണമടക്കം അവിടെയുണ്ടായി. യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി ഷാഫി പറമ്പില്‍ വന്നതിന് പിന്നാലെ തന്നെ കെ. കെ ശൈലജയെ അധിക്ഷേപിച്ചാണ് പ്രചാരണമുണ്ടായത്. വടകരയിലെ സിപിഎം സ്ഥാനാര്‍ത്ഥിയായിരുന്ന കെ. കെ ശൈലജക്കെതിരെ മുസ്ലീം വിരുദ്ധത ആരോപിക്കാന്‍ ബോധപൂര്‍വ്വം ശ്രമം നടന്നു. പാനൂര്‍ പ്രതികള്‍ക്കൊപ്പം കെകെ ശൈലജ നില്‍ക്കുന്ന ചിത്രം വ്യാജമായി ഉണ്ടാക്കി പ്രദര്‍ശിപ്പിക്കാന്‍ ശ്രമിച്ചു. മുസ്‌ലിം സമുദായം മുഴുവന്‍ വര്‍ഗീയവാദികളെന്ന് ശൈലജ പറഞ്ഞതായുള്ള പ്രചരണം ഉണ്ടായി. ലൗ ജിഹാദില്‍ ടീച്ചര്‍ക്ക് ആര്‍എസ്എസ് നിലപാടെന്ന് പ്രചരിപ്പിച്ചു.

പാനൂര്‍ ബോംബ് കേസ് പ്രതികള്‍ക്ക് ഒപ്പം ടീച്ചര്‍ നില്‍കുന്ന വ്യാജ ചിത്രങ്ങളും പ്രചരിപ്പിച്ചു. ഇവയ്ക്ക് പിന്നില്‍ ന്യൂ മാഹിയിലെ ലീഗ് പഞ്ചായത്ത് സെക്രട്ടറിയും ഗ്രാമപഞ്ചായത്ത് അംഗവുമായ അസ്ലം പേരാമ്പ്രയിലെ സല്‍മാന്‍ മാളൂര്‍ അടക്കം ലീഗ് പ്രവര്‍ത്തകരായിരുന്നു. തെറ്റായ വാര്‍ത്തകളുടെ പ്രചരണം, എഐ പിന്തുണയോടെയുള്ള ഇടപെലുകള്‍, കപട വാര്‍ത്തകള്‍ സൃഷ്ടിക്കുന്ന ആശയക്കുഴപ്പം എല്ലാറ്റിന്റെയും പ്രതിഫലനം ഉണ്ടായി. തെറ്റായ ഇത്തരം പ്രവണതകളെ തുറന്ന് കാണിക്കണമെന്നാണ് സിപിഎം സ്വീകരിക്കുന്ന നിലപാട്. എസ് ഡി പി ഐ-ജമാ അത്തെ ഇസ്ലാമി കൂട്ടുകെട്ടിലാണ് കോണ്‍ഗ്രസ് വടകരയില്‍ മത്സരിച്ചത്. അതാണ് 2.5 ശതമാനം വോട്ട് കുറഞ്ഞിട്ടും ചില മണ്ഡലങ്ങളില്‍ വലിയ ഭൂരിപക്ഷത്തിന് ജയിച്ചത്.