- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കണ്ണൂരിൽ പി കെ രാഗേഷിന്റെ നേതൃത്വത്തിൽ ഡി.സി.സിക്കെതിരെ വിമതയോഗം; രാജീവ് ജി സാംസ്‌കാരിക വേദി രൂപീകരിച്ചു മുൻപോട്ടു പോകാൻ നീക്കം; കണ്ണൂർ കോർപറേഷനിൽ അഴിമതിയുടെ കൂത്തരങ്ങെന്ന് കെപിസിസി അംഗം സി. രഘുനാഥ്; കണ്ണൂർ കോൺഗ്രസിൽ ഗ്രൂപ്പ് പോരിന്റെ സുനാമി
കണ്ണൂർ: കെപിസിസിഅധ്യക്ഷൻ കെ.സുധാകരന്റെ തട്ടകമായ കണ്ണൂരിൽ സുധാകരപക്ഷത്തിനെതിരെ ഗ്രൂപ്പുപോര് രൂക്ഷമാകുന്നു. പാർട്ടിയിൽ നിന്നും ഇടഞ്ഞുനിൽക്കുന്നവരും ഇപ്പോൾ പാർട്ടിയിൽ നിന്നും പുറത്താക്കപ്പെട്ടവരുമായ ഒരു വിഭാഗം നേതാക്കളും പ്രവർത്തകരുമാണ് കെ.സുധാകരന്റെ അതീവവിശ്വസ്തനായ മാർട്ടിൻ ജോർജ് നേതൃത്വം നൽകുന്ന ജില്ലാ നേതൃത്വത്തിനെതിരെയാണ് കോൺഗ്രസ് വിമതനേതാക്കൾ സംഘടിതമായി സമാന്തരനീക്കവുമായി രംഗത്തെത്തിയത്. ഡി.സി.സി നേതൃത്വത്തിനെതിരെ കോൺഗ്രസിൽ പുതിയ കൂട്ടായ്മ രൂപപ്പെടുന്നത് പാർട്ടിക്കുള്ളിൽ ആശങ്കസൃഷ്ടിച്ചിട്ടുണ്ട്.
ജില്ലാനേതൃത്വത്തെ അംഗീകരിക്കാത്ത ഭാരവാഹികളുടെയും പ്രവർത്തകരുടെയും നേതൃത്വത്തിൽ കഴിഞ്ഞ ദിവസം കണ്ണൂരിലെ ഒരു ഹോട്ടലിൽ രഹസ്യയോഗം ചേർന്നു.68 പേരാണ് യോഗത്തിൽ പങ്കെടുത്തത്.രാജീവ്ജി സാംസ്‌കാരിക വേദിയുണ്ടാക്കി ജില്ലമുഴുവൻ പ്രവർത്തനമാരംഭിക്കാനാണ് തീരുമാനം. കണ്ണൂർ കോർപറേഷൻ കൗൺസിൽ അംഗവും പാർട്ടിയിൽ നിന്നും പുറത്താക്കിയ നേതാവായ പി.കെ രാഗേഷ്, ഡി.സി.സി സെക്രട്ടറിയും കെപിസിസി അംഗവുമായ സി.രഘുനാഥ് എന്നിവരുടെ നേതൃത്വത്തിലാണ് സമാന്തര യോഗം വിളിച്ചു ചേർത്തത്.രാജീവ്ജി സാംസ്്കാരിക വേദിയുമായി അതൃപ്തരായ കോൺഗ്രസ് പ്രവർത്തകർ മുഴുവൻ അണിചേരുമെന്നും ജില്ലമുഴുവൻ പ്രവർത്തനം വ്യാപിപ്പിക്കുമെന്നും സംഘാടകർ അറിയിച്ചു.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ധർമടം മണ്ഡലത്തിൽ മുഖ്യമന്ത്രിക്കെതിരെ മത്സരിച്ച യു.ഡി. എഫ് സ്ഥാനാർത്ഥിയാണ് സി.രഘുനാഥ്. ജില്ലാകോൺഗ്രസ് നേതൃത്വത്തിനെതിരെ അതിരൂക്ഷമായ വിമർശനമാണ് പി.കെ രാഗേഷും സി.രഘുനാഥും രഹസ്യയോഗത്തിൽ നടത്തിയത്. കെപിസിസി അധ്യക്ഷൻ കെ.സുധാകരനെതിരെയും രഹസ്യയോഗത്തിൽ വിമർശനമുണ്ടായി. കണ്ണൂർ കോർപറേഷനിൽ പദ്ധതികളിൽ അടിമുടി അഴിമതിയാണെന്ന് സി.രഘുനാഥ് പിന്നീട് പരസ്യമായി വിമർശിച്ചു.
കണ്ണൂരിലെ പ്രാദേശിക ചാനലിന് നൽകിയ അഭിമുഖത്തിലാണ് കോർപറേഷനിലെ വിവിധ പദ്ധതികളിൽ കോടികൾ മറിയുന്നുവെന്ന വെളിപ്പെടുത്തലുമായി സി രഘുനാഥ് രംഗത്തെത്തിയത്. റോഡ് വൃത്തിയാക്കുന്നതിന് ലക്ഷങ്ങൾ ചെലവഴിച്ചുവാങ്ങിയ വാഹനം എത്രദിവസം ഉപയോഗിച്ചുവെന്ന് അദ്ദേഹം ചോദിച്ചു. ഉപയോഗശൂന്യമായി കട്ടപ്പുറത്താണിത്. ഒരു പഠനവും നടത്താതെയാണിത് വാങ്ങിയത്. റോഡരികുകൾ കോൺക്രീറ്റ് ചെയ്ത് വൃത്തിയായി സൂക്ഷിക്കുന്ന വിദേശരാജ്യങ്ങളിൽ ഉപയോഗിക്കുന്ന വണ്ടികൾ മാലിന്യം നിറഞ്ഞ കണ്ണൂർ കോർപറേഷനിലെ റോഡിൽ എങ്ങിനെ ഉപയോഗിക്കാനാകും.
12 കോടി ചെലവിലാണ് രണ്ടു കാർ പാർക്കിങ് കേന്ദ്രങ്ങൾ സ്ഥാപിക്കുന്നത്. ഇത് നടപ്പാക്കുമ്പോഴും ഒരു പരിശോധനയും നടന്നില്ല. ഈ പദ്ധതി ഒരിക്കലും പ്രായോഗികമാകില്ല. കോർപറേഷനിൽ കൊണ്ടുവരുന്ന പദ്ധതികളെല്ലാം വെട്ടിപ്പിനാണ്. റോഡ് അറ്റകുറ്റപ്പണിയിലും ഗുരുതര ക്രമക്കേടുകൾ നടന്നിട്ടുണ്ട്. പലയിടത്തും റോഡ് പണി തീരുന്നേയില്ല. ചിലയിടത്ത് ഗുണമേന്മയില്ലാത്ത അസംസ്‌കൃത വസ്തുക്കൾ ഉപയോഗിച്ചാണ് റോഡ് അറ്റകുറ്റപ്പണി നടന്നിട്ടുള്ളത്. കോൺക്രീറ്റ് ചെയ്തിടത്തും മറ്റും കമ്പികൾ പുറത്തുകാണുന്നുണ്ട്.
ബാങ്ക് വിപ്ലവമാണ് കണ്ണൂർ കോർപറേഷനിൽ നടക്കുന്നത്. പുതുതായി 44 ബങ്കുകളാണ് അനുവദിച്ചത്. ഇതൊക്കെ എങ്ങനെ വന്നു, ആർക്കൊക്കെ കൊടുത്തുവെന്നൊന്നും ആർക്കും ഒരു പിടിയുമില്ല. റോഡിൽ നടക്കാൻ കഴിയാത്ത അവസ്ഥയാണ് പയ്യാമ്പലംപോലുള്ള പ്രധാന കേന്ദ്രങ്ങളിൽപോലും. നാരങ്ങാ മിഠായിയും ഉപ്പുമാങ്ങയും വിൽക്കുന്ന ബങ്കുകൾ തുടങ്ങലല്ല ടൂറിസം വികസനമെന്നും സി രഘുനാഥ് തുറന്നടിച്ചു. വിമർശിക്കുന്നതിന്റെപേരിൽ കോൺഗ്രസ് നേതൃത്വം തൂക്കിക്കൊല്ലാൻ വിധിച്ചാലും പിന്മാറില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇതിനിടെ ബ്ളോക്ക് കോൺഗ്രസ് പ്രസിഡന്റ് നോമിനേഷനുമായി പാർട്ടിയോട് ഇടഞ്ഞു നിൽക്കുന്ന എ ഗ്രൂപ്പ് നേതാക്കൾ പൂർണമായും ജില്ലാ നേതൃത്വം നടത്തുന്ന പാർട്ടിപരിപാടികളിൽ നിന്നും വിട്ടുനിൽക്കുകയാണ്. തങ്ങളുടെ മൂന്ന് ബ്ളോക്ക് പ്രസിഡന്റ് സ്ഥാനം കെ.സുധാകര വിഭാഗം കൈക്കലാക്കിയെന്നാണ് ഇവരുടെ പരാതി. ഇതോടെ കെ. പി.സിസി ജനറൽ സെക്രട്ടറി സോണി സെബാസ്റ്റ്യന്റെ നേതൃത്വത്തിൽ രഹസ്യയോഗം ചേർന്നു എ വിഭാഗം നേതൃത്വത്തിനെതിരെ പരസ്യമായി വെല്ലുവിളിയുയർത്തിയിരിക്കുകയാണ്. വരും ദിവസങ്ങളിൽ ജില്ലയിലെ പ്രബലരായ എ ഗ്രൂപ്പ് നേതാക്കളും തങ്ങളോടൊപ്പം വരുമെന്ന പ്രതീക്ഷയിലാണ് പി.കെ രാഗേഷിന്റെ നേതൃത്വത്തിലുള്ള വിമത വിഭാഗം.




