കണ്ണൂർ: കണ്ണൂരിൽ കോർപറേഷൻ മേയറും എംഎ‍ൽഎയും തമ്മിൽ കൊമ്പുകോർക്കുന്നു. എംഎൽഎയുടെ അധികാരപരിധിയിൽ വരാത്ത വിഷയങ്ങളിൽ കൈകടത്തി പ്രശ്നങ്ങൾ വഷളാക്കുന്ന സമീപനമാണ് രാമചന്ദ്രൻ കടന്നപ്പള്ളി എംഎൽഎ സ്വീകരിക്കുന്നതെന്ന് മേയർ അഡ്വ. ടി ഒ മോഹനൻ മാധ്യമപ്രവർത്തകരോട് തുറന്നടിച്ചു.

റെയിൽവേ സ്റ്റേഷൻ പരിസരത്ത് കഴിഞ്ഞദിവസം ഉദ്ഘാടനം ചെയ്തുവെന്ന് പറയുന്ന പ്രീപെയ്ഡ് ഓട്ടോ സംവിധാനം എംഎൽഎയുടെ വിവരക്കേടിന്റെ ഏറ്റവും വലിയ ഉദാഹരണമാണ്. 2011ലെ പൊലീസ് ആക്റ്റിലെ 72 ആം വകുപ്പ് പ്രകാരം മേയർ അധ്യക്ഷനായി ജില്ലാ ഭരണകൂടത്തിന്റെയും പൊലീസിന്റെയും മോട്ടോർ വാഹന വകുപ്പിന്റെയും പൊതുമരാമത്ത് വകുപ്പിന്റെയും പ്രതിനിധികൾ ഉൾക്കൊള്ളുന്ന കോർപ്പറേഷൻ ട്രാഫിക് കമ്മിറ്റിയുടെ പരിഗണയിൽ വന്നു പരിഹാരത്തിൽ എത്തിനിൽക്കുന്ന പ്രീപെയ്ഡ് ഓട്ടോ സംബന്ധിച്ച വിഷയം ട്രാഫിക് റെഗുലേറ്ററി കമ്മിറ്റിയിൽ അംഗം പോലുമല്ലാത്ത എംഎൽഎ ഇടപെട്ട് വഷളാക്കിയിരിക്കുകയാണ്.

ഇതിനെല്ലാം കുടപിടിക്കുന്ന നാണംകെട്ട സമീപനമാണ് പൊലീസും മോട്ടോർ വാഹന വകുപ്പ് ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥ സംവിധാനവും സ്വീകരിക്കുന്നത്. പൊലീസ് ആക്ടിനെ തന്നെ പരിഹസിക്കുന്ന നിലപാടാണ് ഇവരുടേത്. കോർപ്പറേഷൻ ട്രാഫിക് റെഗുലേറ്ററി കമ്മിറ്റിയിൽ അംഗമായ ജില്ലാ മജിസ്ട്രേറ്റ് കൂടിയായ ജില്ലാ കലക്ടറുടെ അറിവോടെയും സമ്മതത്തോടെയുമാണോ ഇത്തരം നിയമവിരുദ്ധ നടപടികൾ എന്നറിയാൻ താൽപര്യമുണ്ടെന്നും മേയർ പറഞ്ഞു.

കോർപ്പറേഷൻ ട്രാഫിക് കമ്മിറ്റി യോഗം ചേരുകയും തൊഴിലാളി സംഘടനകളും ആയി ഉൾപ്പെടെ ആലോചിച്ച് പ്രീപെയ്ഡ് സംവിധാനത്തിന്റെ നടത്തിപ്പിന് ട്രോമാകെയർ ഉൾപ്പെടെയുള്ള സന്നദ്ധ സംഘടനകളുടെ സഹായം തേടുന്നതിന് തീരുമാനിച്ചപ്പോൾ അതിനെ എതിർക്കുകയും കോർപ്പറേഷൻ തന്നെ നടത്തണമെന്ന് വാശി പിടിക്കുകയും ചെയ്ത ആളുകൾ ഇപ്പോൾ അത്തരം സംഘടനകളെ ഏൽപ്പിച്ചു ഉദ്ഘാടനം നടത്തുന്നത് പരിഹാസ്യമാണ്. ജില്ലാ വികസന സമിതി യോഗത്തിൽ ട്രാഫിക് പൊലീസിനെ ചുമതലപ്പെടുത്തിയതിന് ശേഷം കോർപ്പറേഷനോ ട്രാഫിക് റെഗുലേറ്ററി കമ്മിറ്റിയോ അറിയിക്കാതെ വീണ്ടും ട്രോമാകെയറിനെ ഏൽപ്പിച്ച നടപടി നിതീകരിക്കാനാവില്ല.

ഇപ്പോൾ തൊഴിലാളി സംഘടനകളുടെ ഉൾപ്പെടെ ശക്തമായ എതിർപ്പ് ഉയർന്നപ്പോൾ കോർപ്പറേഷനെ അറിയിക്കാതെ യോഗം വിളിച്ചുചേർത്ത് രക്ഷക വേഷം കെട്ടി ആടുകയാണ് എംഎൽഎ. ഇല്ലാത്ത അധികാരപ്രയോഗം നടത്തുന്ന എംഎൽഎയുടെ നടപടി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അധികാരത്തിനു മേലുള്ള കടന്നുകയറ്റവും 2011 ലെ കേരള പൊലീസ് ആക്ടിന് വിരുദ്ധവുമാണെന്നും മേയർ ചൂണ്ടിക്കാട്ടി.