കണ്ണൂർ: ഏറെ നാളത്തെ തർക്കങ്ങൾക്കും വിവാദങ്ങൾക്കും ശേഷം കണ്ണൂർ കോർപറേഷൻ മേയർ പദവി കോൺഗ്രസ് നേതാവ് ടി.ഒ.മോഹനൻ ഒഴിയുന്നു. യു.ഡി.എഫിൽ ഇതു സംബന്ധിച്ചു കോൺഗ്രസ് - മുസലിം ലീഗ് ഉഭയകക്ഷി ചർച്ചയുടെ അടിസ്ഥാനത്തിലാണ് ടി.ഒ.മോഹനൻ ഡിസംബർ അവസാനവാരം രാജി സമർപിക്കാൻ തീരുമാനിച്ചത്. മുസ്ലിം ലീഗ് കോർപറേഷൻ പാർട്ടി കൗൺസിൽ ലീഡർ മുസ്ലീഹ് മഠത്തിൽ കോർപറേഷനിൽ യു.ഡി.എഫ് മേയർ സ്ഥാനാർത്ഥിയായി മത്സരിക്കും.

ഇതോടൊപ്പം മുന്നണി ധാരണയുടെ അടിസ്ഥാനത്തിൻ മുസ്ലിം ലീഗിനെ പ്രതിനിധീകരിക്കുന്ന കെ. ഷബീന ടീച്ചറും രാജിവയ്ക്കും. കോൺഗ്രസിലെ അഡ്വ.പി. ഇന്ദിര ഡെപ്യുട്ടി മേയർ സ്ഥാനത്തേക്ക് മത്സരിക്കാനും ധാരണയായിട്ടുണ്ട്. 2024 പുതു വർഷം പിറക്കുമ്പോൾ പുതു മേയറാണ് കണ്ണൂർ കോർപറേഷൻ ഭരിക്കുക. ജനുവരി ആദ്യവാരം മേയർ , ഡെപ്യുട്ടി മേയർ തെരഞ്ഞെടുപ്പ് നടക്കും.

നേരത്തെ രണ്ടര വർഷം വീതം കോൺഗ്രസും മുസ്ലിം ലീഗും മേയർ സ്ഥാനം പങ്കിടാൻ ധാരണയായിരുന്നു. എന്നാൽ കോൺഗ്രസ് പിന്നീട് അതിൽ നിന്നും പിന്മാറുകയായിരുന്നു. ഇതോടെ മുന്നണിയിൽ തർക്കവും തുടങ്ങി. ഒടുവിൽ കോർപറേഷൻ ഭരണം തന്നെ താഴെ വീഴ്‌ത്തുമെന്ന ഭീഷണി മുസ്ലിം ലീഗ് ജില്ലാ നേതൃത്വം മുഴക്കിയതോടെയാണ് കോൺഗ്രസിന് ഗത്യന്തരമില്ലാതെ സ്ഥാനം കൈമാറേണ്ടി വന്നത്
കോൺഗ്രസ് മേയർ സ്ഥാനം നൽകാൻ വിമുഖത കാണിച്ചതോടെ മുസ്ലിം ലീഗ് മുന്നണി പരിപാടികളും കോർപറേഷൻ പ്രവർത്തനങ്ങളും ബഹിഷ്‌കരിച്ചിരുന്നു.

ഇതേ തുടർന്ന് വിഷയം യു.ഡി.എഫ് സംസ്ഥാന നേതൃത്വത്തിലുമെത്തി. മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, കെ.പി സി.സി അധ്യക്ഷൻ കെ.സുധാകരൻ എന്നിവർ നടത്തിയ ചർച്ചയിലാണ് അവസാനത്തെ രണ്ടു വർഷം ലീഗിന് മേയർ പദവി നൽകാൻ തീരുമാനമായത്. 55 ഡിവി ഷനുകളുള്ള കണ്ണൂർ കോർപറേഷനിൽ കോൺഗ്രസ്സിന് യു.ഡി.എഫിന് 35 അംഗങ്ങളാണുള്ളത്. ഇതിൽ കോൺഗ്രസ് 21, മുസ്ലിം ലീഗ് 14 എന്നിങ്ങനെയാണ് കക്ഷിനില.