കണ്ണൂർ: കണ്ണൂർ കോർപറേഷൻ മേയർസ്ഥാനം കൈമാറുന്നതിനെ ചൊല്ലി കോൺഗ്രസും മുസ്ലിംലീഗും തമ്മിലുള്ള പോര് പൊട്ടിത്തെറിയിലേക്ക്. അവസാനത്തെ രണ്ടരവർഷം, മേയർ സ്ഥാനം കൈമാറുന്നില്ലെങ്കിൽ കോൺഗ്രസുമായി സഹകരണം വേണ്ടെന്ന് ഞായറാഴ്ച വൈകുന്നേരം നാലുമണിക്ക് കണ്ണൂർ കാൽടെക്സിലെ ജില്ലാ ആസ്ഥാനമായ ബാഫക്കി തങ്ങൾ മന്ദിരത്തിൽ ചേർന്ന മുസ്ലിം ലീഗ് ജില്ലാനേതൃയോഗം തീരുമാനിച്ചതായി ജില്ലാ അധ്യക്ഷൻ അബ്ദുൽ കരീം ചേലേരി അറിയിച്ചു.

തിങ്കളാഴ്‌ച്ച കണ്ണൂരിൽ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പങ്കെടുക്കുന്ന കണ്ണൂർ കോർപറേഷൻ വിജയോത്സവ പരിപാടി ബഹിഷ്‌കരിക്കുമെന്നും അദ്ദേഹം അറിയിച്ചു. കണ്ണൂർ കോർപറേഷൻ മേയർപദവി രണ്ടാം ടേമിൽ രണ്ടരവർഷം വിട്ടുനൽകണമെന്ന് മുസ്ലിം ലീഗ് നേതൃത്വം രേഖാമൂലം ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇതു അംഗീകരിക്കാൻ കോൺഗ്രസ് തയ്യാറാകാത്തതിനെ തുടർന്നാണ് മുന്നണിയിലെ രണ്ടു പ്രബലകക്ഷികൾ തമ്മിൽ പോരുതുടങ്ങിയത്.

കഴിഞ്ഞ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിന്റെ വിധി വന്നതിനു ശേഷം ഇക്കാര്യത്തിൽ ധാരണയായതാണെന്നും ഇതു സംബന്ധിച്ചു ഉന്നത നേതാക്കളുടെ മുൻപിൽ വെച്ചുകോൺഗ്രസ് സമ്മതിച്ചതാണെന്നും മുസ്ലിം ലീഗ് പറയുന്നു. എന്നാൽ പദവി കൈമാറേണ്ട സമയമെത്തിയപ്പോൾ കോൺഗ്രസ് മലക്കം മറിയുകയായിരുന്നുവെന്നാണ് ലീഗ് നേതാക്കൾ പറയുന്നത്.

എന്നാൽ ഇത്തരത്തിൽ ഒരു ധാരണ നഗരസഭയായിരുന്ന കാലത്തുമാത്രമേയുണ്ടായിരുന്നുള്ളൂവെന്നും, കോർപറേഷനിൽ അത്തരമൊരു ധാരണയുണ്ടായിട്ടില്ലെന്നാണ് കോൺഗ്രസ് പറയുന്നത്. മാത്രമല്ല അത്തരമൊരു കീഴ്‌വഴക്കമുണ്ടെങ്കിൽ തളിപ്പറമ്പ്, മലപ്പുറം നഗരസഭകളുടെ ചെയർമാൻ സ്ഥാനം രണ്ടാംകക്ഷിയായ തങ്ങൾക്ക് കൈമാറാൻ മുസ്ലിം ലീഗ് തയ്യാറാകണമെന്നും കോൺഗ്രസ് നേതാക്കൾ ആവശ്യപ്പെടുന്നുണ്ട്. മുസ്ലിം ലീഗിനെ സമ്മർദ്ദത്തിലാക്കാനാണ് ഈ നീക്കമെന്നാണ് കരുതുന്നത്.

കണ്ണൂർ കോർപറേഷൻ മേയർ പദവിയെ കുറിച്ചു കെപിസിസി അധ്യക്ഷൻ വിളിച്ചു ചേർത്ത യോഗത്തിൽ സമാവായമാകാത്തതിനെ തുടർന്ന് മുസ്ലിം ലീഗ് കഴിഞ്ഞ ദിവസം ജില്ലാകോൺഗ്രസ് കമ്മിറ്റി കെ.സുധാകരന് പിന്തുണ പ്രഖ്യാപിക്കാനായി നടത്തിയ രാഷ്ട്രീയ വിശദീകരണ യോഗത്തിൽ പങ്കെടുത്തിരുന്നില്ല. രാഷ്ട്രീയ വിശദീകരണ യോഗത്തിൽ മുഖ്യപ്രഭാഷകനായി തീരുമാനിക്കപ്പെട്ട കെ. എം ഷാജി കണ്ണൂർ ജില്ലാലീഗ് നേതൃത്വത്തിന്റെ ഇടപെടൽ കാരണം മാറിനിൽക്കുകയായിരുന്നു. സംസ്ഥാനത്തെ യു.ഡി. എഫ് ഭരിക്കുന്നഏക കോർപറേഷനാണ് കണ്ണൂർ. യു.ഡി. എഫിലെ സംഭവവികാസങ്ങൾ മുഖ്യപ്രതിപക്ഷമായ എൽ.ഡി. എഫ് നിരീക്ഷിച്ചുവരികയാണ്.