കണ്ണൂർ: തളിപറമ്പിൽ കുടുംബസംഗമത്തിന്റെ പേരിൽ സി.പി. എം - സി. പി. ഐ പോര് തുടങ്ങി. എൽ.ഡി. എഫ് സംസ്ഥാനവ്യാപകമായി ലോക്സഭാ തെരഞ്ഞെടുപ്പിന് മുൻപായി നടത്തിവരുന്ന കുടുംബസംഗമം പാർട്ടി ഗ്രാമമായ കീഴാറ്റൂിൽ സി.പി. എം കുടുംബസംഗമമാക്കി മാറ്റുന്നുവെന്നാണ് ആരോപണം. ഇതോടെ കീഴാറ്റൂരിൽ ഇരുപാർട്ടികളും തമ്മിലുള്ള ബന്ധം വഷളായിരിക്കുകയാണ്. ഇതിൽ പ്രതിഷേധിച്ചു കൊണ്ടു ഈ വരുന്ന പതിനെട്ടാം തീയ്യതി കീഴാറ്റൂരിലെ മാന്ധം കുണ്ടിൽ സി. പി. ഐ ബദൽ കുടുംബ സംഗമംനടത്തുമെന്ന് ജില്ലാകൗൺസിൽ അംഗം കോമത്ത് മുരളീധരൻ അറിയിച്ചു.

സംസ്ഥാനവ്യാപകമായി ലോക്സഭാതെരഞ്ഞെടുപ്പിന് മുൻപായി ബിജെപിക്കും കോൺഗ്രസിനുമെതിരെ രാഷ്ട്രീയ പ്രചരണം ശക്തമാക്കുന്നതിനുവേണ്ടിയാണ് ഇടതുമുന്നണി കുടുംബസംഗമങ്ങൾ വിളിച്ചു ചേർത്തത്. എന്നാൽസംസ്ഥാനവ്യാപകമായി എൽ.ഡി.എഫ് കുടുംബസംഗമങ്ങൾ നടത്താൻ തീരുമാനിച്ചതിന് വിരുദ്ധമായി തളിപറമ്പ് നോർത്ത് ലോക്കൽ കമ്മിറ്റിയിൽ സി.പി. എം തനിച്ചു കുടുംബസംഗമം നടത്താൻ തീരുമാനിച്ചതിനെ തുടർന്നാണ് സി.പി. ഐജില്ലാ നേതൃത്വത്തിന്റെ സമ്മതത്തോടെ പ്രാദേശിക ഘടകം ബദൽ കുടുംബസംഗമം നടത്താൻ തീരുമാനിച്ചത്.

ഒക്ടോബർ പത്തിന് വൈകുന്നേരം നാലുമണിക്ക് കീഴാറ്റൂരിൽ സി.പി. എം കുടുംബസംഗമം സംസ്ഥാനസെക്രട്ടറിയും മണ്ഡലം എംഎൽഎയുമായ എം.വി ഗോവിന്ദനാണ് ഉദ്ഘാടനം ചെയ്യുക. എംഎൽഎയുടെ മണ്ഡലം പരിപാടി സംബന്ധിച്ച അറിയിപ്പിലും സി.പി. എം നോർത്ത് കുടുംബസംഗമമെന്നാണ് കാണിച്ചിരിക്കുന്നത്. എന്നാൽ ആദ്യഘട്ടത്തിൽ സി. പി. എം കുടുംബസംഗമമായി നടത്താനാണ് തീരുമാനിച്ചതെങ്കിലും പിന്നീടത് എൽ.ഡി. എഫ് നേതൃത്വത്തിൽ നടത്താൻ തീരുമാനിക്കുകയായിരുന്നുവെന്ന് സി.പി. എംതളിപറമ്പ് നോർത്ത് ലോക്കൽസെക്രട്ടറി പുല്ലായിക്കൊടി ചന്ദ്രൻ പറഞ്ഞു.

പരിപാടിയിൽ സി.പി. ഐ തളിപറമ്പ് മണ്ഡലം സെക്രട്ടറി പി.കെ മുജീബ്റഹ്മാനെ ക്ഷണിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ പരിപാടിയിൽ പങ്കെടുക്കണോയെന്ന കാര്യംഇന്നു ചേരുന്ന പാർട്ടി യോഗത്തിൽ മാത്രമേ തീരുമാനിക്കുകയുള്ളൂവെന്ന് തന്നെ കുടുംബസംഗമത്തിൽ ക്ഷണിച്ചവിവരം സ്ഥിരീകരിച്ചിട്ടുണ്ട് മുജീബ് റഹ്മാൻ വ്യക്തമാക്കി. സി.പി. എം സ്വന്തം പരിപാടിയെന്ന നിലയിൽ മാന്ധം കുണ്ടിൽ നടത്തുന്ന കുടുംബസംഗമത്തിന്റെ ബോർഡുകളും ഫ്ളക്സുകളും ഉൾപ്പെടെ വൻതോതിൽ പ്രചരണം നടത്തിയ സാഹചര്യത്തിൽ സി.പി. ഐ നേതാക്കൾ പങ്കെടുക്കില്ലെന്നാണ് സൂചന.

ഇതിനു ബദലായി ഒക്ടോബർ പതിനെട്ടിന് മാന്ധം കുണ്ടിൽ വിളിച്ചു ചേർത്ത കുടുംബസംഗമവുമായി മുൻപോട്ടുപോകാനാണ് പാർട്ടിതീരുമാനം. കഴിഞ്ഞ മാസം ബിജെപിയെ പുറത്താക്കൂ രാജ്യത്തെ രക്ഷിക്കൂവെന്ന മുദ്രാവാക്യവുമായി സി.പി. ഐ ജില്ലാകൗൺസിൽ അംഗം കോമത്ത് മുരളീധരന്റെ നേതൃത്വത്തിൽ നടത്തിയ കാൽനടപ്രചരണജാഥയ്ക്കു മാന്ധംകുണ്ടിൽ സ്വീകരണം നൽകുന്നത് സി.പി. എം പ്രവർത്തകർ തടഞ്ഞിരുന്നു.

വാക്കേറ്റത്തെ തുടർന്ന് കോമത്ത് മുരളീധരനെപ്രവർത്തകരിൽ ചിലർ പിടിച്ചു തള്ളുകയും കൈയേറ്റത്തിന് മുതിരുകയുംചെയ്തിരുന്നു.സി.പി. ഐ ഉയർത്തിയ കൊടിമരവും കൊടിയും പ്രചരണബാർഡുകളും വ്യാപകമായി നശിപ്പിക്കുകയും ചെയ്തിരുന്നു. ഈ സംഘർഷം നിലനിൽക്കുന്നതിനിടെയാണ് വീണ്ടും കുടുംബയോഗങ്ങളിൽനിന്നും സി.പി. ഐയെ അകറ്റി നിർത്തി സി.പി. എം പോരിനിറങ്ങിയത്.