കണ്ണൂർ: വരുന്ന പാർലമെന്റ് തെരഞ്ഞെടുപ്പിൽ കണ്ണൂരിൽ കരുത്തനും പൊതുസ്വീകാര്യതയുമുള്ള സ്ഥാനാർത്ഥിയെ മത്സരിപ്പിക്കണമെന്ന് ബിജെപി ജില്ലാ നേതൃത്വം. തലശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ളാനിയുടെ ബിജെപിക്ക് വോട്ടുവാഗ്ദാനം ചെയ്തുകൊണ്ടുള്ള പ്രസംഗത്തോടെ, ബാലികേറാമലയായ കണ്ണൂരിൽ കൂടുതൽ പ്രതീക്ഷ പാർട്ടിക്ക് കൈവന്നിരിക്കുകയാണ്.

ജില്ലയിലെ ന്യൂനപക്ഷവോട്ടുകൾ പാർട്ടിക്ക് അനുകൂലമായി വന്നാൽ അദ്ഭുതം തന്നെ സൃഷ്ടിക്കാൻ കഴിയുമെന്നാണ് പാർട്ടി നേതാക്കൾ പറയുന്നത്. ക്രൈസ്തവ നേതാക്കളെ മാത്രമല്ല പിന്തുണയും സഹകരണവും അഭ്യർത്ഥിച്ചു അടുത്ത ദിവസങ്ങളിൽ മുസ്ലിം സാമുദായി കസംഘടനാ നേതാക്കളെയും ബിജെപി നേതൃത്വം കാണുന്നുണ്ട്. ഇതിന്റെ ഭാഗമായി വരും ദിവസങ്ങളിൽ വിപുലമായ ഇഫ്താർ സംഗമങ്ങൾ നടത്താൻ പാർട്ടി ആലോചിക്കുന്നുണ്ട്.

കേരളത്തിൽ സീറ്റു നേടുമെന്ന പ്രധാനമന്ത്രിയുടെ പ്രസംഗത്തിന്റെ പശ്ചാത്തലത്തിൽ കണ്ണൂർ എ ക്ളാസ് മണ്ഡലമായാണ് ബി.ജെപി വിലയിരുത്തുന്നത്. അതിശക്തനായ സ്ഥാനാർത്ഥിയാണെങ്കിൽ വോട്ടു ഒഴുകാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. ക്രൈസ്തവ സമുദായത്തിലെ പൊതുസ്വീകാര്യരായ വ്യക്തികളെയാണ് പാർട്ടി തേടുന്നത്. അനിൽ ആന്റണി, അൽഫോൻസ് കണ്ണന്താനം, ജോർജ് കുര്യൻ എന്നിവരുടെ പേരുകളാണ് ഇക്കൂട്ടത്തിൽ പരിഗണിക്കുന്നത്.

കെപിസിസി അധ്യക്ഷൻ കെ.സുധാകരന്റെ സിറ്റിങ് സീറ്റു പിടിച്ചെടുക്കുന്നതിനായി എ.കെ ആന്റണിയുടെ മകനെ ഇറക്കുന്നത് ഗുണം ചെയ്യുമെന്നാണ് പാർട്ടി വിലയിരുത്തൽ. ജില്ലയിൽ സുധാകരനോട് കടുത്ത എതിർപ്പുള്ള എ വിഭാഗത്തിന്റെ വോട്ടുകൾ ഇതുവഴി സമാഹരിക്കാൻ കഴിഞ്ഞേക്കുമെന്നാണ് പ്രതീക്ഷ. ഇവർ സന്നദ്ധരായില്ലെങ്കിൽ പാർട്ടി അഖിലേന്ത്യാ ഉപാധ്യക്ഷൻ എ.പി അബ്ദുള്ളക്കുട്ടി, ദേശീയ നിർവാഹകക സമിതിയംഗം പി.കെ കൃഷ്ണദാസ് എന്നിവരിൽ ആരെങ്കിലും ജനവിധി തേടും.

കണ്ണൂരിൽ മത്സരിക്കാൻ തയ്യാറാണെന്ന് സുരേഷ് ഗോപി പ്രസംഗിച്ചിരുന്നുവെങ്കിലും അദ്ദേഹം തൃശൂരിൽ തന്നെ മത്സരിക്കുമെന്നാണ് സൂചന. അബ്ദുള്ളക്കുട്ടിയെ കണ്ണൂരിൽ ചാവേറാക്കുന്നതിന് കേന്ദ്ര നേതൃത്വത്തിലും താൽപര്യമില്ല. ലക്ഷദ്വീപിലാണ് ഇക്കുറി അബ്ദുള്ളക്കുട്ടിക്ക് സീറ്റു നൽകിയേക്കുക. എന്നാൽ സ്ഥാനാർത്ഥി നിർണയചർച്ചകൾ പാർട്ടിക്കുള്ളിൽ നടക്കുമ്പോഴും എണ്ണയിട്ട യന്ത്രം പോലെ തെരഞ്ഞെടുപ്പ് പ്രവർത്തനം തുടങ്ങിയിരിക്കുകയാണ് ജില്ലാ നേതൃത്വം.

കാസർകോട്ടെ ബിജെപി നേതാവായ അഡ്വ. കെ. ശ്രീകാന്തിന് കണ്ണൂർ പാർലമെന്റ് മണ്ഡലത്തിന്റെ തെരഞ്ഞെടുപ്പ് ചുമതല നൽകിയിട്ടുള്ളത്. അഖിലേന്ത്യാ നേതൃത്വത്തിന്റെ നിർദ്ദേശത്തിനെ തുടർന്നാണ് നിലവിൽ സംസ്ഥാന സെക്രട്ടറിയായ അഡ്വ. കെ. ശ്രീകാന്തിനെ കണ്ണൂരിന്റെ ചുമതലയേൽപ്പിച്ചത്. ഇത്തവണ മറ്റുപാർട്ടികൾ ഒരുക്കങ്ങൾ തുടങ്ങും മുൻപെ ബിജെപി തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പ്രവർത്തനങ്ങൾ തുടങ്ങിയിട്ടുണ്ട്. കേരളം ബിജെപി പിടിക്കുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആവർത്തിച്ചുള്ള പ്രസംഗങ്ങൾ പാർട്ടി പ്രവർത്തകരെ ആവേശഭരിതരാക്കിയിട്ടുണ്ട്.

പതിവിൽ നിന്നും വ്യത്യസ്തമായി തുടക്കത്തിലെ ബിജെപിയോടൊപ്പം രാഷ്ട്രീയ സ്വയം സേവക് പ്രവർത്തകരും തെരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങിയിട്ടുണ്ട്. കണ്ണൂരിൽ ശ്രദ്ധ പതിപ്പിക്കണമെന്ന് ആർ. എസ്. എസ് അഖിലേന്ത്യാ നേതൃത്വവും നിർദ്ദേശിച്ചിട്ടുണ്ടെന്നാണ് സൂചന. പരമാവധി മികച്ച സ്ഥാനാർത്ഥിയെ നിർത്താനാണ് പാർട്ടി കണ്ണൂരിൽ ഒരുങ്ങുന്നത്. അതിശക്തമായ ത്രികോണമത്സരമാണ് പ്രതീക്ഷിക്കുന്നത്. പാംബ്‌ളാനി പിതാവിന്റെ സഹായവാഗ്ദാനം ബിജെപിക്ക് കണ്ണൂർ പാർലമെന്റ് മണ്ഡലത്തിലും പ്രതീക്ഷകൾ നൽകുന്നുണ്ട്. ഇടതു,വലതു മുന്നണികളുടെ വോട്ടുബാങ്കുകളിലേക്കാണ് പാർട്ടിയുടെ നോട്ടം.

എന്തുതന്നെയായാലും ഇലക്ഷൻ പ്രചാരണം കൊഴുപ്പിക്കാൻ തന്നെയാണ് ബിജെപിയുടെ തീരുമാനം. ഇതിന്റെ ഭാഗമായി പാർട്ടി സ്ഥാപക ദിനത്തിൽ ബിജെപി ദേശീയ പ്രസിഡണ്ട് മുതൽ ജില്ലാ പ്രസിഡണ്ട് വരെ രാജ്യത്തുടനീളം ചുമരെഴുത്ത് നടത്തി 2024 ലോകസഭ ഇലക്ഷന്റെ പ്രചാരണത്തിന് തുടക്കം കുറിച്ചിട്ടുണ്ട്. കണ്ണൂർ ജില്ലയിൽ ജില്ല അധ്യക്ഷൻ എൻ ഹരിദാസ് റെയിൽവേ സ്റ്റേഷൻ പരിസരത്ത് ചുമരെഴുത്ത് നടത്തി ജില്ലാതല പ്രചരണം ഉദ്ഘാടനം ചെയ്തു.

ഇതുകൂടാതെ, ക്രൈസ്തവ സമുദായത്തിൽ സ്വാധീനം വർധിപ്പിക്കാൻ ബിജെപി തന്ത്രപരമായ നീക്കങ്ങൾ തുടങ്ങിയതോടെ പ്രതിരോധിക്കാനാവാതെ വിരണ്ടിരിക്കുകയാണ് ഇടതു, വലതുമുന്നണികൾ. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പിൻതുണ ലക്ഷ്യമിട്ട് ഈസ്റ്റർ ദിനത്തിൽ ക്രൈസ്തവ സഭാ മേലധ്യക്ഷന്മാരുമായി സൗഹൃദ കൂടിക്കാഴ്‌ച്ച നടത്തുകയും ആശംസാകാർഡുകൾ ബിജെപി നേതാക്കൾ കൈമാറി.

കണ്ണൂരിൽ ജില്ലയിൽ ഈസ്റ്റർ ദിനത്തിൽ ബിജെപി മണ്ഡലം കമ്മിറ്റി പതിനായിരത്തോളം ആശംസാകാർഡുകളാണ് കൈമാറിയത്. യേശുവിന്റെ കുരിശുമരണവും ഉയർത്തെഴുന്നേൽപ്പും അനുസ്മരിച്ചു കൊണ്ടു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആശംസാകുറിപ്പും ഒപ്പും ചിത്രവുമാണ് ബിജെപി പ്രവർത്തകർ വീടുകളിലും പള്ളികളിലുമെത്തി കൈമാറിയത്. ഇതിന്റെ ഭാഗമായി തലശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പംപ്ലാനിയുമായി ബിജെപി നേതാക്കൾ കൂടിക്കാഴ്ച നടത്തി. പി കെ കൃഷ്ണദാസ്, എപി അബ്ദുള്ളക്കുട്ടി എന്നിവരുടെ നേതൃത്വത്തിലാണ് ബിജെപി നേതാക്കൾ ബിഷപ്പിനെ കണ്ടത്. ലോക്‌സഭ തെരഞ്ഞെടുപ്പ് ആസന്നമായ സാഹചര്യത്തിൽ ന്യൂനപക്ഷവിഭാഗങ്ങളുടെ പിന്തുണ ഉറപ്പാക്കുക ലക്ഷ്യമിട്ടാണ് ബിജെപി നേതാക്കളുടെ നടപടിയെന്ന ആരോപണം ഉയർന്നിട്ടുണ്ട്.

അതേസമയം ബിഷപ്പിനെ കണ്ടത് രാഷ്ട്രീയ ലക്ഷ്യത്തോടെയല്ലെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം പി കെ കൃഷ്ണദാസ് മാധ്യമപ്രവർത്തകരോട് പ്രതികരിച്ചു. ബിഷപ്പിന്റെ പ്രസ്താവനകൾ വ്യക്തിപരമായ അഭിപ്രായമല്ല. പൊതു സമൂഹത്തിന്റെ ആഗ്രഹമാണ്. ബിജെപിക്കും ആ അർത്ഥത്തിൽ പ്രതീക്ഷയുണ്ടെന്നും പി.കെ കൃഷ്ണദാസ് പറഞ്ഞു. വിവിധ മതമേലധ്യക്ഷന്മാരുമായി ബിജെപി നേതാക്കൾ സാധാരണഗതിയിൽ കൂടിക്കാഴ്‌ച്ച നടത്താത്തതാണ്. തലശേരി ബിഷപ്പ് ഉൾപ്പെടെയുള്ളവരെ ആഘോഷവേളകളിൽ ബിജെപി നേതാക്കൾ സന്ദർശിക്കുകയും സൗഹൃദം പുതുക്കുകയും ചെയ്യാറുണ്ട് ബിഷപ്പ് തന്റെ ആലക്കോട്ടെ പ്രസംഗത്തിൽ ഉന്നയിച്ച കർഷക പ്രശ്നങ്ങൾ പാർട്ടി പരിഗണിച്ചിട്ടുണ്ട്. ഇക്കാര്യം കേന്ദ്രസർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്നും കൃഷ്ണദാസ് വ്യക്തമാക്കി.

ഇതിനിടെ ഈസ്റ്റർ ദിനത്തിൽ കേന്ദ്ര വിദേശകാര്യസഹമന്ത്രി വി മുരളീധരൻ ലത്തീൻ അതിരൂപതാ ആസ്ഥാനത്തെത്തി ആർച്ച് ബിഷപ്പ് തോമസ് ജെ നെറ്റോയുമായി കൂടിക്കാഴ്ച നടത്തി. വെള്ളയമ്പലം ബിഷപ്പ് ഹൗസിലെത്തിയായിരുന്നു കൂടിക്കാഴ്ച. ഈസ്റ്റർ ആശംസ നേരാനാണ് ബിഷപ്പ് ഹൗസിലെത്തിയതെന്നായിരുന്നു മുരളീധരന്റെ പ്രതികരണം.

പെൺകുട്ടികളെ പ്രണയക്കെണിയിൽ കുടുക്കുന്നത് വർധിക്കുന്നുവെന്ന് തലശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പംപ്ലാനി ഈസ്റ്റർ ദിന സന്ദേശത്തിൽ അഭിപ്രായപ്പെട്ടിരുന്നു. സ്ത്രീധനമെന്ന സ്ത്രീ വിരുദ്ധ സമ്പ്രദായം അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തിന്മയുടെ ശക്തികൾ നേടുന്ന വിജയങ്ങൾ താൽക്കാലികമാണെന്നും ആത്യന്തികമായ വിജയം നേടുന്നത് ദൈവമാണെന്നും ഈശോയുടെ ഉത്ഥാനം നമ്മെ പഠിപ്പിക്കുന്നുവെന്നും അദ്ദേഹം സന്ദേശത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

വരുന്നലോക്സഭാ തെരഞ്ഞെടുപ്പിൽ കണ്ണൂരിൽ തോറ്റാൽ കോൺഗ്രസിനെക്കാളേറെ ദോഷം ചെയ്യുന്നത് സി.പി. എമ്മിനായിരിക്കും. കണ്ണൂരെന്ന പൊന്നാപുരം കോട്ട തകരുന്നത് നേതൃത്വത്തിന് നോക്കി നിൽക്കേണ്ടി വരും. മുഖ്യമന്ത്രിയുടെയും പാർട്ടി സംസ്ഥാന സെക്രട്ടറിയുടെയും തട്ടകത്ത് ജയിക്കാനായി പതിനെട്ട് അടവുകളും പാർട്ടി പയറ്റുന്നത് അതുകൊണ്ടു കൂടിതന്നെയാണ്.