തിരുവനന്തപുരം: സംസ്ഥാനത്താകെ 50 മണ്ഡലം പ്രസിഡന്റുമാരുടെ പ്രഖ്യാപനം ബിജെപി മാറ്റിവക്കുമ്പോള്‍ ചര്‍ച്ചകളില്‍ ഉയരുന്നത് പ്രായ പ്രതിസന്ധി. മണ്ഡലം പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടവരുടെ പ്രായക്കൂടുതല്‍ പ്രഖ്യാപനത്തിനു തടസ്സമായത്. 1980ന് ശേഷം ജനിച്ചവരായിരിക്കണം മണ്ഡലം പ്രസിഡന്റാകേണ്ടത് എന്നായിരുന്നു ദേശീയ നേതൃത്വത്തിന്റെ മാനദണ്ഡം. രണ്ടും മൂന്നും മാസത്തെ വ്യത്യാസം പ്രശ്‌നമാകില്ലെന്നു വിലയിരുത്തിയായിരുന്നു നടപടി. എന്നാല്‍ പ്രായത്തില്‍ വിട്ടുവീഴ്ചയില്ലെന്നും പുതിയ പ്രസിഡന്റിനെ കണ്ടെത്താനുമാണു കേന്ദ്രനിര്‍ദേശം. ഇതോടെ തിരുവനന്തപുരം നഗര ജില്ലാ പ്രസിഡന്റിന്റെ തിരഞ്ഞെടുപ്പും പ്രതിസന്ധിയിലേക്ക് കടക്കുകയാണ്. തിരുവനന്തപുരം നഗര ജില്ലാ പ്രസിഡന്റായി ചില കേന്ദ്രങ്ങള്‍ ഉയര്‍ത്തിക്കാട്ടുന്ന കരമന ജയന് അറുപത് വയസ് കഴിഞ്ഞെന്നാണ് ആക്ഷേപം. ജില്ലാ പ്രസിഡന്റിന് പരമാവധി 60 വയസ്സേ പാടുള്ളൂവെന്നാണ് കേന്ദ്ര നേതൃത്വം നിഷ്‌കര്‍ഷിച്ചിരിക്കുന്നത്.

തിരുവനന്തപുരം ജില്ലയില്‍ ബിജെപിക്ക് മൂന്ന് സംഘടനാ ജില്ലകളാണുള്ളത്. ഇതില്‍ തിരുവനന്തപുരം നഗര ജില്ലയില്‍ തിരുവനന്തപുരം, നേമം, വട്ടിയൂര്‍ക്കാവ്, കഴക്കൂട്ടം നിയമസഭാ മണ്ഡലങ്ങളാണുള്ളത്. ഇതില്‍ നേമത്തും വട്ടിയൂര്‍ക്കാവിലും കഴക്കൂട്ടത്തും ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയാണ് മുന്നിലെത്തിയത്. ഈ ജില്ലാ സംഘടനാ സംവിധാനത്തിലേക്ക് മൂന്ന് പേരാണ് മത്സരിച്ചത്. യുവമോര്‍ച്ചയുടെ മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റും ജനറല്‍ സെക്രട്ടറിയുമായ ആര്‍ എസ് രാജീവ്, കരമന ജയന്‍, കരമന അജിത്ത് എന്നിവര്‍. ഇതില്‍ ആര്‍ എസ് രാജീവിന് മുന്‍തൂക്കം കിട്ടുമെന്ന് പ്രതീക്ഷിക്കപ്പെട്ടു. ഇതിനിടെയാണ് കരമന ജയനെ പ്രസിഡന്റായി ചില കേന്ദ്രങ്ങള്‍ ഉയര്‍ത്തിക്കാട്ടിയത്. മുമ്പ് തിരുവനന്തപുരത്തെ 14 നിയമസഭാ മണ്ഡലങ്ങളും ചേര്‍ന്ന ജില്ലാ കമ്മറ്റിയുടെ അധ്യക്ഷനായിരുന്നു കരമന. ശ്രീപത്മനാഭ സ്വാമീ ക്ഷേത്രത്തിലെ കേന്ദ്ര സര്‍ക്കാര്‍ പ്രതിനിധിയുമാണ്.

ബിജെപിയിലെ വിവിധ ഗ്രൂപ്പുകളുടെ പിന്തുണ കരമന ജയനുണ്ട്. എന്നാല്‍ വോട്ടെടുപ്പില്‍ ജയന് രണ്ടാം സ്ഥാനമേ ഉള്ളൂവെന്ന സൂചനകളും പുറത്തു വന്നു. പൊതു സ്വീകാര്യത ചര്‍ച്ചയാക്കി കരമന ജയനെ തിരുവനന്തപുരം ജില്ലാ പ്രസിഡന്റാക്കാനുള്ള നീക്കം നടക്കുമ്പോഴാണ് പ്രായ പരിധിയില്‍ കേന്ദ്രം കടുംപിടിത്തം പിടിക്കുന്നത്. 2021ല്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ കരമന മത്സരിച്ചിരുന്നു. പാറശ്ശാലയില്‍ സ്ഥാനാര്‍ത്ഥിയാകുമ്പോള്‍ തനിക്ക് 56 വയസ്സാണെന്ന് രേഖകളില്‍ ചേര്‍ത്തിട്ടുണ്ട്. ഈ കണക്ക് അനുസരിച്ച് കരമന ജയന് 60 വയസ്സു കഴിഞ്ഞു. ഇതാണ് കരമനയ്ക്ക് എതിരേ ഉയരുന്ന വാദം. മണ്ഡലം പ്രസിഡന്റുമാര്‍ക്ക് പ്രായ പരിധിയില്‍ ഇളവില്ല. പിന്നെ എങ്ങനെ പ്രായം കഴിഞ്ഞ ജില്ലാ പ്രസിഡന്റ് തിരുവനന്തപുരത്ത് വരുമെന്ന ചോദ്യം ഉയര്‍ന്നു കഴിഞ്ഞു. നിലവില്‍ ബിജെപിയുടെ സംസ്ഥാന സെക്രട്ടറിയാണ് കരമന.

വി മുരളീധരന്‍-കെ സുരേന്ദ്രന്‍ പക്ഷത്തെ നേതാവാണ് ആര്‍ എസ് രാജീവ്. കരമന ജയന്‍ പികെ കൃഷ്ണദാസിനൊപ്പവും. എന്നാല്‍ പത്മനാഭ സ്വാമി ക്ഷേത്ര കമ്മറ്റിയില്‍ എത്തിയതോടെ കരമന ജയന്റെ ഗ്രൂപ്പ് സമവാക്യങ്ങളില്‍ മാറ്റമുണ്ടായിട്ടുണ്ട്. ഇത് തുണയാക്കി വീണ്ടും ജില്ലാ പ്രസിഡന്റാകാനാണ് കരമന ജയന്റെ നീക്കം. പ്രായ പരിധിയിലെ ചര്‍ച്ച ഇതിനെ അട്ടിമറിക്കുമോ എന്നതാണ് ഉയരുന്ന ചോദ്യം. വനിതാ, ന്യൂനപക്ഷ സമുദായ താല്‍പര്യങ്ങള്‍ പരിഗണിക്കുന്ന പേരുകള്‍ ചിലത് ഉള്‍പ്പെടുത്തണമെന്നതിനെത്തുടര്‍ന്ന് ചില മണ്ഡലങ്ങളിലെ പ്രസിഡന്റ് പ്രഖ്യാപനം മാറ്റിവച്ചിട്ടുണ്ട്. മലപ്പുറത്ത് 12 മണ്ഡലം കമ്മിറ്റികളാണ് ഇതുവരെയായത്. 20 കമ്മിറ്റികളാണ് ഇനിയാകേണ്ടത്. തിരുവനന്തപുരത്ത് 9 മണ്ഡലം കമ്മിറ്റികളില്‍ പ്രസിഡന്റായില്ല. എട്ടിലും പ്രായമാണ് തടസ്സം. അങ്ങനെ വരുമ്പോള്‍ തിരുവനന്തപുരത്തെ ജില്ലാ പ്രസിഡന്റിനും പ്രായ പരിധി വേണമെന്നതാണ് ഉയരുന്ന ആവശ്യം.

140 നിയോജകമണ്ഡലങ്ങളിലും 2 മണ്ഡലം എന്ന കണക്കില്‍ 280 മണ്ഡലം കമ്മിറ്റികളാണ് നിലവില്‍. മണ്ഡലം കമ്മിറ്റിയില്‍ 14 പേരും ജില്ലാ കമ്മിറ്റിയില്‍ 17 പേരുമാണ് ഭാരവാഹികളായി എത്തുന്നത്. 14 ജില്ലാ കമ്മിറ്റികളെ 30 സംഘടനാ ജില്ലാ കമ്മിറ്റികളായി വര്‍ധിപ്പിച്ചതോടെ നേരത്തേ ആകെ ജില്ലയില്‍ 238 ഭാരവാഹികള്‍ എന്നത് 510 ഭാരവാഹികളായി ഉയരും. ഫെബ്രുവരി 6ന് ഡല്‍ഹി തിരഞ്ഞെടുപ്പു കഴിഞ്ഞാലുടന്‍ ബിജെപിയുടെ ദേശീയ പ്രസിഡന്റ് പ്രഖ്യാപനമുണ്ടാകും.