കോഴിക്കോട് : പിവി അന്‍വറിന് പിന്നാലെ സിപിഎമ്മിനോട് സലാം പറയാന്‍ കാരാട്ട് റസാഖും. റസാഖിനെതിരെ സിപിഎം കടുത്ത തീരുമാനങ്ങളെടുക്കും. മദ്രസ ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് നീക്കാനാണ് സിപിഎം നീക്കം. ഇതു മനസ്സിലാക്കിയാണ് കാരാട്ട് റസാഖിന്റെ പരസ്യ വിമര്‍ശനം. മന്ത്രി മുഹമ്മദ് റിയാസിനെതിരെ രൂക്ഷ വിമര്‍ശനങ്ങളുന്നയിച്ച റസാഖ്, തന്റെ ആവശ്യങ്ങള്‍ ഒരാഴ്ചക്കകം അംഗീകരിച്ചില്ലെങ്കില്‍ മാറി ചിന്തിക്കുമെന്നും വാര്‍ത്താസമ്മേളനം വിളിച്ച് സിപിഎമ്മിന് മുന്നറിയിപ്പ് നല്‍കി. കൊടുവള്ളിയിലെ മുന്‍ സ്വതന്ത്ര എംഎല്‍എയാണ് കരാട്ട് റസാഖ്.

റിയാസ് പാര്‍ട്ടിയെ ഹൈജാക്ക് ചെയ്യുകയാണെന്ന് റസാഖ് ആരോപിച്ചു. 'തന്നെ തോല്‍പ്പിക്കാന്‍ ഗൂഡാലോചന നടത്തി. തന്റെ വികസന പദ്ധതികള്‍ മന്ത്രി റിയാസ് അട്ടിമറിച്ചു. മന്ത്രിയെ കൂട്ട് പിടിച്ച് കൊടുവള്ളി എം.എല്‍.എയും ലീഗ് പ്രവര്‍ത്തകരും വികസനം അട്ടിമറിക്കുകയാണ്. ഇക്കാര്യങ്ങള്‍ പരിഹരിക്കണമെന്ന് സിപിഎം ലോക്കല്‍ ഏരിയ കമ്മിറ്റികള്‍ക്ക് പരാതി കത്തായി നല്‍കിയിരുന്നു. ഇതിന് മൂന്ന് വര്‍ഷമായി മറുപടി ഇല്ല. ഇന്ന് ഒരാഴ്ചയോ പത്ത് ദിവസമോ കാത്തിരിക്കും. അതിന് ശേഷം നിലപാട് പ്രഖ്യാപിക്കും-റസാഖ് പറയുന്നു. മുഖ്യമന്ത്രിയെ ചൊടുപ്പിക്കാന്‍ വേണ്ടിയാണ് റിയാസിനെ റസാഖ് കടന്നാക്രമിച്ചത്. മുഖ്യമന്ത്രിയെ പുകഴ്ത്തി റിയാസിനെ വിമര്‍ശിക്കുകയാണ് മുന്‍ എംഎല്‍എ.

മുഖ്യമന്ത്രിയോടോ സി പി എം സംസ്ഥാന-ജില്ലാ നേതൃത്വത്തോടോ ഇതുവരെ അഭിപ്രായ വ്യത്യാസമില്ല. ലോക്കല്‍-ഏരിയ കമ്മിറ്റികളുമായാണ് പ്രശ്‌നം. ഇപ്പോഴും ഇടത് സഹയാത്രികന്‍ തന്നെയാണ്. ഇപ്പോള്‍ അന്‍വറിനൊപ്പം പോകുന്ന കാര്യം തീരുമാനിച്ചിട്ടില്ല. ഇപ്പോഴും ഇടതുപക്ഷ സഹയാത്രികനാണ്. അതിനാല്‍ അന്‍വര്‍ ഉന്നയിച്ച സ്വര്‍ണ്ണക്കടത്ത് ആരോപണങ്ങളെ കുറിച്ച് കൂടുതല്‍ പറയുന്നില്ല. ഇന്നലെ അന്‍വറിനെ കണ്ട ശേഷം നിരവധി യുഡിഎഫ് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ പിന്തുണയുമായി വന്നുവെന്നും റസാഖ് പറയുന്നു. അന്‍വറിന്റെ പാര്‍ട്ടിയില്‍ റസാഖും ചേരുമെന്നാണ് സൂചന.

മദ്രസ ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് നീക്കിയാല്‍ ആ സ്ഥാനം ഒഴിയും. കാറില്‍ നിന്ന് ബോര്‍ഡ് ഇതിനോടകം തന്നെ നീക്കിയിട്ടുണ്ട്. പുതിയ പാര്‍ട്ടി പോലും രൂപീകരിച്ചേക്കും. അതിലും തീരുമാനമെടുത്തിട്ടില്ല. ലീഗിലേക്ക് പോകില്ല. ലീഗ് അണികള്‍ നല്ലവരാണ്. പക്ഷേ നേതാക്കള്‍ ശരിയല്ല. അന്‍വര്‍ ക്ഷണിച്ചു. കാത്തിരിക്കൂ എന്നാണ് മറുപടി പറഞ്ഞത്. താന്‍ പറയുന്നത് സിപിഎമ്മിനുളള അന്ത്യശാസനമല്ല. ഒരു പാര്‍ട്ടിക്ക് എതിരെ താന്‍ എങ്ങനെ അന്ത്യശാസനം നല്‍കുമെന്നും റസാഖ് ചോദിച്ചു.

കൊടുവള്ളിയില്‍ ഏറെ സ്വാധീനമുള്ള നേതാവാണ് റസാഖ്. മുസ്ലീം ലീഗില്‍ നിന്നും 2016ല്‍ ഇടതുപക്ഷത്തിന് വേണ്ടി അവിടെ ജയിച്ചത് റസാഖ് ആയിരുന്നു. എന്നാല്‍ കഴിഞ്ഞ തവണ എംകെ മുനീറിനെ സ്ഥാനാര്‍ത്ഥിയാക്കി സീറ്റ് ലീഗ് പിടിച്ചു. ഇതോടെയാണ് സിപിഎമ്മുമായി കാരാട്ട് റസാഖ് അകലാന്‍ തുടങ്ങിയത്.