- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഫസല്‍ വധക്കേസ് പ്രതിയായ കാരായി ചന്ദ്രശേഖരനെ സിപിഎം നഗരസഭാ ചെയര്‍മാന്‍ സ്ഥാനാര്‍ത്ഥിയായി മത്സരിപ്പിക്കുന്നു; തീരുമാനം സിബിഐ കോടതിയുടെ വിധി വരാനിരിക്കവേ
തീരുമാനം സിബിഐ കോടതിയുടെ വിധി വരാനിരിക്കവേ
കണ്ണൂര്‍: തലശേരി സൈദാര്‍ പള്ളിയിലെ എന്‍.ഡി.എഫ് പ്രവര്‍ത്തകന്‍ മുഹമ്മദ്ഫസല്‍ വധക്കേസിലെ പ്രതിയായ സി.പി.എം നേതാവ് കാരായി ചന്ദ്രശേഖരന്‍ തലശ്ശേരി നഗരസഭയില്‍ സി പി എം സ്ഥാനാര്‍ത്ഥിയായി മത്സരിക്കും. തലശ്ശേരി നഗരസഭയിലെ ചെള്ളക്കര വാര്‍ഡിലാണ് ചന്ദ്രശേഖരന്‍ മത്സരിക്കുന്നത്. ഫസല്‍ വധക്കേസില്‍ ഗൂഢാലോചനക്കുറ്റമാണ് ചന്ദ്രശേഖരനെതിരെ ചുമത്തിയത്. 2015ല്‍ തലശ്ശേരി നഗരസഭ ചെയര്‍മാനായിരുന്നു കാരായി ചന്ദ്രശേഖരന്‍.
ജാമ്യ വ്യവസ്ഥ പ്രകാരം ജില്ലയില്‍ പ്രവേശിക്കുന്നതിന് തടസമുണ്ടായതിനാല്‍ ചെയര്‍മാന്‍ സ്ഥാനം രാജി വെച്ചിരുന്നു. ഇത്തവണ കാരായി ചന്ദ്രശേഖരനെ വിജയിപ്പിച്ച് ചെയര്‍മാനാക്കാനാണ് സി.പി.എം ലക്ഷ്യമിടുന്നത്. തലശേരിയിലെ മുതിര്‍ന്ന സി.പി.എം നേതാക്കളിലൊരാളാണ് കാരായി ചന്ദ്രശേഖരന്‍. നിലവില്‍ സി.പിഎം ഏരിയാ കമ്മിറ്റിയംഗമാണ് ഇദ്ദേഹം.
ഭരണ തുടര്‍ച്ചയ്ക്കായി പഴുതടച്ച പ്രവര്‍ത്തനങ്ങള്‍ തലശേരിയില്‍ ചുവപ്പിനൊട്ടും മങ്ങലേല്‍ക്കാതെ ഭരണം നിലനിര്‍ത്താനാണ് സി.പി.എം നേതൃത്വം നല്‍കുന്ന എല്‍.ഡി.എഫിന്റെ ശ്രമം. കണ്ണൂര്‍ ജില്ലയിലെ ആക്രമ രാഷ്ട്രീയത്തിന്റെ കേന്ദ്ര ഭൂമികളിലൊന്നായ തലശേരിയില്‍ ഒട്ടേറെ രക്തസാക്ഷികള്‍ പാര്‍ട്ടിക്കായി ജീവന്‍ ബലിയര്‍പ്പിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ സി.പി.എമ്മിനെ സംബന്ധിച്ചിടുത്തോളം സെന്‍സെറ്റീവാണ് തലശേരി നഗരസഭയിലെ ആധിപത്യം നിലനിര്‍ത്തുകയെന്നത്.
159 വര്‍ഷം പിന്നിട്ട തലശ്ശേരി നഗരസഭയില്‍ ഇക്കുറിയും ഇടതു ആധിപത്യം തുടരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. വര്‍ഷങ്ങളായി 'ചുവന്ന' തലശ്ശേരിയുടെ തിലകക്കുറി ഇക്കുറിയും മായില്ലെന്ന് ഉറപ്പു വരുത്തുകയാണ് ഇടതു മുന്നണി. അത്ര കണ്ട് സൂക്ഷ്മതയോടെയാണ് നഗരസഭയില്‍ ഇടതുപക്ഷ നീക്കങ്ങള്‍. വാര്‍ഡുകളുടെ എണ്ണം 52 ല്‍ നിന്നും ഇക്കുറി 53 ആയിട്ടുണ്ട്. 53 വാര്‍ഡുകളിലും സീറ്റ് വിഭജനം പൂര്‍ത്തിയാക്കി ഒരുപടി മുന്നിലെത്തിയിരിക്കുകയാണ് എല്‍.ഡി.എഫ്.
സി.പി.എം. 46 സീറ്റിലും, സി.പി.ഐ. അഞ്ച് സീറ്റിലും മത്സരിക്കും. എന്‍.സി.പി, ഐ.എന്‍.എല്‍ എന്നീ ഘടക കക്ഷികള്‍ക്ക് ഓരോ സീറ്റ് വീതം നല്‍കാനാണ് ധാരണ. യു.ഡി.എഫില്‍ സീറ്റ് വിഭജന ചര്‍ച്ചകള്‍ അന്തിമ ഘട്ടത്തിലാണ്. പുതുതായി വന്ന ഗാര്‍ഡസ് കോണ്‍ഗ്രസിനും, ലീഗിനും താല്‍പര്യമുള്ള വാര്‍ഡാണ്. സൈദാര്‍പള്ളി വാര്‍ഡിന്റെ ഭാഗങ്ങള്‍ ഉള്ളതിനാല്‍ മുസ്ലിം ലീഗിനും, സെയ്ന്റ് പീറ്റേഴ്‌സ് വാര്‍ഡിന്റെ ഭാഗമായതിനാല്‍ കോണ്‍ഗ്രസിനും ഈ സീറ്റില്‍ ഏറെതാല്‍പ്പര്യമുണ്ട്.
ബാക്കി വാര്‍ഡുകളില്‍ കഴിഞ്ഞ തവണത്തെ പോലെ കോണ്‍ഗ്രസ് 35 വാര്‍ഡുകളിലും, മുസ്ലിം ലീഗ് 17 വാര്‍ഡുകളിലും മത്സരിക്കാനാണ് നിലവിലെ ധാരണ. നേതാക്കളായ എ.കെ. അബൂട്ടി ഹാജി, എ.കെ. സക്കരിയ, നിലവിലെ കൗണ്‍സിലര്‍ ടി.വി. റാഷിദ എന്നിവര്‍ ലീഗ് സ്ഥാനാര്‍ത്ഥികളാകും. ചിത്രകാരന്‍ ബി.ടി.കെ അശോകിന്റെ ഭാര്യ രമ്യ അശോക് ഇക്കുറി കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടികയിലുണ്ട്. നിലവില്‍ യു.ഡി.എഫിന് 7 കൗണ്‍സിലര്‍മാരാണുള്ളത്. കോണ്‍ഗ്രസിന് മൂന്നും മുസ്ലിം ലീഗിന് നാലും.
എന്‍.ഡി.എ. സ്ഥാനാര്‍ത്ഥി പ്രഖ്യാപനം അടുത്ത ദിവസങ്ങളില്‍ ഉണ്ടാകുമെന്നാണ് സൂചന. കണ്ണൂര്‍ജില്ലയില്‍ ബി.ജെ.പിക്ക് ഏറ്റവും കൂടുതല്‍ കൗണ്‍സിലര്‍മാരുള്ളത് തലശ്ശേരി നഗരസഭയിലാണ്. അതുകൊണ്ടുതന്നെ സീറ്റുകള്‍ വര്‍ദ്ധിപ്പിക്കാനാണ് ബി.ജെ.പിയുടെ ശ്രമം.ബി.ജെ.പി നേതാവായ ലിജേഷ് പുന്നോല്‍ വധക്കേസിലെ പ്രതിയായതും ആക്രമ രാഷ്ട്രീയത്തില്‍ ഏറ്റവും ഒടുവില്‍ പഴി ചാരപ്പെട്ടതും ബിജെപിയെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്.




