- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കരുവന്നൂർ മോഡൽ നിരവധിയെന്ന് സൂചിപ്പിച്ചു സംസ്ഥാന കമ്മിറ്റി അംഗീകരിച്ച രേഖ; സമാന പരാതികൾ തടയാൻ ജില്ലാതലങ്ങളിൽ സിപിഎം ഇടപെടൽ; വൻതുകകൾ വായ്പ്പ നൽകുന്നതിൽ ജാഗ്രത വേണമെന്ന് നിർദ്ദേശം; 10 ലക്ഷം വരെ വായ്പയെടുത്ത ശേഷം ഒറ്റത്തവണ പോലും തിരിച്ചടയ്ക്കാത്തവരും നിരവധി; ഇഡി വിഷയത്തിൽ മൊയ്തീനെ തൽക്കാലം പാർട്ടി സംരക്ഷിക്കും
കൊച്ചി: കരുവന്നൂർ മോഡൽ തട്ടിപ്പ് സംസ്ഥാനത്ത് അങ്ങോളമിങ്ങോളം ഉണ്ടാകാമെന്ന് വിലയിരുത്തി സിപിഎം. കരുവന്നൂർ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ടു മുന്മന്ത്രി എ.സി.മൊയ്തീനെതിരെ ആരംഭിച്ച ഇഡി നീക്കത്തെ സിപിഎം എതിർക്കുന്നുണ്ടെങ്കിലും സമാനമായ നിരവധി സംഭവങ്ങൾ ഉണ്ടാകുമെന്ന ആശങ്കയിലാണ് പാർട്ടി. സഹകരണ മേഖലയിലാകെയും നടക്കുന്ന കാര്യങ്ങളിൽ പാർട്ടി തീർത്തും അതൃപ്തരാണ്.
മുൻപൊരിക്കലും ഉണ്ടായിട്ടില്ലാത്ത തോതിൽ അഴിമതി ആ മേഖലയിൽ പടർന്നുപിടിച്ചതായാണു നേരത്തെ സംസ്ഥാന കമ്മിറ്റി വിലയിരുത്തിയത്. നേരത്തെ തന്നെ ഇത്തരം വിലയിരുത്തലിലാണ് പാർട്ടി. ഇക്കാര്യം വ്യക്തമാക്കുന്നതാണ് സിപിഎം സംസ്ഥാന കമ്മിറ്റി അംഗീകരിച്ച രേഖയിലും വ്യക്തമാക്കുന്നത്. കരുവന്നൂർ മോഡൽ തട്ടിപ്പ മറ്റിടങ്ങളിലും ഉണ്ടെന്നതാണ് സിപിഎം േരഖയിൽ വ്യക്തമാക്കിയിരുന്നത്.
സഹകരണ മേഖലയിൽ സിപിഎം കാര്യമായി തന്നെ നിരീക്ഷണങ്ങൾ നടത്തിയിരുന്നു. പാർട്ടിക്കാർ കൃത്യമായി ഉത്തരവാദിത്തം നിർവഹിച്ചു. സഹകരണ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്ന നേതാക്കൾ അടങ്ങുന്ന സബ് കമ്മിറ്റിയും ജാഗ്രത പുലർത്തി. എന്നാൽ, ആ പാർട്ടി നിരീക്ഷണത്തിൽ പിന്നീടു പാളിച്ച വന്നതായാണു സംസ്ഥാന നേതൃത്വം വിലയിരുത്തുന്നത്.
സംഘങ്ങളെ നിയന്ത്രിക്കുന്ന പാർട്ടി നേതൃത്വത്തിനും വീഴ്ച സംഭവിച്ചെന്ന സിപിഎമ്മിന്റെ തന്നെ വിശകലനം മുതിർന്ന നേതാവ് എ.സി.മൊയ്തീനും ബാധകമാണോ എന്ന സന്ദേഹമാണ് പുതിയ സംഭവവികാസങ്ങൾ ഉയർത്തുന്നത്. ഇതുവരെയുള്ള പരിശോധനയിൽ പാർട്ടി അങ്ങനെ കരുതുന്നില്ല എന്നതുകൊണ്ടുതന്നെ മൊയ്തീനെ കൈവിടുകയുമില്ല. എന്നാൽ ഇഡിയുടെ തുടർനീക്കങ്ങൾ മൊയ്തീനും തൃശൂരിലെ പാർട്ടിക്കും നിർണായകമാകും.
അതേസമയം സംസ്ഥാനത്ത് സിപിഎം ഭരിക്കുന്ന സഹകരണ ബാങ്കുകളിൽ ഡയറക്ടർ ബോർഡംഗങ്ങളുടെ ശുപാർശയിൽ വൻ തുകകൾ വായ്പ നൽകുന്നതു വിവാദമായതോടെ തിരക്കിട്ട് പാർട്ടി ഇടപെടൽ. കരുവന്നൂർ വായ്പാ വിവാദത്തിൽ മുൻ മന്ത്രി എ.സി.മൊയ്തീൻ എൻഫോഴ്സ്മെന്റിന്റെ അന്വേഷണ പരിധിയിൽ വന്നതോടെയാണ് പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് ജില്ലാ സെക്രട്ടറിമാർക്ക് ഇതുസംബന്ധിച്ചു കുറിപ്പയച്ചത്.
ബാങ്കുകൾ അമിതമായി വ്യാപാര സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും നൽകിയിട്ടുള്ള വായ്പകൾ ഭൂരിപക്ഷവും തിരിച്ചുപിടിച്ചില്ലെന്നു ജീവനക്കാരുടെ സംഘടനകൾ തന്നെ പരാതിപ്പെട്ടിരിക്കുകയാണ്. 10 ലക്ഷം രൂപവരെ വായ്പയെടുത്തശേഷം ഒറ്റത്തവണപോലും തിരിച്ചടയ്ക്കാത്തവരുണ്ട്. അടിയന്തരമായി സിപിഎം ഏരിയാ, ലോക്കൽ കമ്മിറ്റികൾ വിളിച്ചുചേർത്ത് അതാതു പ്രദേശത്തെ സഹകരണ സംഘങ്ങളുടെ പ്രവർത്തനങ്ങൾ വിലയിരുത്തണമെന്നാണ് നിർദ്ദേശം.
ഇതിനിടെ, കോവിഡ്കാലത്ത് ചികിത്സാസഹായം എന്ന നിലയിൽ അർഹരല്ലാത്തവർക്കുപോലും പ്രാഥമിക സഹകരണ സംഘങ്ങൾ വായ്പ നൽകി. രണ്ടായിരം മുതൽ 5000 രൂപവരെ വാങ്ങിയവർ പലരും അനർഹരാണ്. ഇത്തരത്തിൽ ലക്ഷങ്ങൾ നൽകി. സഹകരണ വകുപ്പ് ഉദ്യോഗസ്ഥർ ക്രമക്കേട് കണ്ടുപിടിക്കുമ്പോൾ ഡയറകട്ര് ബോർഡ് അംഗങ്ങൾ ജീവനക്കാർക്കാരെ ബലിയാടാക്കുന്നതിനുപകരം വായ്പനൽകാൻ ശുപാർശചെയ്യുന്ന ബോർഡ് അംഗങ്ങളിൽ നിന്ന് തുക വസൂലാക്കണമെന്ന് ജീവനക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്.
രാഷ്ട്രീയക്കാരായ ഡയറക്ടർ ബോർഡ് അംഗങ്ങൾക്കെതിരേ കരുവന്നൂരിലെ ജീവനക്കാർ തന്നെ മൊഴി കൊടുത്തതും പാർട്ടി ഗൗരവമായെടുത്തിട്ടുണ്ട്. സഹകരണ ബാങ്കുകൾ ഉടനെ കുടിശിക തീർത്ത് കണക്കുകൾ കൃത്യമാക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനിടെ പാർട്ടിയിലെ വിഭാഗീയതയും ആക്ഷേപങ്ങൾ പലതും പുറത്തുവരാൻ ഇടയാക്കിയിട്ടുണ്ട്.




