കണ്ണൂർ: മൂപ്പിളമ തർക്കത്തെ ചൊല്ലി വടക്കെമലബാറിൽ സി.പി. ഐ-സി.പി. എം തർക്കവും പോരും തുടരുന്നതിനിടെ കമ്യൂണിസ്റ്റ് പാർട്ടി സ്വാതന്ത്ര്യത്തിന് മുൻപ് നടത്തിയ ഐതിഹാസിക കയ്യൂർ സമരത്തെ ചൊല്ലിയും അവകാശവാദം മുറുകുന്നു. ഇതോടെ ചരിത്രത്തിലെ ചിലസന്ദർഭങ്ങൾ അടർത്തിയെടുത്ത് പോരിനിറങ്ങുകയാണ് ഇരുപാർട്ടി നേതാക്കളും. മൺമറഞ്ഞ നേതാക്കളാണ് ഇതിൽ കഥാപാത്രങ്ങളായി വരുന്നത്.

കയ്യൂർ സമരവുമായി ബന്ധപ്പെട്ട് പ്രതി ചേർക്കപ്പെടുകയും പ്രായപൂർത്തിയാകാത്തതിനാൽ വധശിക്ഷയിൽ നിന്നും ഒഴിവാക്കപ്പെടുകയും ചെയ്ത കൃഷ്ണൻ എന്ന വ്യക്തി ഏറമ്പാല കൃഷ്ണൻ നായനാർ എന്ന ഇ.കെ നായനാരായിരുന്നുവെന്നാണ് സി.പി. എമ്മിന്റെ അവകാശവാദം. കഴിഞ്ഞ ശനിയാഴ്‌ച്ചവെള്ളിക്കോത്ത് അഴീക്കോടൻ ക്ളബിന്റെ സുവർണജൂബിലിആഘോഷത്തിന്റെ സമാപനചടങ്ങിൽ സി.പി. എം തൃശൂർ ജില്ലാകമ്മിറ്റി യംഗവും ഡി.വൈ. എഫ്. ഐ മുൻസംസ്ഥാന സെക്രട്ടറിയുമായ ടി.ശശിധരൻ നടത്തിയ പ്രഭാഷണത്തിലാണ് പാർട്ടിയുടെ നിലപാട് വീണ്ടും വ്യക്തമാക്കിയത്.

ഇ.കെ നായനാർ കയ്യൂർ സമരത്തിൽ സജീവപങ്കാളിത്തം വഹിക്കുകയും പിന്നീട് വധശിക്ഷയ്ക്കു വിധിക്കപ്പെടുകയും ചെയ്തിരുന്നുവെന്നാണ് ശശിധരൻ പ്രസംഗിച്ചത്. എന്നാൽ പ്രായപൂർത്തിയാകാത്തതു കൊണ്ടു മാത്രമാണ് അദ്ദേഹം തൂക്കുകയറിൽ നിന്നും ഒഴിവാക്കിയത്.കയ്യൂർ സമരനായകരിലൊരാളായ ഇ.കെ നായനാരുടെ ചരിത്രപരമായ സംഭാവനകളെ തമസ്‌കരിക്കുന്നതിനാണ് വലതുപക്ഷ ശക്തികൾ അദ്ദേഹത്തെ ഒഴിവാക്കി ചൂരിക്കാടൻ കൃഷ്ണൻ നായരുടെ പേര് എഴുതി ചേർത്തതെന്നാണ് സി.പി. എം നേതാവിന്റെ ആരോപണം.

എന്നാൽ വസ്തുതാപരമായി ഇതുതെറ്റാണെന്ന് കണ്ണൂർ സെൻട്രൽ ജയിലിലെ രേഖകളിൽ നിന്നുതന്നെ വ്യക്തമാണ്. കയ്യൂർകേസിൽ വധശിക്ഷയിൽ നിന്നും ഒഴിവാക്കപ്പെട്ടത് ചൂരിക്കാടൻ കൃഷ്ണൻ നായരാണെന്നു ജയിൽ രേഖകളിൽ നിന്നും വ്യക്തമാണ്. ഏറെക്കാലം സി.പി. എം ഇതിനെ കുറിച്ചു മൗനം പാലിച്ചുവെങ്കിലും വർഷങ്ങൾക്കു ശേഷം ഇ.കെനായനാർ മുഖ്യമന്ത്രിയായിരുന്ന കാലത്താണ്വീണ്ടും കയ്യൂർ സമരനായകനായി അദ്ദേഹത്തെ വിശേഷിപ്പിച്ചു തുടങ്ങിയത്. എന്നാൽ അന്നുമുതൽ സി.പി. ഐ നേതാക്കൾ തെളിവുനിരത്തി ഇതിനെ പ്രതിരോധിച്ചുവന്നിരുന്നുവെങ്കിലും അതിവിപുലമായ പ്രചരണമാണ് സി.പി. എം അഴിച്ചുവിട്ടത്.

ചരിത്രം തിരുത്തുന്ന പ്രവണത ദേശീയതലത്തിൽ മാത്രമല്ല നമ്മുടെ നാട്ടിലും നടക്കുന്നുണ്ടെന്ന മുനവെച്ച പ്രസംഗം ചെറുവത്തൂരിൽ നടന്ന എ. ഐ.ടി.യു.സി ജില്ലാസമ്മേളന പൊതുയോഗത്തിൽ സി.പി. ഐ അസി.സെക്രട്ടറി ഇ. ചന്ദ്രശേഖരൻ തുറന്നടിച്ചതും ഈ തർക്കത്തിന്റെ ഭാഗമായാണ്. സംസ്ഥാനസർക്കാരിന്റെ രണ്ടാംവാർഷികവുമായി ബന്ധപ്പെട്ടു ജയിൽ വകുപ്പ് നടത്തിയ പ്രദർശനത്തിൽ ചൂരിക്കാടൻ കൃഷ്ണൻനായരെ തമസ്‌കരിച്ചു ഇ.കെ നായനാരെ ഉയർത്തിക്കാട്ടിയതിനെതിരെയുള്ള വിമർശനമായിരുന്നു ഇ. ചന്ദ്രശേഖരന്റെ മുൾമുനയുള്ള പ്രസംഗം.

മാധ്യമപ്രവർത്തകനായിരുന്ന സുരേന്ദ്രൻ നീലേശ്വരത്തിന്റെ പിതാവും കയ്യൂർ സ്വദേശിയുമായ ചൂരിക്കാടൻ കൃഷ്ണൻ നായർ ജീവിച്ചിരുന്ന കാലം മുഴുവൻ കയ്യൂർ വധശിക്ഷയിൽ നിന്നും ഒഴിവാക്കിയ വ്യക്തിയെന്ന നിലയിൽ വടക്കെ മലബാറിൽ ആദരിക്കപ്പെട്ടിരുന്നു. ഇപ്പോഴും എല്ലാവർഷവും സി.പി. ഐയുടെ ആഭിമുഖ്യത്തിൽ ചൂരിക്കാടൻ അനുസ്മരണദിനാചരണവും നടക്കാറുണ്ട്ണ കേസിൽ മുപ്പത്തിരണ്ടാം പ്രതിയയായ ചൂരിക്കാടൻ കൃഷ്ണൻ നായരെയാണ്വധശിക്ഷയ്ക്കു വിധിച്ചതെന്ന് വിധി പ്രസ്താവിച്ച മംഗലാപുരത്തെ സൗത്ത് കാനറ സെഷൻസ് കോടതി രേഖകൾ സാക്ഷ്യപ്പെടുത്തുന്നുണ്ട്.

അന്ന് അദ്ദേഹത്തിന് പതിനഞ്ചു വയസുമാത്രമേയുണ്ടായിരുന്നുള്ളൂവെന്നതിനാൽ ശിക്ഷ ജീവപര്യന്തമായി പരിമിതിപ്പെടുത്തുകയായിരുന്നു. എന്നാൽ കയ്യൂർ സമരകേസിലെ മൂന്നാംപ്രതിയാണ് ഇ.കെ നായനാരെന്നു സി.പി. എം അവകാശപ്പെടുന്നുണ്ടെങ്കിലും അദ്ദേഹത്തെ ആളുമാറി കേസിൽ ഉൾപ്പെടുത്തിയതാണെന്നും നായനാർക്ക്കയ്യൂർ സമരത്തിൽ നേരിട്ടു പങ്കൊന്നുമുണ്ടായിരുന്നില്ലെന്നും പ്രമുഖ ചരിത്രകാരൻ എ. ശ്രീധരമേനോൻ അഭിപ്രായപ്പെട്ടിരുന്നു. സി.പി. എമ്മിൽ നിന്നും പുറത്താക്കപ്പെട്ടശേഷം എം.വി രാഘവൻ 1997-നവംബറിൽ അന്നത്തെ കോടതി വിധി സംബന്ധിച്ച രേഖകൾ പരസ്യപ്പെടുത്തിയപ്പോൾ അതിൽ നായനാരുടെ പേരുണ്ടായിരുന്നില്ല.മാത്രമല്ല 1919-ഡിസംബർ ഒൻപതിന്ജനിച്ച നായനാർക്ക് കയ്യൂർസമരം നടക്കുന്ന 1941-മാർച്ച് മാസത്തിൽ 21-വയസുണ്ട്.

ഈസാഹചര്യത്തിൽ എങ്ങനെയാണ് പ്രായപൂർത്തിയെത്തിയ നായനാർക്ക് കൊലക്കയറിൽ നിന്നും ഇളവ് ലഭിക്കുകയെന്നതാണ് സി.പി. ഐ നേതാക്കളുടെ ചോദ്യം. കുട്ടനാട്ടിൽ നിന്നും പാർട്ടി പ്രവർത്തകർ കൂട്ടമായി സി.പി. ഐയിലേക്ക് ചേക്കെറിയത് സി.പി. എം നേതൃത്വത്തെ പ്രകോപിപ്പിച്ചിട്ടുണ്ട്.കണ്ണൂർ, കാസർകോട് ജില്ലകളിൽ പലയിടത്തും ഈ പ്രവണത ആവർത്തിക്കുകയാണ്. തളിപറമ്പ് നഗരസഭാ മുൻ വൈസ്ചെയർമാൻ കോമത്ത് മുരളീധരൻ ഉൾപ്പെടെയുള്ള നേതാക്കളും നിരവധി പ്രവർത്തകരും സി.പി. ഐയിലേക്ക് ചേക്കേറിയിട്ടുണ്ട്. സി.പി. എം പാർട്ടി ഗ്രാമങ്ങളിൽ പുതുതായി സി.പി. ഐക്ക് ഇവർക്ക് ഘടകങ്ങൾ രൂപീകരിക്കുന്നതും പാർട്ടി പ്രവർത്തനം സജീവമാക്കുന്നതും സി.പി. എമ്മിനെ പ്രകോപിപ്പിച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസങ്ങളിൽ സി.പി. ഐ ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി നടത്തിയ കാൽനടപ്രചരണ ജാഥയ്ക്കു നേരെ പലയിടങ്ങളിലും കായികപരമായ ആക്രമണവുംഅസഭ്യവർഷവും നടത്തി. ഈ സാഹചര്യത്തിലാണ് ചരിത്രത്തിൽ എഴുതിവയ്ക്കപ്പെട്ട ചില സാമ്രാജ്യത്വവിരുദ്ധ സമരങ്ങളുടെ പിതൃത്വത്തെ ചൊല്ലി ഇരുകമ്യൂണിസ്റ്റു പാർട്ടികളും ഏറ്റുമുട്ടുന്നത്. ഒരേ മുന്നണിയിലിരിക്കുമ്പോഴും വർഗശത്രുക്കളെപ്പോലെയാണ് സി.പി. എം പ്രവർത്തകരും നേതാക്കളും തങ്ങളോട് പെരുമാറുന്നതെന്ന അമർഷം സി.പി. ഐയിൽ അതിശക്തമാണ്.അധികാരത്തിന്റെ പച്ചിലയുള്ളതു കൊണ്ടു മാത്രമാണ് പാർട്ടി നിരന്തരം അവഗണന സഹിച്ചും എൽ. ഡി. എഫിൽ തുടരുന്നത്.

ദേശീയരാഷ്ട്രീയത്തിൽ ഇന്ത്യാമുന്നണിയിൽഅംഗമായ സി.പി. ഐ കോൺഗ്രസിനോട് ഏറ്റവും കൂടുതൽ അടുത്ത നിൽക്കുന്ന സാഹചര്യത്തിലാണ്കേരളത്തിൽ സി.പി. എമ്മുമായി അകലുന്നത്. അതുകൊണ്ടുതന്നെ കഴിഞ്ഞദിവസം സി.പി. ഐ സംസ്ഥാന കൗൺസിൽ യോഗത്തിൽ മുഖ്യമന്ത്രിക്കും സി.പി. എമ്മിനുമെതിരെ സി.പി. ഐയിലെ ചില നേതാക്കൾ ഉയർത്തിയ ആരോപണങ്ങൾ പാർട്ടിക്കുള്ളിൽ ഒരു അഗ്നിപർവ്വതം പുകയുന്നുണ്ടെന്ന വ്യക്തമായ സൂചനയാണ് നൽകുന്നത്. മാണി കോൺഗ്രസ് വന്നതുമുതൽ തങ്ങൾക്ക് മുന്നണിയിൽ പ്രസക്തി കുറയുന്നുവെന്ന തോന്നൽ സി.പി. ഐയ്ക്കുണ്ട്. മുന്നണയിലെരണ്ടാം സ്ഥാനവും സി.പി. ഐയ്ക്ക് നഷ്ടമാകുമോയെന്ന കാര്യം വരുന്നലോക്സഭാതെരഞ്ഞെടുപ്പോടെ വ്യക്തമാവും.