പാലക്കാട്: സിപിഎം നടപടി നേരിട്ട പികെ ശശിയെ പുകഴ്ത്തി മന്ത്രി കെബി ഗണേഷ് കുമാര്‍. പികെ ശശിയെ പോലെ ഇത്ര നല്ല മനുഷ്യനെ ജീവിതത്തില്‍ കണ്ടിട്ടില്ലെന്നും നല്ലതു ചെയ്യുന്നവരെ കുറ്റക്കാരാക്കുന്ന നിലപാടാണ് ഇപ്പോഴെന്നും താനും അത്തരത്തില്‍ വേട്ടയാടപ്പെട്ടവനാണെന്നും കെബി ഗണേഷ് കുമാര്‍ പറഞ്ഞു. അദ്ദേഹത്തെപ്പോലെ സത്യസന്ധനും സ്‌നേഹനിധിയുമായ ഒരു മനുഷ്യനെ താന്‍ കണ്ടിട്ടില്ല. ശശി ചെയര്‍മാനായ മണ്ണാര്‍ക്കാട് യൂണിവേഴ്സല്‍ കോളജ് വാര്‍ഷികത്തില്‍ സംസാരിക്കുകയായിരുന്നു ഗണേഷ് കുമാര്‍.

നമ്മള്‍ ആരോപണം ഉന്നയിക്കുകയും തെളിവുണ്ടെന്ന് വെറുതെ പറയുകയും ചെയ്യും. എന്നാല്‍, ഇത്തരത്തില്‍ കള്ളം പറഞ്ഞ് ഇരുട്ട് കൊണ്ട് ഓട്ട അടക്കുന്നതാണ് ഇപ്പോഴത്തെ രീതിയെന്ന് മന്ത്രി കെബി ഗണേഷ് കുമാര്‍ പറഞ്ഞു. പികെ ശശി ഒരു നല്ല മനുഷ്യനാണ്. എംഎല്‍എ ആയിരുന്നപ്പോഴും അല്ലാതിരുന്നപ്പോഴും രാഷ്ട്രീയം നോക്കാതെ എല്ലാവരെയും സഹായിച്ച വ്യക്തിയാണ് പികെ ശശി.പികെ ശശിയുടെ പ്രവര്‍ത്തനത്തെ കരിവാരി തേക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ആരോപണങ്ങളെന്നും അതൊന്നും സത്യമില്ലെന്നും സത്യമേ ജയിക്കുകയുള്ളുവെന്നും മന്ത്രി കെബി ഗണേഷ് കുമാര്‍ പറഞ്ഞു.

രാഷ്ട്രീയം നോക്കാതെ ആരെയും സഹായിക്കുന്ന വ്യക്തിയാണ് പി.കെ. ശശി. പാലക്കാട് ഭാഗത്ത് എന്ത് പ്രശ്നമുണ്ടായാലും ആദ്യം വിളിക്കുന്നത് ശശിയെയാണ്. അദ്ദേഹം വിചാരിച്ചാല്‍ അഹങ്കാരമില്ലാതെ സ്‌നേഹത്തിന്റെ ഭാഷയില്‍ കാര്യങ്ങള്‍ പറഞ്ഞ് പരിഹരിക്കാന്‍ കഴിയും. എം.എല്‍.എ ആയിരുന്നപ്പോഴും അല്ലെങ്കിലും രാഷ്ട്രീയം നോക്കാതെ അദ്ദേഹം എല്ലാവരേയും സഹായിക്കും. അതുകൊണ്ട്, തന്റെ മനസ്സില്‍ അദ്ദേഹത്തിന് സ്ഥാനമുണ്ട്.

'ഏതൊരു മനുഷ്യനും നന്മ ചെയ്യാന്‍ തുടങ്ങിയാല്‍ അവനെ വേറെ കേസില്‍ പെടുത്താന്‍ നോക്കും. പേരെടുത്തവന്റെ മേല്‍ കല്ലെറിഞ്ഞാലേ ആരെങ്കിലും എറിഞ്ഞുവെന്ന് അറിയൂ. പി.കെ ശശിയെ കരിവാരിത്തേക്കാന്‍ നടത്തുന്ന ചില ശ്രമങ്ങളില്‍ സത്യമില്ല. സത്യമേവ ജയതേ എന്ന് മുദ്രാവാക്യമുള്ള ഒരു രാജ്യത്താണ് നാം ജീവിക്കുന്നത്. ഇവിടെ, കള്ളം പറയുകയും അസത്യം പ്രവര്‍ത്തിക്കുകയും ചെയ്താല്‍ നമ്മള്‍ മിടുക്കരാണെന്ന് പറയും. എന്നാല്‍ അത് താത്ക്കാലികം മാത്രമാണ്', കെ. ബി ?ഗണേഷ് കുമാര്‍ പറഞ്ഞു.

ജില്ലാ കമ്മിറ്റി അംഗമായ പി.കെ. ശശിയെ തിരഞ്ഞെടുക്കപ്പെട്ട എല്ലാ പാര്‍ട്ടിസ്ഥാനങ്ങളില്‍നിന്നും നീക്കാന്‍ സംസ്ഥാനസെക്രട്ടറി എം.വി. ഗോവിന്ദന്റെ സാന്നിധ്യത്തില്‍ ചേര്‍ന്ന ജില്ലാ സെക്രട്ടേറിയറ്റ് യോഗം തീരുമാനിച്ചുവെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പിന്നാലെ, അദ്ദേഹം കെ.ടി.ഡി.സി. ചെയര്‍മാന്‍ സ്ഥാനം രാജിവെച്ചേക്കുമെന്നും വിവരമുണ്ടായിരുന്നു. ഈ വാര്‍ത്തകള്‍ക്കിടെയാണ് ഗണേഷ് കുമാറിന്റെ പ്രതികരണം. മണ്ണാര്‍ക്കാട്ടെ പാര്‍ട്ടി നിയന്ത്രണത്തിലുള്ള സഹകരണ കോളേജിന്റെ പ്രവര്‍ത്തനങ്ങളിലും ഇതിലേക്ക് പാര്‍ട്ടി നിയന്ത്രണത്തിലുള്ള സഹകരണസ്ഥാപനങ്ങളില്‍നിന്ന് ഫണ്ട് സ്വീകരിച്ചതിലും ക്രമക്കേടുണ്ടായെന്നുള്ള ആരോപണങ്ങളാണ് ഉയര്‍ന്നത്.

എന്നാല്‍, കെ.ടി.ഡി.സി. ചെയര്‍മാന്‍ സ്ഥാനം രാജിവെക്കില്ലെന്നായിരുന്നു പി.കെ ശശിയുടെ പ്രതികരണം. ഇതുസംബന്ധിച്ച് കല്പിതകഥകള്‍ മെനയുകയാണ്. സംഘടനാപരമായ ഒരു കാര്യവും മാധ്യമങ്ങളോട് പങ്കുവെക്കാന്‍ തയ്യറല്ലെന്നും അദ്ദേഹം പറഞ്ഞു.