തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള വിശ്വാസത്തിന് നേരെയുള്ള കടന്നാക്രമണമാണെന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എംപി. സ്വർണക്കൊള്ളയിലെ പ്രതികളെ സംരക്ഷിക്കുന്ന നിലപാടാണ് സംസ്ഥാന സർക്കാർ സ്വീകരിക്കുന്നതെന്നും കെ.സി. വേണുഗോപാൽ ആരോപിച്ചു. പാർലമെന്റിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോടതിയുടെ നിരീക്ഷണത്തിലുള്ള ഒരു ഏജൻസി തന്നെ കേസ് അന്വേഷിക്കണമെന്നും വേണുഗോപാൽ ആവശ്യപ്പെട്ടു.

'കോടിക്കണക്കിന് അയ്യപ്പഭക്തർ 41 ദിവസത്തെ കഠിന വ്രതമെടുത്ത് മലചവിട്ടി സന്നിധാനത്തെത്തുന്നത് ഭഗവാനെ ഒരു നോക്ക് കാണാനാണ്. എന്നാൽ ശ്രീകോവിലിന് മുൻപിലുള്ള ധ്വജത്തിലെയും മറ്റും സ്വർണം ചെമ്പാക്കി മാറ്റി വലിയൊരു കൊള്ളയും വിശ്വാസത്തിന് നേരെയുള്ള കടന്നാക്രമണവുമാണ് അവിടെ നടന്നിരിക്കുന്നത്. 2019-ൽ വിശ്വാസത്തിന് നേരെ നടന്ന നീക്കത്തിന് മുൻകൈ എടുത്ത സംസ്ഥാന സർക്കാർ, ഇപ്പോൾ ഈ സ്വർണക്കൊള്ളയിലെ പ്രതികളെ സംരക്ഷിക്കുകയാണെന്ന പ്രതീതിയാണുള്ളത്.' എന്ന് കെ. സി. വേണുഗോപാൽ പറഞ്ഞു.

ഹൈക്കോടതിയുടെ ഇടപെടൽ കൊണ്ട് മാത്രമാണ് അന്വേഷണം നടക്കുന്നതെങ്കിലും, കോടതി നിയമിച്ച പ്രത്യേക അന്വേഷണ സംഘത്തെപ്പോലും നിയന്ത്രിക്കാൻ സർക്കാർ ശ്രമിക്കുന്നുവെന്നും ഈ സാഹചര്യത്തിൽ കോടതിയുടെ നിരീക്ഷണത്തിലുള്ള ഒരു ഏജൻസി തന്നെ കേസ് അന്വേഷിച്ച് യഥാർത്ഥ കുറ്റവാളികളെ പുറത്തുകൊണ്ടുവരികയും നഷ്ടപ്പെട്ട സ്വർണം തിരിച്ചുപിടിക്കുകയും വേണമെന്നും കെ. സി. വേണുഗോപാൽ ലോക്സഭയിൽ ആവശ്യപ്പെട്ടു.

അതേസമയം, തെരഞ്ഞെടുപ്പിലെ ചർച്ചാവിഷയം മാറ്റാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്നും, ശബരിമല സ്വർണക്കൊള്ള ഉൾപ്പെടെയുള്ള വിഷയങ്ങൾ മറച്ചുവെക്കാനാണ് 'രാഹുൽ വിഷയം' ഉയർത്തുന്നതെന്നും ഷാഫി പറമ്പിൽ എംഎൽഎ ആരോപിച്ചു. വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.ജനങ്ങളുടെ യഥാർത്ഥ അജണ്ട ശബരിമല സ്വർണക്കൊള്ളയാണെന്നും, അത് ചർച്ചയാകുന്നത് മുഖ്യമന്ത്രി ഭയക്കുന്നതിനാലാണ് രാഹുൽ മാങ്കൂട്ടത്തിൽ വിഷയമുന്നയിക്കുന്നതെന്നുമാണ് ഷാഫി പറമ്പിൽ പറഞ്ഞത്.

'രാഹുൽ വിഷയത്തിൽ ഒരു പാർട്ടിയെന്ന നിലയിൽ ചെയ്യാൻ സാധിക്കുന്നതെല്ലാം കോൺഗ്രസ് ചെയ്തിട്ടുണ്ട്. അത് മറ്റൊരു പാർട്ടിയും ചെയ്തിട്ടില്ല,' ഷാഫി പറമ്പിൽ വ്യക്തമാക്കി. അതേസമയം, സമാനമായ പരാതികളിൽ സിപിഎമ്മും മുഖ്യമന്ത്രിയും എന്ത് നടപടിയാണ് സ്വീകരിച്ചതെന്നും പത്മകുമാറിനെതിരെ പാർട്ടി എന്ത് ചെയ്തെന്നും ഷാഫി ചോദ്യമുയർത്തി.