കൊച്ചി: സ്വതന്ത്രർ സ്വതന്ത്രരായി തന്നെ തുടരണം. അല്ലെങ്കിൽ പണി കിട്ടും. തദ്ദേശ സ്ഥാപനങ്ങളിലേക്കു സ്വതന്ത്രമായി മത്സരിച്ചു ജയിക്കുന്നവർ പിന്നീട് ഏതെങ്കിലും പാർട്ടിയിലോ മുന്നണിയിലോ ചേർന്നാൽ കൂറുമാറ്റ നിരോധന നിയമപ്രകാരമുള്ള അയോഗ്യത ബാധകമാകുമെന്നു ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വിശദീകരിച്ചു. തിരഞ്ഞെടുപ്പു പ്രക്രിയയിലും തിരഞ്ഞെടുക്കപ്പെടുന്നവരിലും ജനങ്ങൾക്കുള്ള വിശ്വാസം സംരക്ഷിക്കണമെങ്കിൽ കൂറുമാറ്റത്തിനെതിരെ കർശന നിലപാട് ആവശ്യമാണെന്നു കോടതി വ്യക്തമാക്കി. ഭരണഘടനാ മൂല്യങ്ങളും ജനാധിപത്യ സംവിധാനങ്ങളും നിയമവാഴ്ചയും ഉയർത്തിപ്പിടിക്കാൻ വേണ്ടിയാണു നിയമം കൊണ്ടുവന്നതെന്നും പറഞ്ഞു.

കോതമംഗലം കീരംപാറ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീബ ജോർജിനെ അയോഗ്യയാക്കിയ തിരഞ്ഞെടുപ്പ് കമ്മിഷന്റെ തീരുമാനം ശരിവച്ചു കൊണ്ടാണു ചീഫ് ജസ്റ്റിസ് എസ്.മണികുമാർ, ജസ്റ്റിസ് ഷാജി പി.ചാലി എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് ഇക്കാര്യം വ്യക്തമാക്കിയത്. സ്വതന്ത്ര അംഗമായി മത്സരിച്ചു ജയിച്ച ഷീബ ജോർജ് വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കു മത്സരിച്ചത്, പുറമേനിന്നുള്ള പിന്തുണയിൽ അല്ലെന്നും പാർട്ടിയുടെ ഭാഗമായാണെന്നും രേഖകളിൽ വ്യക്തമാണെന്നു കോടതി പറഞ്ഞു. 2020ലെ തിരഞ്ഞെടുപ്പിൽ ഷീബ ജോർജ് നാമനിർദ്ദേശ പത്രികയ്‌ക്കൊപ്പം സത്യപ്രസ്താവന നൽകിയപ്പോൾ ഏതെങ്കിലും പാർട്ടിയുടെയോ മുന്നണിയുടെയോ ഭാഗമല്ലെന്നു വിശദീകരിച്ചിരുന്നു.

ജയിച്ച ശേഷം ചട്ടപ്രകാരം പഞ്ചായത്തിൽ ഡിക്ലറേഷൻ നൽകിയപ്പോൾ എൽഡിഎഫ് പിന്തുണയുള്ള സ്വതന്ത്രയാണെന്ന് എഴുതി നൽകി. തദ്ദേശ സെക്രട്ടറി രജിസ്റ്ററിൽ എൽഡിഎഫിലെ സിപിഎം അംഗമായി രേഖപ്പെടുത്തുകയും ചെയ്തു. വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ എൽഡിഎഫ് അംഗങ്ങൾ ശുപാർശ ചെയ്തു ജയിപ്പിച്ചു. ഇതു കൂറുമാറ്റമാണെന്ന് വാദമെത്തി. ഇതോടെ പരാതിയിൽ തിരഞ്ഞെടുപ്പു കമ്മിഷൻ ഷീബയെ അയോഗ്യയാക്കി. ഇതു ചോദ്യം ചെയ്തുള്ള ഹർജി ഹൈക്കോടതി സിംഗിൾ ജഡ്ജി തള്ളി. ഇതിന്മേൽ അപ്പീൽ പോയി. ഇതും എതിരായി. ഇതോടെ ഷീബയ്ക്ക് തിരിച്ചടിയായി.

സ്വതന്ത്ര സ്ഥാനാർത്ഥിയായി ജയിച്ചിട്ടും പഞ്ചായത്തിൽ നൽകിയ ഡിക്ലറേഷനിലും ചട്ടപ്രകാരമുള്ള രജിസ്റ്ററിലും പാർട്ടി പിന്തുണ രേഖപ്പെടുത്തിയതു നിയമലംഘനത്തിന്റെ തെളിവാണെന്നു ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. സിംഗിൾ ജഡ്ജിയുടെ ഉത്തരവിൽ തെറ്റില്ലെന്നും ഇടപെടാൻ കാരണമില്ലെന്നും വ്യക്തമാക്കിയാണ് അപ്പീൽ തള്ളിയത്. സ്വതന്ത്രസ്ഥാനാർത്ഥിയായി മത്സരിച്ചുജയിച്ചശേഷം ഷീബ സിപിഎമ്മിന്റെ ഭാഗമാകുകയായിരുന്നു. അംഗമായി സത്യപ്രതിജ്ഞചെയ്തപ്പോൾ സിപിഎമ്മിന്റെ സ്വതന്ത്ര സ്ഥാനാർത്ഥിയായാണ് മത്സരിച്ച് ജയിച്ചതെന്നാണ് എഴുതിനൽകിയത്. സ്വതന്ത്രയായി ജയിച്ചശേഷം ഇത്തരത്തിൽ എഴുതിനൽകിയതിലൂടെ കൂറുമാറ്റനിരോധന നിയമപ്രകാരം അയോഗ്യയാക്കപ്പെട്ടെന്ന് കോടതി വിലയിരുത്തി.

താൻ സിപിഎമ്മിൽ ചേർന്നതിന് യാതൊരു തെളിവുമില്ലെന്നാണ് അപ്പീലിൽ ഹർജിക്കാരി ചൂണ്ടിക്കാട്ടിയത്. എന്നാൽ നിയമപ്രകാരമുള്ള രേഖകളിൽ സിപിഎം. പിന്തുണയുള്ള സ്വതന്ത്രഅംഗം എന്നെഴുതിനൽകിയത് മതിയായ തെളിവായി കോടതി സ്വീകരിച്ചു. കൂറുമാറിയ സ്വതന്ത്ര അംഗത്തെ തിരഞ്ഞെടുപ്പ് കമ്മിഷൻ അയോഗ്യയാക്കിയതോടെ 13 അംഗ കീരംപാറ പഞ്ചായത്ത് ഭരണസമിതിയിൽ ഇരുമുന്നണികളും ഒപ്പത്തിനൊപ്പം എത്തുു. ആറാം വാർഡ് (മുട്ടത്തുകണ്ടം) അംഗവും പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ ഷീബ ജോർജിനെയാണ് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണർ എ. ഷാജഹാൻ അയോഗ്യയാക്കിയത്. ഇതാണ് കോടതി കയറിയത്.

2020 ലെ തിരഞ്ഞെടുപ്പിൽ ഇരുമുന്നണികൾക്കുമെതിരെ സ്വതന്ത്രയായി മത്സരിച്ച് വിജയിച്ച ഷീബ ജോർജ് ഇടതുപക്ഷത്തേക്ക് കൂറുമാറിയെന്ന മൂന്നാം വാർഡ് അംഗം മാമച്ചൻ ജോസഫിന്റെ പരാതിയിലായിരുന്നു നടപടി. തിരഞ്ഞെടുപ്പിന് ശേഷം 6 സീറ്റുവീതം നേടി ഒപ്പത്തിനൊപ്പം നിന്ന മുന്നണകളിൽ ആര് അധികാരം കൈയാളുമെന്ന കാര്യത്തിൽ അനിശ്ചിതത്വം നിലനിൽക്കുന്നതിനിടെയാണ് ഷീബ ജോർജിന്റെ നീക്കം നിർണ്ണായകമായത്. കമ്മിറ്റി രൂപീകരണവേളയിൽ എൽ.ഡി.എഫിനൊപ്പം ചേർന്ന ഷീബ, താൻ ഇടതുമുന്നണി സ്ഥാനാർത്ഥിയായാണ് മത്സരിച്ചതെന്ന് സത്യവാങ്മൂലവും നൽകി. മുട്ടത്തുകണ്ടം വാർഡിൽ യു.ഡി.എഫിനും എൽ.ഡി.എഫ് നും സ്ഥാനാർത്ഥികളുണ്ടായിരുന്നു.

ഇരുവർക്കുമെതിരായ പൊതുസ്ഥാനാർത്ഥി എന്ന നിലയിലാണ് ഷീബയെ ജനങ്ങൾ വിജയിപ്പിച്ചത്. എന്നാൽ ജയിച്ചുകഴിഞ്ഞപ്പോൾ താൻ ഇടതുപക്ഷക്കാരിയാണെന്ന ഷീബ ജോർജിന്റെ നിലപാട് വാർഡിലെ ചില പൊതുപ്രവർത്തകരെയും ചൊടിപ്പിച്ചു. ഇതുകൂടി പരിഗണിച്ചാണ് തലനാരിഴയ്ക്ക് ഭരണം നഷ്ടപ്പെട്ട യു.ഡി.എഫ് പരാതിയുമായി തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചത്. സ്വതന്ത്രയായി മത്സരിച്ച് വിജയിച്ച ഒരു അംഗം പിന്നീട് ഏതെങ്കിലും മുന്നണിയുടെ ഭാഗമാകുന്നതിൽ ആക്ഷേപമുള്ളവർ 30 ദിവസത്തിനകം തിരഞ്ഞടുപ്പ് കമ്മിഷനെ സമീപിക്കണമെന്നാണ് ചട്ടം. 2020 ഡിസംബർ 21 നാണ് ഷീബ ജോർജ് കൂറുമാറിയത്. ജനുവരി ആദ്യവാരം തന്നെ യു.ഡി.എഫ് പരാതിയും നൽകി. ഇതാണ് നിർണ്ണായകമായത്.