- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പത്തനംതിട്ടയിൽ കേരളാ കോൺഗ്രസ് ബി വിട്ട ജില്ലാ പ്രസിഡന്റ് അടക്കം അഞ്ഞൂറോളം പേർ മാണി ഗ്രൂപ്പിൽ ചേർന്നു; ഗണേശിന്റെ പാർട്ടിയുടെ സംസ്‌കാരവുമായി യോജിച്ചു പോകാൻ കഴിയാത്തതു കൊണ്ടാണ് രാജിയെന്ന് പി.കെ. ജേക്കബ്; ഈ യാഗാശ്വത്തിന്റെ കുതിപ്പ് തടയാൻ കഴിയില്ലെന്ന് മാണിഗ്രൂപ്പ് എംഎൽഎമാർ
പത്തനംതിട്ട: നേതൃത്വവുമായുള്ള അഭിപ്രായ ഭിന്നതകളെ തുടർന്ന് കേരളാ കോൺഗ്രസ് ബി വിട്ട ജില്ലാ പ്രസിഡന്റ് പി.കെ. ജേക്കബ് അടക്കമുള്ളവർ കേരളാ കോൺഗ്രസ് എമ്മിൽ ചേർന്നു. ജേക്കബിനൊപ്പം അഞ്ഞൂറോളം പ്രവർത്തകരും മണ്ഡലം ഭാരവാഹികളുമാണ് തിരികെ മാതൃസംഘടനയിൽ എത്തിയത്. ഇതോടെ കെ.ബി.ഗണേശ്‌കുമാറിനും കേരളാ കോൺഗ്രസ് ബിക്കും വൻ തിരിച്ചടി നേരിട്ടു. രണ്ടു വർഷം മുൻപ് മാണിഗ്രൂപ്പിൽ നിന്ന് രാജി വച്ചാണ് ജേക്കബും കൂട്ടരും ഗണേശ്‌കുമാറിനൊപ്പം പോയത്.
പാർട്ടിയെ അക്ഷരാർഥത്തിൽ പുനരുജ്ജീവിപ്പിച്ചു കൊണ്ടാണ് ഇവർ ശ്രദ്ധ നേടിയത്. എന്നാൽ, സമകാലിക സംഭവ വികാസങ്ങളെ തുടർന്ന് ഇവർ കേരളാ കോൺഗ്രസ് ബി യിൽ നിന്നും രാജി വയ്ക്കുകയായിരുന്നു. ഇന്നലെ പത്തനംതിട്ട ഗുരുകൃപാ മന്ദിരത്തിൽ നിന്ന് നടന്ന ചടങ്ങിൽ ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് പി.കെ. ജേക്കബിനെയും അഞ്ഞൂറോളം പ്രവർത്തകരെയും കേരളാ കോൺഗ്രസ് മാണിഗ്രൂപ്പിലേക്ക് അംഗത്വം നൽകി സ്വീകരിച്ചു.
കാലത്തിന് മുൻപേ സഞ്ചരിച്ച നേതാവായിരുന്നു കെ.എം. മാണിയെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്ത ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് പറഞ്ഞു. അദ്ദേഹം ആവിഷ്‌കരിച്ച അധ്വാന വർഗ സിദ്ധാന്തത്തിന് പ്രസക്തിയേറുകയാണെന്നും ഡോ. ജയരാജ് പറഞ്ഞു. പ്രസ്ഥാനം ഡൈനാമിക് ആണെങ്കിൽ അതിലേക്ക് കൂടുതൽ ആൾക്കാർ കടന്നു വരും. കേരളാ കോൺഗ്രസ് (എം) ഡൈനാമിക് ആയിട്ടുള്ള രാഷ്ട്രീയ പ്രസ്ഥാനമാണ്. അത് പുതിയ ആശയങ്ങൾ മുന്നോട്ടു കൊണ്ടു വരുന്നു. സർഗാത്മകതയുടെ രാഷ്ട്രീയം മറ്റാരേക്കാളും അവകാശപ്പെടാനുള്ള പാർട്ടിയാണ് എന്നും അതുകൊണ്ട് തന്നെ അതിന് പ്രസക്തിയേറുകയാണെന്നും അദ്ദേഹം പറഞ്ഞു.
കേരളാ കോൺഗ്രസ് (ബി) സംസ്‌കാരവുമായി ഒരു തരത്തിലും യോജിച്ച് പോകാൻ കഴിയാത്ത സാഹചര്യത്തിലാണ് ആ പാർട്ടി വിട്ടതെന്ന് മറുപടി പ്രസംഗം നടത്തിയ പി.കെ. ജേക്കബ് പറഞ്ഞു. അവിടെ പ്രവർത്തിക്കുമ്പോൾ തന്നെ എന്നെങ്കിലും മാതൃപാർട്ടിയിലേക്ക് പോകാൻ കഴിയുമെന്ന പ്രതീക്ഷയുണ്ടായിരുന്നു. തനിക്കൊപ്പം മുൻപ് പാർട്ടി വിട്ടതിന്റെ ഇരട്ടിയിലധികം ആൾക്കാരുമായിട്ടാണ് മടങ്ങിയെത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
മന്നത്ത് പത്മനാഭൻ അഴിച്ചു വിട്ട യാഗാശ്വം കുതിപ്പ് തുടരുകയാണെന്നും അതിനെ പിടിച്ചു കെട്ടാൻ ആർക്കും കഴിയില്ലെന്നും മുഖ്യപ്രഭാഷണം നടത്തിയ എംഎൽഎമാരായ ജോബ് മൈക്കിൾ, പ്രമോദ് നാരായണൻ എന്നിവർ പറഞ്ഞു. പാർട്ടിയിലേക്ക് മടങ്ങിയെത്തുന്നവരെ ഹൃദയം കൊണ്ടാണ് സ്വീകരിച്ചിരിക്കുന്നതെന്നും എംഎൽഎമാർ പറഞ്ഞു.
ജില്ലാ പ്രസിഡന്റ് ചെറിയാൻ പോളച്ചിറയ്ക്കൽ അധ്യക്ഷത വഹിച്ചു. സംസ്ഥാന സ്റ്റിയറിങ് കമ്മറ്റിയംഗം പ്രഫ. വർഗീസ് പേരയിൽ, ജില്ലാ പഞ്ചായത്തംഗം ജോർജ് ഏബ്രഹാം, ജില്ലാ ജനറൽ സെക്രട്ടറി ഏബ്രഹാം വാഴയിൽ, നിയോകജക മണ്ഡലം പ്രസിഡന്റുമാരായ ആലിച്ചൻ ആറൊന്നിൽ(റാന്നി), കുര്യൻ മടയ്ക്കൽ (ആറന്മുള), സജു മിഖായേൽ(അടൂർ), ക്യാപ്ടൻ സി.വി. വർഗീസ് (കോന്നി), നഗരസഭാ കൗൺസിലർ ജെറി അലക്സ്, സുജ അജി, സാം ജോയ്കുട്ടി, സുനിൽ വലഞ്ചുഴി, ചെറിയാൻ എബ്രഹാം, ചെറിയാൻ ഏബ്രഹാം, ബിജിമോൾ മാത്യു, റെബേക്ക ബിജു, ബാബു ജോസഫ്, സി.കെ.മോഹനൻ, മഹേഷ് ബാബു, മാത്യു ദാനിയേൽ, ശ്യാം കൃഷ്ണൻ, ബിജു ഏബ്രഹാം എന്നിവർ പ്രസംഗിച്ചു.
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്