- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പാര്‍ട്ടിയില്‍ അപു സെയ്ഫ് ആകുന്നതോടെ പൂര്‍ണ വിശ്രമത്തിലേയ്ക്ക് ജോസഫ് മാറും; ലീഡര്‍ഷിപ്പ് മകന് നല്കി പിന്‍സീറ്റ് ഡ്രൈവിങ് അച്ഛന്റെ മോഹം; കേരളാ കോണ്‍ഗ്രസിന്റെ സംസ്ഥാന കോ ഓര്‍ഡിനേറ്ററാകാന്‍ പിജെയുടെ മകന്; അപു എത്തുന്നത് അഞ്ചാമനായെങ്കിലും ഫലത്തില്‍ ഒന്നാമനുമാകും; മോന്‍സും ഫ്രാന്‍സിസും തോമസും കലഹിക്കുമോ? മക്കള്‍ മാഹാത്മ്യം തൊടുപുഴയിലേക്ക്
കോട്ടയം: കേരള കോണ്‍ഗ്രസ് ജോസഫിനെ ഇനി പി ജെ ജോസഫിന്റെ മകന്‍ അപു ജോണ് ജോസഫ് നയിക്കുമോ?. അപു ജോണ് ജോസഫ് പാര്‍ട്ടിയുടെ സംസ്ഥാന കോര്‍ഡിനേറ്റര്‍ ആകും. അപുവിനെ പാര്‍ട്ടി ഹൈപ്പവര്‍ കമ്മിറ്റിയിലും ഉള്‍പ്പെടുത്തും നേതൃനിരയില്‍ അഞ്ചാമന്‍ ആയാണ് അപു ജോണ് ജോസഫ് എത്തുന്നത്. കോട്ടയത്ത് ചേരുന്ന പാര്‍ട്ടി ഹൈപ്പര്‍ കമ്മിറ്റിയില്‍ പുതിയ ഭാരവാഹികളെ തെരെഞ്ഞെടുക്കും. അഞ്ചാമനാണെങ്കിലും അപു എത്തുന്നതെങ്കിലും ഫലത്തില്‍ രണ്ടാമനായി അപു മാറും. തൊടുപുഴയില്‍ അപു സ്ഥാനാര്‍ഥി ആകും.
കേരള കോണ്ഗ്രസ് ഗ്രൂപ്പുകളിലെല്ലാം മക്കള്‍ രാഷ്ട്രീയമുണ്ട്. തങ്ങളുടെ രാഷ്ട്രീയ പിന്‍ഗാമികളായി മക്കളെ തന്നെയാണ് പ്രധാന നേതാക്കളെല്ലാം കളത്തില്‍ ഇറക്കിയിരുന്നത്. എന്നാല്‍ മക്കള്‍ രാഷ്ട്രീയത്തിന്റെ സ്വാധീനം ഇല്ല എന്നതായിരുന്നു അടുത്ത കാലംവരെ ജോസഫ് ഗ്രൂപ്പിന്റെ പ്രത്യേകത. അപു ജോണ് ജോസഫ് വരുന്നതോടെ ജോസഫ് ഗ്രൂപ്പിലും മക്കള്‍ രാഷ്ട്രീയം ആവര്‍ത്തിക്കുകയാണ്. ഇത് ജോസഫ് ഗ്രൂപ്പില്‍ പൊട്ടിത്തെറിയാകുമോ എന്നതാണ് ഉയരുന്ന ചോദ്യം. മോന്‍സ് ജോസഫാണ് നിലവില്‍ പാര്‍ട്ടിയിലെ രണ്ടാമന്‍. ഫ്രാന്‍സിസ് ജോര്‍ജ് മൂന്നാമനും. പിസി തോമസും ജോസഫിന്റെ ഭാഗമാണ്. ഇവര്‍ക്കൊപ്പമാണ് ജോസഫിന്റെ മകന്‍ പാര്‍ട്ടിയില്‍ സജീവമാകുന്നത്. കെ എം മാണിയുടെ മകന്‍ ജോസ് കെ മാണി, ടി എം ജേക്കബിന്റെ മകന്‍ അനൂപ് ജേക്കബ്, ബാലകൃഷ്ണപിള്ളയുടെ മകന്‍ ഗണേഷ്‌കുമാര്‍,പി സി ജോര്‍ജിന്റെ മകന്‍ ഷോന്‍ ജോര്‍ജ്, കെ എം ജോര്‍ജിന്റെ മകന്‍ ഫ്രാന്‍സിസ് ജോര്‍ജ് എന്നിങ്ങനെ മക്കള്‍ രാഷ്ട്രീയത്തിന്റെ നിരവധി ഉദാഹരണങ്ങളാണ് കേരള കോണ്‍ഗ്രസ് രാഷ്ട്രീയത്തിലുള്ളത്. ഇതിലേക്കാണ് അപുവും വരുന്നത്.
പിജെ ജോസഫ് സജീവ രാഷ്ട്രീയത്തില്‍ നിന്നും പതിയെ പിന്മാറും. കഴിഞ്ഞ നിയമസഭ തെരഞ്ഞടുപ്പില്‍ അപു മത്സരിക്കുമെന്ന് ചില വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. അപു രാഷ്ട്രീയത്തില്‍ സജീവമായത് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടു മുമ്പാണ്. 2021 നിയമസഭ തെരഞ്ഞെടുപ്പില്‍ അപു തിരുവമ്പാടിയില്‍ മത്സരിക്കണമെന്നാണ് പ്രവര്‍ത്തകരുടെ വികാരമെന്നും പി ജെ ജോസഫിനോട് മലബാറിലെ ജില്ലാ കമ്മിറ്റികള്‍ ഇക്കാര്യം ഒറ്റക്കെട്ടായി ആവശ്യപ്പെടുമെന്നും കേരള കോണ്‍ഗ്രസ് നേതാക്കള്‍ പരസ്യമായി പ്രതികരിച്ചിരുന്നു. പക്ഷേ മുസ്ലീം ലീഗ് സീറ്റ് വിട്ടു കൊടുത്തില്ല. ്അടുത്ത നിയമസഭയില്‍ ഈ സീറ്റ് കേരളാ കോണ്‍ഗ്രസ് മാണി വിഭാഗം യുഡിഎഫിലെത്തിയാല്‍ ജോസ് കെ മാണിക്ക് നല്‍കാമെന്ന നിലപാടിലാണ് മുസ്ലീം ലീഗ്. ഇതിനിടെയാണ് അപുവിനെ കേരളാ കോണ്‍ഗ്രസ് ജോസഫ് നേതൃനിരയില്‍ സജീവമാക്കുന്നത്. ജോസ് കെ മാണിയെ യുഡിഎഫില്‍ കൊണ്ടു വരുന്നതിനെ ജോസഫ് വിഭാഗം അംഗീകരിക്കില്ല.
ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം വന്നതോടെ കേരള കോണ്‍ഗ്രസ് (എം) എന്ന രാഷ്ട്രീയപാര്‍ട്ടിയുടെ പ്രസക്തി നഷ്ടപ്പെട്ടെന്ന് അപു ജോണ് ജോസഫ് പ്രതികരിച്ചിരുന്നു. രണ്ടില ഇവിടെ വാടി പോയെന്നും ആ ചിഹ്നം ഇനി ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു. ഓട്ടോറിക്ഷ ജനകീയമായ ചിഹ്നമാണെന്നു തെളിഞ്ഞുവെന്നും അദ്ദേഹം വ്യക്തമാക്കി. കോട്ടയത്ത് കേരളാ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ ഫ്രാന്‍സിസ് ജോര്‍ജാണ് ജയിച്ചത്. ''ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസിന്റെ ജന്മനാടായ കോട്ടയം മണ്ഡലത്തില്‍ ജോസ് കെ.മാണി വിഭാഗത്തിന് പ്രസക്തി നഷ്ടപ്പെട്ടു. പ്രതീക്ഷിച്ച വോട്ടുകള്‍ നേടാനായില്ല. പാലായില്‍ യുഡിഎഫ് സ്ഥാനാര്‍ഥിക്കാണ് ഭൂരിപക്ഷം ലഭിച്ചത്. കേരള കോണ്‍ഗ്രസ് (എം) സിറ്റിങ് എംഎല്‍എയുള്ള ചങ്ങനാശേരിയിലെ ഭൂരിപക്ഷമാണ് കൊടിക്കുന്നില്‍ സുരേഷിനെ വിജയത്തിലേക്ക് നയിച്ചത്. കാഞ്ഞിരപ്പള്ളി, പൂഞ്ഞാര്‍ മണ്ഡലങ്ങളിലും യുഡിഎഫിനാണ് മേല്‍ക്കൈ. രാഷ്ട്രീയമായി അവര്‍ക്കു വലിയ ക്ഷീണമാണ് സംഭവിച്ചിരിക്കുന്നത്. എതിര്‍കക്ഷിക്കാരുടെ വീട്ടിലിരിക്കുന്നവരെ പോലും വലിച്ചിഴയ്ക്കുന്ന തരത്തില്‍ തീര്‍ത്തും ശരിയല്ലാത്ത രാഷ്ട്രീയ പ്രവര്‍ത്തനമാണ് കഴിഞ്ഞ കുറേ നാളുകളായി അവര്‍ നടത്തുന്നത്. അതിലൊക്കെ തിരുത്തല്‍ വേണം''അപു ജോണ് ജോസഫ് പ്രതികരിച്ചത് ഇങ്ങനെയാണ്..
പി.ജെ. ജോസഫ് നേതൃത്വം നല്‍കുന്ന കേരള കോണ്‍ഗ്രസിലേക്ക് ഇതര കേരള കോണ്‍ഗ്രസുകളില്‍നിന്ന് പ്രവര്‍ത്തകരും നേതാക്കളും ഒഴുകി തുടങ്ങിയിട്ടുണ്ടെന്നും ഇനിയുള്ള ദിവസങ്ങളില്‍ അത് വര്‍ധിക്കുമെന്നും പ്രതികരിച്ചു. ബ്രാക്കറ്റ് ഇല്ലാത്ത കേരള കോണ്‍ഗ്രസിന് കോട്ടയത്ത് മികച്ച വിജയം ലഭിച്ചത് കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള മുന്നണിയുടെ ഉജ്വലമായ പ്രവര്‍ത്തനം കൊണ്ടാണെന്നും അപു ജോണ് ജോസഫ് പറഞ്ഞു. കേരളത്തില്‍ കേരളാ കോണ്‍ഗ്രസുകള്‍ പലതാണ്. എന്നാല്‍ ബ്രാക്കറ്റില്ലാത്ത കേരളാ കോണ്‍ഗ്രസ് ജോസഫിന്റേതാണ്. പി.ജെയുടെ തട്ടകമായ തൊടുപുഴയില്‍ ഗാന്ധിജി സ്റ്റഡി സെന്ററിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിവരുന്നത് അപുവാണ്. കര്‍ഷകര്‍ക്ക് പിന്തുണ പ്രഖ്യാപിച്ചു ജോസഫ് വിഭാഗം നടത്തുന്ന പ്രക്ഷോഭങ്ങളിലും മുന്‍നിര മുഖമായി. ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിച്ചു തെളിയിച്ചാല്‍ കേരള കോണ്‍ഗ്രസിലെ മക്കള്‍ രാഷ്ട്രീയം എന്ന പാരമ്പര്യത്തില്‍ തെറ്റില്ലെന്നാണ് അപുവിന്റെ പക്ഷം .
പിജെ ആരോഗ്യ പ്രശ്‌നങ്ങള്‍ കാരണം ഇപ്പോള്‍ ജില്ല വിട്ടുള്ള പരിപാടികളില്‍ അധികം പങ്കെടുക്കാറില്ല. അടുത്ത തവണ മത്സരിക്കേണ്ടതില്ല എന്ന നിലാപാടിലാണ് ജോസഫ്. പകരം തൊടുപുഴയില്‍ അപുവിനെ സ്ഥാനാര്‍ത്ഥിയാക്കനാണ് ജോസഫ് ശ്രമിക്കുന്നത്. 30 വര്‍ഷത്തിലധികമായി താന്‍ എം എല്‍ എ ആയിരിക്കുന്ന തൊടുപുഴ തന്റെ മകനെ കൈവിടില്ലന്ന ഉത്തമ വിശ്വാസം പിജെയ്ക്കുണ്ട്. 2001 ലെ പ്രത്യേക രാഷ്ട്രീയ സാഹചര്യത്തില്‍ മാത്രമാണ് തൊടുപുഴക്കാര്‍ തന്നെ കൈവിട്ടത്. മണ്ഡലത്തിലെ സഭാ വിശ്വാസികള്‍ക്ക് മാത്രമല്ല മറ്റു ഹൈന്ദവ സമൂഹത്തിനും ഇസ്ലാം വിശ്വാസികള്‍ക്കും ഇടയില്‍ തനിക്കുള്ള സ്വീകാര്യത മകന് അനുകൂലമാക്കി മാറ്റാമെന്നാണ് പി ജെ ജോസഫ് കണക്കുകൂട്ടുന്നത്. നിയമസഭാ തെരെഞ്ഞടുപ്പില്‍ മത്സരിപ്പിക്കുന്നത് മാത്രമല്ല പാര്‍ട്ടി ലീഡര്‍ ഷിപ്പും മകന് നല്കണമെന്ന ചിന്ത ജോസഫിന് ഉണ്ട്.
മകന്റെ കയ്യില്‍ പാര്‍ട്ടി നിയന്ത്രണം എത്തിയാല്‍ മധ്യ തിരുവിതാം കൂറില്‍ അടക്കം പാര്‍ട്ടിക്ക് കൂടുതല്‍ വേരോട്ടം ഉണ്ടാക്കാമെന്നും കര്‍ഷക സമൂഹത്തെ ഒന്നാകെ പാര്‍ട്ടിയിലേക്ക് അടുപ്പിക്കാമെന്നും പി ജെ അടുത്ത അനുയായികളെ ധരിപ്പിച്ചതായാണ് വിവരം. പാര്‍ട്ടിയില്‍ അപു സെയഫ് ആകുന്നതോടെ പൂര്‍ണവിശ്രമത്തിലേയ്ക്ക് നീങ്ങാനാണ് ജോസഫിന്റെ ശ്രമം. പാര്‍ട്ടി മകന്റെ കയ്യാലാവുന്നതോടെ പിന്‍ സീറ്റ് ഡ്രൈവിങ് പരീക്ഷിക്കാനാണ് പി ജെ ജോസഫ് ശ്രമിക്കുന്നതെന്ന വാദവും ചില പി ജെ വിരുദ്ധര്‍ ഉന്നയിക്കുന്നുണ്ട്.