- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ജില്ലാ പ്രസിഡന്റും കൂട്ടരും രാജി വച്ചു; പത്തനംതിട്ടയിൽ കേരളാ കോൺഗ്രസ് (ബി)യിൽ സമാനതകളില്ലാത്ത പ്രതിസന്ധി; കൂടിയാലോചനയില്ലാത്തതും വിവാദങ്ങളും പാർട്ടി പ്രതിഛായയ്ക്ക് മങ്ങലേൽപ്പിച്ചുവെന്ന് രാജി വച്ച പ്രസിഡന്റ് ജേക്കബ്
പത്തനംതിട്ട: കേരളാ കോൺഗ്രസ് (ബി) ജില്ലാ പ്രസിഡന്റ് പി.കെ. ജേക്കബ് പാർട്ടിയുടെ പ്രാഥമികാംഗത്വത്തിൽ നിന്ന് രാജി വച്ചതിന് പിന്നാലെ ജില്ലാ, നിയോജക മണ്ഡലം കമ്മറ്റികളിൽ നിന്ന് നേതാക്കളുടെയും പ്രവർത്തകരുടെയും കൂട്ടരാജി. ഫലത്തിൽ കേരളാ കോൺഗ്രസ് (ബി) ജില്ലയിൽ പ്രതിസന്ധിയിലായി. പാർട്ടി നേതൃത്വത്തിന്റെ ഏകാധിപത്യ പ്രവണതകളിലും സമീപകാല വിവാദങ്ങളിലും പ്രതിഷേധിച്ചാണ് പി.കെ. ജേക്കബ് രാജിവച്ചത്. തൊട്ടുപിന്നാലെ അദ്ദേഹത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് മറ്റുള്ളവരും സ്ഥാനമൊഴിഞ്ഞു. പാർട്ടിയുടെ പ്രാഥമികാംഗത്വത്തിൽ നിന്ന് കൂട്ടരാജിയാണുണ്ടായിരിക്കുന്നത്.
ജില്ലാ വൈസ് പ്രസിഡന്റ് ചെറിയാൻ ഏബ്രഹാം, സെക്രട്ടറിമാരായ സുനിൽ വലഞ്ചുഴി, ബാബു ജോസഫ് അന്ത്യാംകുളം, ബിജിമോൾ മാത്യു, ജില്ലാ ട്രഷറാർ അഡ്വ.ജോൺ പോൾ മാത്യു, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ. കെ.ഗോപാലൻ, സോണി വാഴകുന്നത്ത്, ആറന്മുള നിയോജകമണ്ഡലം പ്രസിഡന്റ് സാം ജോയ്കുട്ടി, റാന്നി നിയോജകമണ്ഡലം പ്രസിഡന്റ് മാത്യു ദാനിയേൽ, കോന്നി നിയോജകമണ്ഡലം പ്രസിഡന്റ് ശ്യാം കൃഷ്ണൻ, തിരുവല്ല നിയോജകമണ്ഡലം പ്രസിഡന്റ് റോയി ആന്റണി എന്നിവരും ജില്ലാ, നിയോജകമണ്ഡലം കമ്മിറ്റി അംഗങ്ങളും രാജി വച്ചു. വരും ദിവസങ്ങളിൽ കൂടുതൽ രാജി ജില്ലയിൽനിന്ന് ഉണ്ടാകുമെന്ന് പി.കെ. ജേക്കബ് വ്യക്തമാക്കി.
ഏറെ നാളായി സംസ്ഥാന നേതൃത്വവുമായി ജില്ലാ നേതൃത്വം അകൽച്ചയിലായിരുന്നു. കേരളാ കോൺഗ്രസ് (എം) സംസ്ഥാന സെക്രട്ടറി, യു.ടി.യു.സി (എം) ജില്ലാ പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചു കൊണ്ടിരുന്ന പി.കെ. ജേക്കബ് കെ.എം. മാണിയുടെ നിര്യാണത്തെ തുടർന്നാണ് പാർട്ടി വിട്ട് കേരളാ കോൺഗ്രസി(ബി)ൽ ചേർന്നത്. രണ്ടു വർഷം മുൻപ് പാർട്ടിയിലെത്തിയ അദ്ദേഹത്തെ ഗണേശ്‌കുമാർ ജില്ലാ പ്രസിഡന്റാക്കി. പി.കെ. ജേക്കബിനൊപ്പം നിരവധി പേരാണ് കേരളാ കോൺഗ്രസി(ബി)ലേക്ക് ചേക്കേറിയത്.
നിർജീവമായി കിടന്ന ജില്ലാ കമ്മറ്റി പുനഃസംഘടിപ്പിച്ച ജേക്കബും കൂട്ടരും പാർട്ടിക്ക് ജില്ലയിൽ മുഴുവൻ വേരു പിടിപ്പിച്ചു. എല്ലാ മണ്ഡലം കമ്മറ്റികളും സജീവമാക്കി. കേരളാ കോൺഗ്രസ് (ബി) സജീവമായി നിന്ന ഏക ജില്ലയും പത്തനംതിട്ടയായിരുന്നു. എന്നാൽ, സംസ്ഥാന നേതൃത്വത്തിന്റെ ഭാഗത്ത് നിന്നും സഹകരണം ഉണ്ടാകാതെ വന്നതോടെ ജില്ലാ കമ്മറ്റിയിൽ അസ്വാരസ്യങ്ങൾ ഉടലെടുത്തു. ജില്ലാ കമ്മറ്റിയുമായി ആലോചിക്കാതെ സംസ്ഥാന നേതൃത്വം തീരുമാനങ്ങൾ എടുക്കാൻ തുടങ്ങിയത് പ്രശ്നം കൂടുതൽ വഷളാക്കി. മികച്ച രീതിയിൽ പ്രവർത്തിച്ചിരുന്ന കമ്മറ്റി ഇതോടെ പിന്നാക്കം വലിഞ്ഞു.
ഏറെ നാളായി അത്ര സ്വരച്ചേർച്ചയിലായിരുന്നില്ല. സമീപകാലത്ത് സോളാർ വിഷയം വീണ്ടും ചൂടു പിടിച്ചതോടെയാണ് കൂട്ടരാജിയുണ്ടായിരിക്കുന്നത്. പാർട്ടിക്കും നേതാക്കൾക്കും ഇത് മാനക്കേടുണ്ടാക്കിയെന്നാണ് ജില്ലാ കമ്മറ്റിയുടെ വിലയിരുത്തൽ.
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്