- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആശിച്ച കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ സ്ഥാനം കിട്ടിയില്ല: അണികളെയും കൂട്ടി കോണ്‍ഗ്രസിലേക്ക് എത്തുമെന്ന് അറിയിച്ച് കേരളാ കോണ്‍ഗ്രസ് (എം) നേതാവ്; സമയമായപ്പോള്‍ അണികള്‍ മുങ്ങിയതിനെ തുടര്‍ന്ന് വെട്ടില്‍; ജില്ലാ നേതാവിനെതിരേ നടപടി വേണമെന്ന് നേതാക്കളും പ്രവര്‍ത്തകരും
ആശിച്ച കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ സ്ഥാനം കിട്ടിയില്ല
കോട്ടയം: ആശിച്ച കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ സ്ഥാനം കിട്ടാതെ വന്നപ്പോള്‍ ഒപ്പമുള്ള അണികളെയും കൂട്ടി കോണ്‍ഗ്രസില്‍ ചേരാന്‍ പോയ കേരളാ കോണ്‍ഗ്രസ് (എം) പത്തനംതിട്ട ജില്ലാനേതാവിന് തിരിച്ചടി. തക്ക സമയത്ത് അനുയായികള്‍ പിന്‍വലിഞ്ഞതോടെ നേതാവ് വെട്ടിലായി. മാണി ഗ്രൂപ്പിന്റെ സംഘടന ചുമതലയുള്ള ജനറല്‍ സെക്രട്ടറി ഏബ്രഹാം വാഴയിലാണ് കോണ്‍ഗ്രസിലേക്ക് ചേക്കേറാന്‍ യുഡിഎഫ് സംസ്ഥാന നേതൃത്വവുമായി ചര്‍ച്ച നടത്തിയത്. താനും 14 ഭാരവാഹികളും കോണ്‍ഗ്രസിലേക്ക് എത്തുമെന്നാണ് വാഴയില്‍ യുഡിഎഫ് നേതൃത്വത്തിന് വാക്കു കൊടുത്തത്. ഒപ്പം നില്‍ക്കുമെന്ന് പറഞ്ഞവര്‍ സമയമായപ്പോള്‍ മുങ്ങിയതിനെ തുടര്‍ന്ന് വാഴയില്‍ വെട്ടിലായി.
പാര്‍ട്ടി ചെയര്‍മാനോട് വയോജന ക്ഷേമ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ സ്ഥാനമാണ് നേതാവ് ആവശ്യപ്പെട്ടത് എന്നാണ് അറിയുന്നത്. കുടുംബസമേതം പാലായിലെത്തി ചെയര്‍മാനെ കണ്ടാണ് തന്റെ മോഹം അറിയിച്ചത്. ചെയര്‍മാന്‍ സ്ഥാനം നല്‍കാന്‍ കഴിയില്ലെന്ന് ജോസ് കെ. മാണി അറിയിച്ചതോടെയാണ് തന്നെ അനുകൂലിക്കുന്നവരുമായി കോണ്‍ഗ്രസില്‍ ചേരാന്‍ നീക്കം നടത്തിയത്. ആദ്യം 14 പേരുടെയും കമ്മറ്റി വിളിച്ചു ചേര്‍ത്ത് പാര്‍ട്ടി വിടുന്ന കാര്യം ചര്‍ച്ച ചെയ്തു. അനുയായികള്‍ എന്തിനും തയാറാണ് എന്നറിയിച്ചതോടെ നേതാവിന് ധൈര്യമായി. അങ്ങനെയാണ് യുഡിഎഫ് നേതൃത്വവുമായി ചര്‍ച്ച നടന്നത്.
കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ താന്‍ ആഗ്രഹിച്ച മലയാലപ്പുഴ ജില്ലാപഞ്ചായത്ത് ഡിവിഷന്‍ കിട്ടാതെ വന്നതിനെ തുടര്‍ന്ന് ബ്ലോക്ക് പഞ്ചായത്തിലേക്ക് മത്സരിച്ച പാര്‍ട്ടി സ്ഥാനാര്‍ഥിയെ കാലുവാരി തോല്‍പ്പിച്ചതായി ഇദ്ദേഹത്തിനെതിരേ ആരോപണം ഉയര്‍ന്നിരുന്നു. ഇതു കൂടിയായതോടെ വാഴയിലിനെതിരേ കോന്നിയിലെ പാര്‍ട്ടി പ്രവര്‍ത്തകര്‍ കടുത്ത അമര്‍ഷത്തിലാണ്. സംഘടനാ വിരുദ്ധ പ്രവര്‍ത്തനം നടത്തിയ വാഴയിലിന് എതരേ അച്ചടക്ക നടപടി എടുത്ത് പാര്‍ട്ടിക്ക് പുറത്തു കളയണം എന്നാണ് പ്രവര്‍ത്തകര്‍ ചെയര്‍മാനെ അറിയിച്ചിട്ടുള്ളത്.
ജില്ലാ പ്രസിഡന്റ് പക്ഷേ, ഈ നേതാവിനൊപ്പമാണെന്നാണ് എതിര്‍പക്ഷം ആരോപിക്കുന്നത്. ഈ നേതാവിന്റെ പ്രവര്‍ത്തികള്‍ മൂലം നിരവധി പ്രവര്‍ത്തകരും ഭാരവാഹികളും പാര്‍ട്ടി വിട്ട് ജോസഫ് ഗ്രൂപ്പില്‍ ചേര്‍ന്നതായും പറയപ്പെടുന്നു. കഴിഞ്ഞ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് സമയത്തായിരുന്നു നേതാവ് മുന്‍പ് ഇതു പോലെ രംഗത്തു വന്നതെന്നും വീണ്ടും തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ തന്റെ നേട്ടത്തിന് വേണ്ടി പാര്‍ട്ടിയെ ബ്ലാക്ക് മെയില്‍ ചെയ്യാനാണ് നേതാവ് ശ്രമിക്കുന്നത് എന്നുമാണ് പ്രവര്‍ത്തകരുടെ ആരോപണം.