തൊടുപുഴ: കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിൽ നിന്നും ജോണി നെല്ലൂർ വിട്ടുപോയതിന് പിന്നാലെ അദ്ദേഹം വഹിച്ചിരുന്ന യുഡിഎഫ് സെക്രട്ടറി സ്ഥാനത്തെ ചൊല്ലി കേരള കോൺഗ്രസിൽ കലഹം മൂർഛിക്കുന്നു. സെക്രട്ടറി സ്ഥാനത്തിന് അവകാശവാദമുന്നയിച്ച് പിസി തോമസും തോമസ് ഉണ്ണിയാടനും രംഗത്ത് വന്നതാണ് പ്രതിസന്ധിക്ക് കാരണം.

പാർട്ടി വർക്കിങ് ചെയർമാനായ താനാണ് സെക്രട്ടറി പദവിക്ക് അർഹനെന്ന് പി.സി. തോമസ് പറയുന്നു. തനിക്ക് ഈ സ്ഥാനം കിട്ടുന്നതിനായി
കോൺഗ്രസ് നേതൃത്വത്തിന് മേൽ സമ്മർദം ചെലുത്തണമെന്ന ആവശ്യവുമായി അദ്ദേഹം പി.ജെ ജോസഫിനെ തോമസ് സമീപിച്ചതായാണ് വിവരം. ഇതിന് പിന്നാലെ തൃശൂർ ജില്ലയിലെ പ്രധാന നേതാക്കളിൽ ചിലർ ജോസഫുമായി ടെലിഫോണിൽ സംസാരിച്ച് ഉണ്ണിയാടനെ സെക്രട്ടറിയാക്കണമെന്ന ആവശ്യവുമുന്നയിച്ചു. പക്ഷേ, ഇക്കാര്യത്തിൽ സമവായം ആവശ്യമാണെന്ന നിലപാടിലാണ് ജോസഫ്.

എന്നാൽ ഇരു വിഭാഗവും സ്ഥാനം ലഭിക്കണമെന്ന വാശിയിലാണ്. കേരള കോൺഗ്രസിന് സെക്രട്ടറി പദവി നൽകുന്നതിനോട് കോൺഗ്രസിലെ ഒരു വിഭാഗത്തിന് കടുത്ത എതിർപ്പാണുള്ളത്. ഫോർവേഡ് ബ്ലോക്ക് ദേശീയ ജനറൽ സെക്രട്ടറി ദേവരാജനെ സെക്രട്ടറിയാക്കണമെന്നുള്ള ആവശ്യവുമായി കെപിസിസി നേതൃത്വത്തെ കൊല്ലത്തു നിന്നുള്ള ഒരു വിഭാഗം കോൺഗ്രസ് നേതാക്കൾ സമീപിച്ചിട്ടുണ്ടെന്നും അറിയുന്നു.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ സീറ്റ് ലഭിക്കാത്തതിനെ തുടർന്ന് ജേക്കബ് വിഭാഗത്തിന്റെ ചെയർമാൻ സ്ഥാനം രാജിവച്ച് പുതിയ പാർട്ടി രൂപീകരിക്കുമെന്ന് ജോണി നെല്ലൂർ പ്രഖ്യാപിച്ചതോടെ യുഡിഎഫിൽ ഇല്ലാതിരുന്ന സെക്രട്ടറി പദവി സൃഷ്ടിച്ച് അദ്ദേഹത്തെ ഉൾക്കൊള്ളിക്കുകയായിരുന്നു കോൺഗ്രസ്. ജോണി നെല്ലൂർ പിന്നീട് ജോസഫ് വിഭാഗത്തിനൊപ്പം ചേർന്നുവെങ്കിലും പദവിയിൽ നിന്നും നീക്കിയിരുന്നുമില്ല. സെക്രട്ടറി പദവി തങ്ങൾക്ക് ലഭിച്ചതാണെന്നും തങ്ങൾക്ക് തന്നെ വിട്ടു നല്കണമെന്നും ജേക്കബ് വിഭാഗം ആവശ്യപ്പെട്ടിരുന്നുവെങ്കിലും ജോണി നെല്ലൂരിനെ നീക്കാൻ കോൺഗ്രസ് തയാറായില്ല.

അതേസമയം തങ്ങൾക്ക് അവകാശപ്പെട്ട പ്രത്യേക പദവിയാണ് സെക്രട്ടറി സ്ഥാനമെന്നും അത് പാർട്ടി പ്രതിനിധിക്ക് ലഭിക്കണമെന്നും ജോസഫ് ഇതിനോടകം ആവശ്യപ്പെട്ടതായാണ് അറിയുന്നത്. ഏറ്റുമുട്ടലുകൾ ഒഴിവാക്കി പൊതു സമ്മതനായ ഒരാളെ സെക്രട്ടറിയാക്കണമെന്നാണ് ജോസഫുമായി അടുപ്പം പുലർത്തുന്നവരുടെ ആവശ്യം.

ജോസഫിന്റെ മകനും യൂത്ത് ഫ്രണ്ട് നേതാവുമായ അപു ജോൺ ജോസഫിനെ സെക്രട്ടറിയാക്കി പ്രശ്നപരിഹാരമണ്ടാക്കാനാണ് നീക്കമെന്നാണ് സൂചന.ഏതാനും വർഷങ്ങളായി അപു ജോൺ ജോസഫ് രാഷ്ട്രീയത്തിൽ സജീവവുമാണ്. ചെയർമാന്റെ മകനെ തന്നെ സെക്രട്ടറിയാക്കിയാൽ താൽക്കാലിക വെടിനിർത്തലുണ്ടാകുമെന്നാണ് ജോസഫ് ക്യാമ്പ് കരുതുന്നത്.