- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോട്ടയത്ത് രണ്ടിലയുടെ തണ്ട് വാടി! കേരളാ കോണ്‍ഗ്രസ് എമ്മിനെ ചേര്‍ത്ത് മുന്നണി വിപുലീകരിക്കാന്‍ അനുകൂല നിലപാടില്‍ ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കളും മുസ്ലിംലീഗും; ജോസിനെ കുഞ്ഞാലിക്കുട്ടി യുഡിഎഫിലേക്ക് സ്വാഗതമോതുമ്പോഴും ഉടക്കുമായി പി ജെ ജോസഫ്; 'അവര്‍ മുന്നണിക്ക് കളങ്കം, കള്ളക്കച്ചവടത്തിനും സ്വര്‍ണപ്പാളി മോഷണത്തിനും കൂട്ടുനിന്നവര്‍ അവിടെത്തന്നെ നില്‍ക്കട്ടെ'യെന്ന് ജോസഫ്
'അവര്‍ മുന്നണിക്ക് കളങ്കം, കള്ളക്കച്ചവടത്തിനും സ്വര്‍ണപ്പാളി മോഷണത്തിനും കൂട്ടുനിന്നവര്‍ അവിടെത്തന്നെ നില്‍ക്കട്ടെ'യെന്ന് ജോസഫ്
കോട്ടയം: ഈ തദ്ദേശ തിരഞ്ഞെടുപ്പോടെ അടിത്തറ ഇളകിയ അവസ്ഥിലാണ് കേരളാ കോണ്‍ഗ്രസ് എം. ജോസ് കെ മാണിയുടെ തട്ടകമായ കോട്ടയം ജില്ലയില്‍ രണ്ടിലയ്ക്ക് കാര്യമായ വാട്ടം സംഭവിച്ചിട്ടുണ്ട്. സ്വന്തം അടിത്തറ ചോരുന്ന കേരളാ കോണ്‍ഗ്രസിനെ വീണ്ടും യുഡിഎഫിലേക്ക് ക്ഷണിക്കുകയാണ് ഒരു വിഭാഗം നേതാക്കള്‍. കോണ്‍ഗ്രസിലെയും മുസ്ലിംലീഗിലെയും നേതാക്കള്‍ ജോസ് കെ മാണിയെ മുന്നണിയിലേക്ക് ക്ഷണിച്ചു കൊണ്ട് കരുനീക്കം ശക്തമാക്കിയിട്ടുണ്ട്. ഇതോടെ കേരള കോണ്‍ഗ്രസ് എമ്മിന്റെ മുന്നണി മാറ്റം വീണ്ടും ചര്‍ച്ചയാകുന്നുണ്ട്.
ഘടകകക്ഷികളില്‍ നിന്ന് മതിയായ പിന്തുണ ലഭിക്കാത്തതാണ് പാര്‍ട്ടിക്ക് സ്വാധീനമുള്ള ജില്ലകളില്‍പോലും ശക്തി തെളിയിക്കാന്‍ കഴിയാതെ പോയതെന്നാണ് മാണി വിഭാഗത്തിന്റെ വിലയിരുത്തല്‍. ആയിരത്തിലേറെ സീറ്റുകള്‍ എല്‍.ഡി.എഫില്‍ നിന്ന് ലഭിച്ചെങ്കിലും 246 സീറ്റില്‍ മാത്രമാണ് ജയിക്കാനായത്. മുന്നണി സംവിധാനത്തിലെ പാളിച്ചകളും തോല്‍വിക്ക് കാരണമായിട്ടുണ്ട്.
തദ്ദേശ തെരഞ്ഞെടുപ്പിലേറ്റ പരാജയത്തിന്റെ എല്ലാവശങ്ങളും പരിശോധിച്ച് ഉചിത നടപടി സ്വീകരിക്കുമെന്നാണ് ചെയര്‍മാന്‍ ജോസ് കെ. മാണി വ്യക്തമാക്കുന്നത്. എന്നാല്‍, പാര്‍ട്ടിയുടെ ഈ പരാജയം അണികള്‍ക്കിടയില്‍ അസംതൃപ്തിയുണ്ടാക്കിയിട്ടുണ്ട്. യു.ഡി.എഫില്‍നിന്ന് നിരന്തരം ക്ഷണമുണ്ടായിട്ടും അത് നിരാകരിക്കുന്ന നേതൃത്വത്തിന്റെ നിലപാടിനോട് പാര്‍ട്ടിക്കുള്ളില്‍ കടുത്ത അതൃപ്തിയുണ്ടെന്നാണ് വിവരം. ഇപ്പോള്‍ ഉചിതമായ സമയമെന്നാണ് കേരള കോണ്‍ഗ്രസ് എം അണികളുടെ പൊതുഅഭിപ്രായം.
മുമ്പ് യു.ഡി.എഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് കേരള കോണ്‍ഗ്രസ് എമ്മിനെ മുന്നണിയിലേക്ക് ക്ഷണിച്ചെങ്കിലും ജോസ് കെ. മാണി തള്ളുകയായിരുന്നു. ഇപ്പോള്‍ തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫും മാണിവിഭാഗത്തെ ക്ഷണിച്ചത് ഗൗരവത്തോടെ കാണണമെന്ന അഭിപ്രായം പാര്‍ട്ടിക്കുള്ളിലുണ്ടായിട്ടുണ്ട്. ഇപ്പോള്‍ മുസ്ലിംലീഗ് നേതാക്കളും ജോസ് കെ മാണിയെ മുന്നണിയിലേക്ക് ക്ഷണിച്ചിട്ടുണ്ട്. മുന്നണി വിപുലീകരണം നല്ലതാണെന്നും മുന്നണിയുടെ അടിത്തറ വിപുലപ്പെടുത്തുന്നത് നല്ലതാണെന്നുമാണ് കുഞ്ഞാലിക്കുട്ടി അഭിപ്രായപ്പെട്ടത്.
കേരള കോണ്‍ഗ്രസ് എമ്മിന് മുന്നില്‍ തങ്ങള്‍ വാതിലടച്ചിട്ടില്ലെന്ന് കെ.പി.സി.സി അച്ചടക്കസമിതി അധ്യക്ഷന്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എയും വ്യക്തമാക്കി. അപ്പുറത്തേക്ക് പോയിട്ട് കേരള കോണ്‍ഗ്രസിന് (എം) നഷ്ടമല്ലേ ഉണ്ടായുള്ളൂ. പാലായില്‍പോലും നഷ്ടം സംഭവിച്ചില്ലേ. അവര്‍ ജനവിധി മാനിക്കണം. ജനങ്ങള്‍ക്ക് എതിരായുള്ള സര്‍ക്കാര്‍ നടപടികളെ വിമര്‍ശിക്കാനുള്ള ആര്‍ജവമെങ്കിലും കേരള കോണ്‍ഗ്രസ് (എം) കാണിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നിയമസഭ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ശേഷിക്കെ തദ്ദേശ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് കൈവരിച്ച മികച്ചനേട്ടം മൂന്നാം എല്‍.ഡി.എഫ് സര്‍ക്കാര്‍ എന്ന പ്രതീക്ഷക്ക് തിരിച്ചടിയാണെന്ന പൊതുവിലയിരുത്തലാണ് പാര്‍ട്ടിയിലുണ്ടാക്കിയിട്ടുള്ളത്. മുന്നണിമാറ്റത്തിന് ഇപ്പോള്‍ സുവര്‍ണാവസരമാണെന്ന അഭിപ്രായവും പാര്‍ട്ടിക്കുള്ളിലുണ്ടെന്നാണ് വിവരം. എന്നാല്‍, അവഗണിച്ച് പുറത്താക്കിയ മുന്നണിയിലേക്ക് എങ്ങനെ തിരിച്ചുപോകും എന്ന ആശങ്കയിലാണ് ജോസ് കെ. മാണി. അതേസമയം ജോസ് കെ മാണിയുടെ മടങ്ങിവരവിനെ പി ജെ ജോസഫ് വിഭാഗം പിന്തുണക്കുന്നില്ല.
മുന്നണി വിപുലീകരണ ചര്‍ച്ചകള്‍ക്കെതിരെ കര്‍ശന നിലപാടുമായി പി. ജെ ജോസഫ് രംഗത്തുവന്നു കഴിഞ്ഞു. യുഡിഎഫ് ഇപ്പോള്‍തന്നെ ശക്തമാണെന്നാണ് തെരഞ്ഞെടുപ്പ് ഫലം കാണിക്കുന്നത് . കേരള കോണ്‍ഗ്രസ് മാണി വിഭാഗം വരുന്നത് മുന്നണിയെ കളങ്കപ്പെടുത്തും. കള്ളക്കച്ചവടത്തിനും സ്വര്‍ണപ്പാളി മോഷണത്തിനും കൂട്ടുനിന്നവര്‍ അവിടെത്തന്നെ നില്‍ക്കട്ടെ. മുന്നണി വിപുലീകരണ ചര്‍ച്ചകള്‍ അപ്രസക്തമെന്നും ഒറ്റക്കെട്ടായി മുന്നോട്ടു പോവുകയാണ് വേണ്ടതെന്നും ജോസഫ് പ്രതികരിച്ചു. ചില്ലറ അഭിപ്രായ വ്യത്യാസങ്ങള്‍ മാറ്റിവെച്ച് നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടണമെന്നും ജോസഫ് കൂട്ടിച്ചേര്‍ത്തു.
ജോസ് കെ മാണിയുടെ പാര്‍ട്ടി തോറ്റു തുന്നം പാടി നില്‍ക്കുകയാണെന്നും അവരുടെ പുറകെ നടക്കേണ്ട ആവശ്യം ഇല്ലെന്നും മോന്‍സ് ജോസഫ് എംഎല്‍എയും പ്രതികരിച്ചത്. യുഡിഎഫിലെ ദുര്‍ബലപ്പെടുന്ന പ്രസ്താവനകളുമായി നേതാക്കള്‍ ഇറങ്ങരുതെന്നും കേരളാ കോണ്‍ഗ്രസ് എക്‌സിക്യുട്ടീവ് ചെയര്‍മാന്‍ കൂടിയായ മോന്‍സ് ജോസഫ് പറഞ്ഞു.
ജോസ് കെ മാണിയുടെ പാര്‍ട്ടി ഇതുപോലെ തോറ്റ് തുന്നംപാടി നില്‍ക്കുമ്പോള്‍ അവരുടെ പിറകേ നടക്കേണ്ട നിലപാട് ഇപ്പോള്‍ യുഡിഎഫിന് ഉണ്ടോ? ഇപ്പോള്‍ നടന്ന തദ്ദേശ സ്ഥാപനങ്ങളിലെ തിരഞ്ഞെടുപ്പില്‍ കോട്ടയം, പത്തനംതിട്ട, എറണാകുളം, ഇടുക്കി ഉള്‍പ്പടെ കേരള കോണ്‍ഗ്രസിന്റെ തടക്കകങ്ങളിലടക്കം യുഡിഎഫിന് ഉജ്വല വിജയമുണ്ടായപ്പോള്‍ ആ പാര്‍ട്ടിയുടെ പ്രസക്തി തന്നെ നഷ്ടപ്പെടുകയല്ലേ. അവരുള്ളതിനേക്കാള്‍ മെച്ചപ്പെട്ട വിജയം അവരില്ലാത്തപ്പോള്‍ യുഡിഎഫ് നേടിക്കൊണ്ടിരിക്കുമ്പോള്‍ യുഡിഎഫിനെ ദുര്‍ബലപ്പെടുത്തുന്ന സ്റ്റേറ്റ്‌മെന്റുമായി യുഡിഎഫ് നേതാക്കള്‍ ഇനി ഇറങ്ങരുതെന്ന് അഭ്യര്‍ഥനയാണ് അദ്ദേഹം പറഞ്ഞു.
തിരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ കേരള കോണ്‍ഗ്രസിന്റെ മുന്നണി മാറ്റ ചര്‍ച്ച വീണ്ടും സജീവമായിരുന്നു. യുഡിഎഫ് നേതാക്കള്‍ ജോസ് കെ മാണിയും കൂട്ടരെയും സ്വാഗതം ചെയ്തതോടെയാണ് ചര്‍ച്ച സജീവമായത്. സിപിഎമ്മിനെപ്പോലെ മാണി വിഭാഗത്തിനും തദ്ദേശ തെരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടി നേരിട്ടിരുന്നു. 332 സീറ്റുകളാണ് ഇത്തവണ നഷ്ടമായത്. കഴിഞ്ഞ തവണയുണ്ടായിരുന്ന ഏക കോര്‍പറേഷന്‍ സീറ്റും ലഭിച്ചില്ല.




