തിരുവനന്തപുരം: പാരീസ് ഒളിമ്പിക്സ് ഹോക്കിയില്‍ വെങ്കല മെഡല്‍ നേടിയ ഇന്ത്യന്‍ ടീമംഗം പി.ആര്‍. ശ്രീജേഷിന് രണ്ടുകോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍. ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. നേരത്തേ തിരുവനന്തപുരത്ത് സര്‍ക്കാരിനു കീഴില്‍ ശ്രീജേഷിന് സ്വീകരണച്ചടങ്ങുകള്‍ ഒരുക്കിയിരുന്നു. ശ്രീജേഷിനെ ആദരിക്കുന്ന വലിയ ചടങ്ങായി നടത്താനാണ് സര്‍ക്കാരിന്റെ നീക്കം. ടീമിലെ മറ്റു അംഗങ്ങളേയും പങ്കെടുപ്പിച്ച് കൊണ്ടായിരിക്കും ചടങ്ങുകളെന്നാണ് വിവരം.

ടോക്യോ ഒളിമ്പിക്സിനു പിന്നാലെ പാരീസ് ഒളിമ്പിക്സിലും ഇന്ത്യന്‍ ഹോക്കി ടീം വെങ്കല മെഡല്‍ നേടിയിരുന്നു. രണ്ടിലും ശ്രീജേഷ് നിര്‍ണായകമായ പങ്കുവഹിച്ചിരുന്നു. ഗെയിംസിലെ എട്ടു മത്സരങ്ങളിലായി നേരിട്ട 62 ഷോട്ടുകളില്‍ 50 എണ്ണം സേവ് ചെയ്ത താരത്തിന്റെ അസാമാന്യപ്രകടനമാണ് ഇന്ത്യയുടെ മെഡല്‍ നേട്ടത്തില്‍ നിര്‍ണായകമായത്.

പാരീസ് ഒളിമ്പിക്സോടെ ശ്രീജേഷ് അന്താരാഷ്ട്ര ഹോക്കിയില്‍നിന്ന് വിരമിക്കുകയും ചെയ്തു. ഒളിമ്പിക്സിനു മുന്നേതന്നെ ശ്രീജേഷ് പാരീസിലേത് അവസാന മത്സരമായിരിക്കുമെന്ന് അറിയിച്ചിരുന്നു. വിരമിച്ചതിനു പിന്നാലെ ആദരസൂചകമായി ശ്രീജേഷ് ധരിച്ചിരുന്ന 16-ാം നമ്പര്‍ ജഴ്സിയും വിരമിക്കുന്നതായി ഹോക്കി ഇന്ത്യ പ്രഖ്യാപിച്ചിരുന്നു.

അതേസമയം കളിക്കളത്തില്‍നിന്നു വിരമിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ ശ്രീജേഷിന് ഹോക്കി ഇന്ത്യ പുതിയ ചുമതലയും നല്‍കിയിരുന്നു. താരത്തെ ഇന്ത്യന്‍ ജൂനിയര്‍ ഹോക്കി ടീമിന്റെ പരിശീലകനായി ഹോക്കി ഇന്ത്യ സെക്രട്ടറി ജനറല്‍ ബോലനാഥ് പ്രഖ്യാപിച്ചിരുന്നു.

മൂന്നാം സ്ഥാനക്കാര്‍ക്കുള്ള പോരില്‍ സ്പെയ്നിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് ഇന്ത്യ വെങ്കലം നേടിയത്. ആ മത്സരത്തില്‍ മാത്രമല്ല, ടൂര്‍ണമെന്റിലുടനീളം മിന്നുന്ന പ്രകടനമായിരുന്നു ശ്രീജേഷ് പുറത്തെടുത്തത്. ഒരു വെള്ളിയും അഞ്ച് വെങ്കലവുമടക്കം ആറ് മെഡലുമായാണ് ഇന്ത്യ പാരീസില്‍ നിന്ന് മടങ്ങിയത്. ടോക്കിയോയിലെ റെക്കോര്‍ഡിനൊപ്പമെത്താനോ സ്വര്‍ണമെഡല്‍ നേടാനോ ഇന്ത്യക്കായില്ല. മെഡല്‍ പട്ടികയില്‍ എഴുപത്തിയൊന്നാം സ്ഥാനത്താണ് ഇന്ത്യ.