- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പത്തനംതിട്ടയെ ഇളക്കി മറിച്ച് കേരള പദയാത്രയ്ക്ക് അടൂരിൽ വൻ സ്വീകരണം; കേരളത്തിൽ പട്ടിണിയില്ലാത്തത് മോദി സർക്കാർ ഉള്ളതുകൊണ്ട്: കുമ്മനം രാജശേഖരൻ
അടൂർ: എൻഡിഎ സംസ്ഥാന ചെയർമാൻ കെ.സുരേന്ദ്രൻ നയിക്കുന്ന കേരള പദയാത്ര പത്തനംതിട്ടയെ ഇളക്കി മറിച്ചു. അടൂർ ബസ്റ്റാൻഡ് പരിസരത്ത് നടന്ന ഉദ്ഘാടന സമ്മേളനം ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരൻ ഉദ്ഘാടനം ചെയ്തു. സുപ്രസിദ്ധ സിനിമാ സംവിധായകനും ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷനുമായ മേജർ രവി മുഖ്യപ്രഭാഷണം നിർവഹിച്ചു. ബിജെപി സംസ്ഥാന സെക്രട്ടറി കരമന അദ്ധ്യക്ഷത വഹിച്ചു. മുതിർന്ന നേതാവ് പിസി ജോർജ് ആശംസ പ്രസംഗം നടത്തി.
ബസ്റ്റാൻഡ് പരിസരത്ത് നിന്നും ആരംഭിച്ച കേരള പദയാത്ര പാറന്തലിൽ സമാപിച്ചു. ആയിരങ്ങൾ പങ്കെടുത്ത പദയാത്രയിൽ പകുതിയിലധികവും സ്ത്രീകളായിരുന്നു. മുത്തുക്കുടകളും വെഞ്ചാമരങ്ങളുമേന്തിയ സ്ത്രീകൾ നരേന്ദ്ര മോദി നടപ്പിലാക്കിയ പദ്ധതികൾ പതിപ്പിച്ച പ്ലക്കാർഡുകൾ കൈകളിലേന്തിയിരുന്നു. മോദിയുടെ ചിത്രം ആലേഖനം ചെയ്ത മുഖംമൂടി ധരിച്ച പ്രവർത്തകർ യാത്രയുടെ മുമ്പിൽ അണിനിരന്നു. വിവിധ കേന്ദ്ര സർക്കാർ പദ്ധതികളുടെ നിശ്ചല ദൃശ്യങ്ങളും പദയാത്രയിൽ അണിനിരന്നു.
മോദി സർക്കാരിന്റെ വിവിധ ജനപ്രിയ പദ്ധതികൾ അനൗൺസ്മെന്റ് ചെയ്ത് നിരവധി വാഹനങ്ങളും പദയാത്രയ്ക്ക് അകമ്പടി നൽകി. ചെണ്ടമേളങ്ങളും വാദ്യഘോഷങ്ങളും പദയാത്രയ്ക്ക് പ്രൗഡിയേകി. പദയാത്ര കടന്നു പോയ വീഥിക്ക് ഇരുവശത്തു നിന്നും ആളുകൾ കെ.സുരേന്ദ്രനെ ആശിർവദിച്ചു. യാത്രയിൽ വിവിധ കേന്ദ്ര പദ്ധതികളിൽ അംഗമായവരെയും സുരേന്ദ്രൻ അഭിസംബോധന ചെയ്തു. കേന്ദ്രസർക്കാരിന്റെ വിവിധ പദ്ധതികളിൽ പൊതുജനങ്ങളെ അംഗമാക്കുവാൻ പദയാത്രയോടൊപ്പം പ്രത്യേകം തയ്യാറാക്കിയ ഹെൽപ്പ് ഡസ്ക്ക് വാഹനവുമുണ്ടായിരുന്നു. നിരവധി പേരാണ് ഇതിലൂടെ വിവിധ മോദി സർക്കാർ പദ്ധതികളിൽ അംഗങ്ങളായത്. വിവിധ പാർട്ടികളിൽ നിരവധി പേർ ബിജെപിയിൽ ചേർന്നു. പുതുതായി പാർട്ടിയിൽ ചേർന്നവരെ കെ.സുരേന്ദ്രൻ സ്വീകരിച്ചു. എൻഡിഎയുടെ മുഴുവൻ നേതാക്കളും ജാഥാ ക്യാപ്റ്റനൊപ്പം പദയാത്രയിൽ പങ്കെടുത്തു. എസ്ജെഡി സംസ്ഥാന പ്രസിഡന്റ് വിവി രാജേന്ദ്രൻ, ശിവസേന സംസ്ഥാന പ്രസിഡന്റ് പേരൂർക്കട ഹരികുമാർ, ബിഡിജെഎസ് സംസ്ഥാന ഉപാദ്ധ്യക്ഷൻ കെ.പത്മകമാർ, ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷ പ്രമീള ദേവി, ദേശീയ കൗൺസിൽ അംഗങ്ങളായ വിഎൻ ഉണ്ണി, ജി.രാമൻ നായർ, വിക്ടർ ടി തോമസ്, ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി ജോർജ് കുര്യൻ, സംസ്ഥാന സെക്രട്ടറി പന്തളം പ്രതാപൻ, ന്യൂനപക്ഷ മോർച്ച ദേശീയ സെക്രട്ടറി നോബിൾമാത്യു, മാത്യു മഠത്തേടത്ത്, ജില്ലാ അദ്ധ്യക്ഷൻ വിഎ സൂരജ് എന്നിവർ സംസാരിച്ചു.
കേരളത്തിൽ പട്ടിണിയില്ലാത്തത് മോദി സർക്കാർ ഉള്ളതുകൊണ്ട്: കുമ്മനം രാജശേഖരൻ
കേരളത്തിൽ പട്ടിണിയില്ലാത്തത് നരേന്ദ്ര മോദി സർക്കാർ രാജ്യം ഭരിക്കുന്നതുകൊണ്ടാണെന്ന് ബിജെപി ദേശീയ നിർവാഹക സമിതി അംഗം കുമ്മനം രാജശേഖരൻ. പത്തനംതിട്ട അടൂരിൽ നടന്ന കേരള പദയാത്രയുടെ ഉദ്ഘാടന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭാരത് അരി കേരളീയർക്കും ഗുണ ചെയ്യും. എന്നാൽ കേരളത്തിൽ 7 ലക്ഷം ടൺ അരി മാത്രമാണ് ഉത്പാദിപ്പിക്കുന്നത്. 45 ലക്ഷം ടൺ അരിയാണ് നമുക്ക് വേണ്ടത്. 15 ലക്ഷം ടൺ അരിയാണ് കേന്ദ്രം കൊടുക്കുന്നത്. കേരളത്തിൽ ഈ ബജറ്റിലും കാർഷിക ഉത്പാദനം കൂട്ടാൻ ഒരു നടപടിയുമില്ല. തൊഴിലില്ലായ്മയാണ് കേരളത്തിലെ മറ്റൊരു പ്രധാന പ്രശ്നം. കേരളത്തിൽ തൊഴിൽ അവസരങ്ങളില്ലാത്തതിനാൽ യുവാക്കൾ നാടുവിടുകയാണ്. 67 വർഷക്കാലമായി കേരളം ഭരിച്ച രണ്ട് മുന്നണികളും ഇതിന് മറുപടി പറയണം. ഒരു രംഗത്തും കേരളം മുന്നിൽ ഇല്ല. റവന്യൂ കമ്മി വർദ്ധിച്ചുവരുകയാണ്. നാല് ലക്ഷം കോടിയുടെ പൊതു കടമുണ്ടായിട്ടും കേരളം പിടിച്ചു നിൽക്കുന്നത് കേന്ദ്രത്തിൽ നരേന്ദ്ര മോദിയുള്ളതുകൊണ്ടാണെന്നും കുമ്മനം രാജശേഖരൻ പറഞ്ഞു.
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്