- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ആരോപണങ്ങളില്‍ നിഷ്പക്ഷമായ അന്വേഷണം വേണം'; അന്‍വറിനെ തള്ളാതെ മുസ്ലീം ലീഗ്; ഇടത് മൂല്യങ്ങളുടെ കാവല്ക്കാരന് അല്ലെന്ന് ബിനോയ് വിശ്വം; പാര്‍ട്ടി ചര്‍ച്ച ചെയ്തിട്ടില്ലെന്ന് പന്ന്യന്‍; അന്വേഷണം കഴിയട്ടെയെന്ന് ഐഎന്‍എല്‍
അന്‍വര്‍ പറഞ്ഞ കാര്യങ്ങള്‍ കേരളത്തെ ഞെട്ടിക്കുന്നതെന്ന് പിഎംഎ സലാം
മലപ്പുറം: മുഖ്യമന്ത്രി പിണറായി വിജയനും സിപിഎമ്മിനും സര്‍ക്കാരിനുമെതിരെ നിലമ്പൂര്‍ എംഎല്‍എ പി വി അന്‍വര്‍ ഉന്നയിച്ച വിമര്‍ശനങ്ങളില്‍ സമ്മിശ്ര പ്രതികരണങ്ങളുമായി വിവിധ പാര്‍ട്ടി നേതാക്കള്‍. പി.വി.അന്‍വര്‍ ഇടതുമുന്നണിയില്‍ നിന്ന് പുറത്തു പോകുന്നതും അകത്തു പോകുന്നതും മുസ്ലിം ലീഗിന്റെ പ്രശ്‌നമല്ലെന്ന് ജനറല്‍ സെക്രട്ടറി പിഎംഎ സലാം പ്രതികരിച്ചു. അന്‍വര്‍ പറഞ്ഞ കാര്യങ്ങള്‍ കേരളത്തെ ഞെട്ടിക്കുന്നതാണ്. ഇനിയും പറയാനുണ്ട് എന്നാണ് പറയുന്നത്. ആരോപണങ്ങളില്‍ നിഷ്പക്ഷമായ അന്വേഷണം നടക്കണം. സിപിഐ പോലും ഇക്കാര്യത്തില്‍ കൃത്യമായ അഭിപ്രായം പറഞ്ഞിട്ടുണ്ടെന്നും സലാം പറഞ്ഞു.
പൂരം കലക്കലില്‍ അന്വേഷണം എഡിജിപിയെ ഏല്‍പ്പിച്ചത് കള്ളനു താക്കോല്‍ കൊടുക്കും പോലെയാണ്. ഇന്ന് യുഡിഎഫ് കോഴിക്കോട് സമര പ്രഖ്യാപനം നടത്തും. മുഖ്യമന്ത്രി സ്ഥാനം ഒഴിയണം. അന്‍വറിനെ സ്വാഗതം ചെയ്യുന്ന ചിന്ത ലീഗിന് ഇല്ല. മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍ യോജിക്കാവുന്ന കാര്യങ്ങളില്‍ യോജിക്കുന്നതില്‍ തെറ്റില്ല. അന്‍വര്‍ ഉന്നയിച്ച കാര്യങ്ങളില്‍ സ്വതന്ത്രമായ അന്വേഷണം വേണമെന്നും സലാം ആവശ്യപ്പെട്ടു.
പിവി അന്‍വറിന്റെ ആരോപണങ്ങള്‍ പെട്ടെന്ന് ഉത്തരം പറയാവുന്ന വിഷയം അല്ലെന്നും ചര്‍ച്ച ചെയ്തശേഷം വിശദമായ മറുപടി നല്‍കുമെന്നും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. 2011ല്‍ എല്‍ഡിഎഫിനെ വെല്ലുവിളിച്ചുകൊണ്ടാണ് പിവി അന്‍വര്‍ ഏറനാട്ടില്‍ മത്സരിച്ചത്. അന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയെ പരാജയപ്പെടുത്താനാണ് അന്‍വര്‍ മത്സരിച്ചത്.
എന്തെല്ലാം പ്രലോഭനവും സമ്മര്‍ദം വന്നാലും കമ്യൂണിസ്റ്റ് മൂല്യങ്ങള്‍ക്കുവേണ്ടിയാണ് അന്ന് എല്‍ഡിഎഫ് അവിടെ മത്സരിച്ചത്. കെട്ടിവെച്ച കാശുപോലും എല്‍ഡിഎഫിന് കിട്ടിയില്ല. എന്നാല്‍, ആ പോരാട്ടം നീതിക്കും കമ്യൂണിസ്റ്റ് മൂല്യം കാത്തുസൂക്ഷിക്കാനും വേണ്ടിയായിരുന്നു. പുതിയ രാഷ്ട്രീ വിവാദങ്ങളില്‍ ഇടതുപക്ഷ മൂല്യങ്ങള്‍ മുറുകെ പിടിക്കുന്ന പരിഹാരമാണ് വേണ്ടത്.
അതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയിലും എല്‍ഡിഎഫിലും ഉണ്ടാകുമെന്ന് കരുതുകയാണ്. മൂല്യങ്ങള്‍ മറന്ന് പരിഹാരം തേടരുത്. ചര്‍ച്ച നടത്തിയേ മറുപടി പറയാനാകു. ഒരു ഭാഗത്ത് എല്‍ഡിഎഫും മറുഭാഗത്ത് എല്‍ഡിഎഫ് വിരുദ്ധരുമാണുള്ളത്. എല്‍ഡിഎഫിന്റെ ഭാഗത്ത് ഉറച്ചുനിന്നുകൊണ്ട് ഇക്കാര്യത്തില്‍ ഇടതുപക്ഷത്തിന് നിലപാട് സ്വീകരിക്കാനാകും.
ഇടത് മൂല്യങ്ങളുടെ കാവല്‍ക്കാരനല്ല അന്‍വര്‍. അന്‍വറിനെ ഉള്‍ക്കൊള്ളാനാകില്ല എന്ന് തുടക്കം മുതല്‍ സിപിഐ നിലപാട് എടുത്തിരുന്നു. അന്‍വറിനെതിരെ സിപിഐ നടത്തിയ പോരാട്ടം നീതിക്ക് വേണ്ടിയായിരുന്നു. അധികകാലം എംആര്‍ അജിത് കുമാറിന് ക്രമസമാധാന ചുമതലയില്‍ തുരാനാകില്ല. അജിത് കുമാര്‍ തുടരുന്നത് ശരിയുമല്ല. അത് സിപിഐക്ക് ഉറപ്പിച്ച് പറയനാകുമെന്നും ബിനോയ് വിശ്വം കൂട്ടിച്ചേര്‍ത്തു.
അന്‍വര്‍ നടത്തുന്ന നീക്കങ്ങളും ഉന്നയിച്ച ആരോപണങ്ങളും പാര്‍ട്ടി ചര്‍ച്ച ചെയ്തിട്ടില്ലെന്ന് മുതിര്‍ന്ന സിപിഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞു. നോക്കട്ടെ, പഠിക്കട്ടെ എന്നീ രണ്ടു വാക്കുകളില്‍ അദ്ദേഹം പ്രതികരണം ഒതുക്കി. മുന്നണി സംവിധാനമല്ലേയെന്നും കൃത്യമായി പഠിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അന്‍വര്‍ ആദ്യം പറയേണ്ടത് മാധ്യമങ്ങളോടല്ല പാര്‍ട്ടിയോടായിരുന്നുവെന്ന് ഐഎന്‍എല്‍ നേതാവും മുന്‍ മന്ത്രിയുമായ അഹമ്മദ് ദേവര്‍കോവില്‍ പറഞ്ഞു. അന്‍വറല്ല ആര് ആരോപണം ഉന്നയിച്ചാലും ഗൗരവത്തോടെ കാണണം. അന്വേഷണം ഇപ്പോള്‍ നടക്കുകയാണ്. അന്വേഷണ റിപ്പോര്‍ട്ട് വരട്ടെ. ഐഎന്‍എല്‍ നിലപാട് എല്‍ഡിഎഫില്‍ പറഞ്ഞിട്ടുണ്ടെന്നും അഹമ്മദ് ദേവര്‍കോവില്‍ പറഞ്ഞു.