തിരുവനന്തപുരം: കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ് തെരഞ്ഞെടുപ്പില്‍ ചരിത്രത്തിലാദ്യമായി അക്കൗണ്ട് തുറന്ന് ബിജെപി. ഒമ്പതില്‍ ആറ് സീറ്റും എല്‍ഡിഎഫ് നേടിയപ്പോള്‍ രണ്ട് സീറ്റുകളിലാണ് ബിജെപി പ്രതിനിധികള്‍ വിജയിച്ചത്. ഒരു സീറ്റില്‍ കോണ്‍ഗ്രസ് പ്രതിനിധിയും ജയിച്ചു. സിപിഐ സ്ഥാനാര്‍ത്ഥി തോറ്റു. വോട്ട് ചോര്‍ച്ചയെ ചൊല്ലി സിപിഎം-സിപിഐ അംഗങ്ങള്‍ തമ്മില്‍ വാക്കേറ്റമുണ്ടായി.

പ്രിന്‍സിപ്പല്‍ പ്രതിനിധിയുടേയും സര്‍ക്കാര്‍-സ്വകാര്യ കോളേജ് അധ്യാപക പ്രതിനിധികളുടയും തെരഞ്ഞെടുപ്പിലാണ് ഇടത് ജയം. ഒന്‍പത് സീറ്റുകളിലേക്കാണ് ഇന്ന് വോട്ടെടുപ്പ് നടന്നത്. ഇതില്‍ ജനറല്‍ സീറ്റിലാണ് ബിജപിയുടെ പ്രതിനിധി ഡോ. ടി ജി വിനോദ് കുമാര്‍ ജയിച്ചത്.

വോട്ടെണ്ണല്‍ കോടതി വിധിപ്രകാരം പിന്നീട് നടത്തിയാല്‍ മതിയെന്ന വിസിയുടെ തീരുമാനത്തിനെതിരെ രാവിലെ ഇടത് അംഗങ്ങള്‍ ശക്തമായി പ്രതിഷേധിച്ചു. പിന്നീട് ഹൈക്കോടതി തന്നെ വോട്ടെണ്ണല്‍ നടത്താന്‍ നിര്‍ദ്ദേശിച്ചതോടെയാണ് സംഘര്‍ഷത്തിന് അയവ് വന്നത്.

കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ് തിരഞ്ഞെടുപ്പില്‍ വോട്ടുകള്‍ എണ്ണുന്നത് സംബന്ധിച്ച് വൈസ് ചാന്‍സലറും (വിസി) സംഘടനകളും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. വിസിയെ സിപിഎം അനുകൂലികള്‍ തടഞ്ഞുവച്ചു. പുറത്തു നിന്ന എസ്എഫ്‌ഐക്കാര്‍ മതില്‍ ചാടിക്കടന്നാണ് ഉള്ളില്‍ പ്രവേശിച്ചത്