- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കിഫ്ബി ടോളിന് എല്‍ഡിഎഫിന്റെയും പച്ചക്കൊടി; വികസനം വരണമെങ്കില്‍ ടോള്‍ ഏര്‍പ്പെടുത്തിയേ മതിയാവൂ എന്ന് ടി പി രാമകൃഷ്ണന്‍; ചെലവഴിച്ച പണം തിരികെ ലഭിക്കാന്‍ മറ്റു മാര്‍ഗങ്ങളില്ല; ആര്‍ക്കും ബദല്‍ സംവിധാനം നിര്‍ദേശിക്കാമെന്നും എല്‍ഡിഎഫ് കണ്‍വീനര്‍
കിഫ്ബി ടോളിന് എല്‍ഡിഎഫിന്റെയും പച്ചക്കൊടി
തിരുവനന്തപുരം: സംസ്ഥാനത്ത് കിഫ്ബി പദ്ധതിയിലൂടെ നിര്‍മ്മിക്കുന്ന റോഡുകളില്‍ നിന്നും ടോള്‍ പിരിക്കാനുള്ള തീരുമാനത്തില്‍ പച്ചക്കൊടി കാണിച്ച് ഇടതുമുന്നണി. ചെലവഴിച്ച പണം തിരികെ ലഭിക്കാന്‍ മറ്റു മാര്‍ഗങ്ങളില്ലെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ചി പി രാമകൃഷ്ണന്‍ വ്യക്തമാക്കി. ടോള്‍ സംബന്ധിച്ച് എല്‍ഡിഎഫില്‍ ഭിന്നതയില്ലെന്നും അദ്ദേഹം പരഞ്ഞു. പ്രതിപക്ഷത്തിന് സമരം ചെയ്യാനുള്ള അവകാശം ഉണ്ട്. ആര്‍ക്കും ബദല്‍ സംവിധാനം നിര്‍ദേശിക്കാമെന്നും ടി പി രാമകൃഷ്ണന്‍ പറഞ്ഞു.
വികസനം നടത്തണമെങ്കില്‍ ടോള്‍ ഏര്‍പ്പെടുത്തിയേ മതിയാവൂ. ടോള്‍ പിരിവുമായി ബന്ധപ്പെട്ട എല്ലാ വശങ്ങളും മുന്നണി പരിശോധിച്ചുവെന്നും ടി പി രാമകൃഷ്ണ്‍ പറഞ്ഞു. അതേസമയം കിഫ്ബി റോഡുകളില്‍ ടോള്‍ ഏര്‍പ്പെടുത്തുമെന്ന വാര്‍ത്ത ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ നിഷേധിച്ചു. കിഫ്ബി റോഡുകള്‍ക്ക് ടോള്‍ ഏര്‍പ്പെടുത്തുന്ന വിഷയത്തില്‍ സര്‍ക്കാര്‍ ഒരു തീരുമാനവും എടുത്തിട്ടില്ലെന്നാണ് ധനകാര്യ വകുപ്പ് മന്ത്രി വ്യക്തമാക്കിയത്. പരിശോധിച്ചത് സാധ്യത മാത്രമാണെന്നും മന്ത്രി വിശദീകരിച്ചു. എന്നാല്‍ ടോള്‍ പിരിക്കാനുള്ള നീക്കവുമായി സര്‍ക്കാര്‍ മുന്നോട്ട് പോവുകയാണ്.
ടോള്‍ ഈടാക്കാനുള്ള കരട് നിയമത്തില്‍ ടോളിന് പകരം യൂസര്‍ ഫീസ് എന്നാണ് പരാമര്‍ശിക്കുന്നത്. നിയമസഭാ ബജറ്റ് സമ്മേളനത്തില്‍ സര്‍ക്കാര്‍ ബില്ല് കൊണ്ടുവന്നേക്കും. കിഫ്ബി നിര്‍മ്മിച്ച സംസ്ഥാന പാതകളിലൂടെ 15 കിലോമീറ്ററിന് മുകളില്‍ യാത്ര ചെയ്യുന്നവരില്‍ നിന്നായിരിക്കും യൂസര്‍ഫീസ് ഈടാക്കുകയെന്നാണ് കരട് നിയമത്തില്‍ പറയുന്നത്. 50 കോടിക്ക് മുകളില്‍ എസ്റ്റിമേറ്റുള്ള റോഡുകള്‍ക്ക് യൂസര്‍ ഫീ ചുമത്തുമെന്നാണ് കരട് നിയമത്തില്‍ പറയുന്നത്.
അതേസമം റോഡുകളില്‍ ടോള്‍ പിരിക്കാനുള്ള സര്‍ക്കാര്‍ നീക്കവും എല്‍ഡിഎഫില്‍ വേണ്ടത്ര ചര്‍ച്ചയോ നയപരമായ തീരുമാനമോ ഇല്ലാതെയാണെന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍. ഈ വിഷയത്തില്‍ എല്‍ഡിഎഫില്‍ ആലോചന നടന്നെന്നും തീരുമാനം എടുത്തെന്നും കണ്‍വീനര്‍ ടി.പി.രാമകൃഷ്ണന്‍ പറയുന്നുണ്ടെങ്കിലും ഇതു സംബന്ധിച്ച പരാമര്‍ശം മാത്രമാണ് ഏതാനും മാസം മുന്‍പു നടന്ന മുന്നണി യോഗത്തില്‍ ഉണ്ടായതെന്നും ചര്‍ച്ചയോ തീരുമാനമോ ഉണ്ടായിട്ടില്ലെന്നും ഘടകകക്ഷികള്‍ വ്യക്തമാക്കുന്നു.
ഫലത്തില്‍ എലപ്പുള്ളിയില്‍ മദ്യ നിര്‍മാണ പ്ലാന്റ് സ്ഥാപിക്കാന്‍ അനുമതി നല്‍കിയതു പോലെ കിഫ്ബി ടോളിലും ഘടകകക്ഷികളെ ഇരുട്ടില്‍ നിര്‍ത്തിയാണ് സിപിഎം നേതൃത്വത്തിന്റെ നീക്കമെന്നു വ്യക്തം. എങ്കിലും ഈ വിഷയത്തില്‍ പരസ്യപ്രതികരണത്തിനു ഘടകകക്ഷികള്‍ തയാറല്ല. മുന്നണിയിലെ തിരുത്തല്‍ ശക്തിയാകാന്‍ ആഗ്രഹിക്കുന്ന സിപിഐയും മൗനത്തില്‍ തന്നെ. പ്രതികരിക്കാനില്ലെന്നു സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. വിഷയം ചര്‍ച്ച ചെയ്‌തോയെന്ന് ഓര്‍മയില്ലെന്നാണു മുന്‍മന്ത്രി ആന്റണി രാജുവിന്റെ പ്രതികരണം.
കേന്ദ്ര സര്‍ക്കാര്‍ കേരളത്തിന് ആവശ്യമായ ധനസഹായം നല്‍കാത്തതിനെതിരായ പ്രക്ഷോഭം ചര്‍ച്ച ചെയ്യാനായി ചേര്‍ന്ന എല്‍ഡിഎഫ് യോഗത്തിലാണു കിഫ്ബി ബാധ്യത പരാമര്‍ശിക്കപ്പെട്ടത്. കിഫ്ബി വായ്പയുടെ ബാധ്യത കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനത്തിന്റെ തലയില്‍ കെട്ടിവയ്ക്കുകയാണെന്നും അതിനാല്‍ കിഫ്ബി പദ്ധതികളില്‍നിന്നു വരുമാനം കണ്ടെത്തുന്നതു ഭാവിയില്‍ പരിഗണിക്കേണ്ടി വരുമെന്നുമായിരുന്നു സിപിഎം നേതൃത്വത്തില്‍ നിന്നുള്ള പരാമര്‍ശം. പെട്ടെന്നു തീരുമാനം ആവശ്യമില്ലാത്ത വിഷയമായതിനാല്‍ അതില്‍ ചര്‍ച്ച ഉണ്ടായില്ലെന്നാണു ഘടകകക്ഷി നേതാക്കള്‍ നല്‍കുന്ന വിവരം.