കണ്ണൂർ: കെ.കെ ശൈലജയുടെ ആത്മകഥയിൽ കണ്ണൂർ രാഷ്ട്രീയത്തിലെഅടിയൊഴുക്കുകൾ പരാമർശിക്കുന്നുണ്ടോയെന്ന ആകാംക്ഷയിൽ കണ്ണൂർ സി.പി. എമ്മിലെ നേതാക്കൾ. ഒരു സഖാവെന്ന നിലയിൽ എന്റെ ജീവിതമെന്ന പുസ്തകത്തിൽ തുറന്നെഴുത്തിന് ശൈലജ ടീച്ചർ തുനിയില്ലെന്ന വിശ്വാസത്തിലാണ് പാർട്ടിയിലെ ഒരുവിഭാഗം നേതാക്കൾ. കെ.കെ ശൈലജയ്ക്കു അനുകൂലമായും പ്രതികൂലമായും ഏറ്റവും കൂടുതൽ രാഷ്ട്രീയ നീക്കങ്ങൾ നടന്നത് കണ്ണൂരിലാണ്.

അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിൽ പാർട്ടി സ്ഥാനാർത്ഥിയായി പരിഗണിക്കുന്നതുംകെ.കെ ശൈലജയെയാണ്. അതുകൊണ്ടു തന്നെ ജനപ്രീയയായ ശൈലജ ടീച്ചറുടെ കരുത്തിൽ എങ്ങനെ കണ്ണൂർ ലോക്സഭാ മണ്ഡലം പിടിച്ചെടുക്കാൻ കഴിയുമെന്ന കണക്കുകൂട്ടലിലാണ് പാർട്ടി നേതൃത്വം. എന്നാൽ പാർലമെന്റിലേക്ക് മത്സരിക്കുന്നതിൽ കെ.കെ ശൈലജയ്ക്കു താൽപര്യമില്ലെങ്കിലും പാർട്ടി നിർബന്ധിച്ചാൽ മത്സരിക്കുകയല്ലാതെ മറ്റുവഴികളില്ല.

ശിവപുരം സ്‌കൂൾ അദ്ധ്യാപികയിൽ നിന്നും തുടങ്ങി സർവീസ് സംഘടനാ നേതൃത്വത്തിലേക്കും പിന്നീട് ബഹുജനസംഘടനകളിലൂടെ സി.പി. എമ്മിന്റെ അമരത്തേക്ക് എത്തിയതുമായി ഐതിഹാസികമായ ജീവിതകഥയാണ് കെ.കെ ശൈലജയുടെയത്. ഭർത്താവും മുന്മട്ടന്നൂർ നഗരസഭാ ചെയർമാനുമായ ഭാസ്‌കരന്മാസ്റ്ററുമായുള്ള വിവാഹമാണ് കെ. എസ്. വൈ. എഫിലേക്കും പിന്നീട് സജീവരാഷ്ട്രീയത്തിലുമെത്തിച്ചത്.

കോവിഡ്, നിപ്പക്കാലത്ത് കേരളത്തിലെആരോഗ്യമന്ത്രിയെന്ന നിലയിൽ നടത്തിയ പ്രവർത്തനങ്ങളാണ് പുസ്തകത്തിന്റെ ഹൈലെറ്റ്. എന്നാൽ പാർട്ടിക്കുള്ളിൽ ഒതുക്കപ്പെടുകയും രണ്ടാംപിണറായി സർക്കാരിൽ ആരോഗ്യമന്ത്രിസ്ഥാനത്തുനിന്നും ഒഴിവാക്കപ്പെടുകയും ചെയ്യുന്ന വിവാദവിഷയങ്ങൾ പുസ്തകം പരാമർശിക്കുന്നില്ലെന്നാണ് സൂചന.

എന്തുതന്നെയായാലും സി.പി. എമ്മിന്റെ വനിതാ നേതാക്കളിൽ ഏറ്റവും ശ്രദ്ധേയ മുഖമായ കെ.കെ ശൈലജ പാർട്ടിയെയും ഭരണത്തെയും തന്നെ ഒതുക്കിയവരെയും വളർത്തിയവരെയും എങ്ങനെ നിരീക്ഷിക്കുന്നതെന്ന കൗതുകം വായനാക്കാർക്കുണ്ട്.സിപിഎം കേന്ദ്ര കമ്മിറ്റിയംഗവും മുൻ ആരോഗ്യ മന്ത്രിയുമായ കെ കെ ശൈലജ എം എൽ എയുടെ ആത്മകഥ 'മൈ ലൈഫ് ആസ് എ കോമ്രേഡ്' (ഒരു സഖാവെന്ന നിലയിൽ എന്റെ ജീവിതം) ഡൽഹി കേരളാ ഹൗസിൽ 28-ന് മൂന്നിന് മുഖ്യമന്ത്രി പിണറായി വിജയനാണ് പ്രകാശനം ചെയ്യും.

ഇംഗ്ലീഷിൽ തയ്യാറാക്കിയ ആത്മകഥ ഡൽഹിയിലെ ജഗർനെറ്റ് പബ്ലിക്കേഷൻസ് ആണ് പ്രസിദ്ധീകരിക്കുന്നത്. മലയാള പരിഭാഷ എഴുത്തുകാരി എസ് സിത്താര തയ്യാറാക്കുന്നുണ്ട്. ആരോഗ്യ മന്ത്രിയായ സമയത്ത് പ്രസാധകർ ആവശ്യപ്പെട്ടത് അനുസരിച്ചാണ് അനുഭവങ്ങൾ ഇംഗ്ലീഷിൽ തയ്യാറാക്കിയതെന്ന് കെ കെ ശൈലജ മട്ടന്നൂരിൽ പ്രതികരിച്ചു.