- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബലാഗോപാൽ രാജിസന്നദ്ധത പ്രകടിപ്പിച്ചെന്ന് റിപ്പോർട്ട്
തിരുവനന്തപുര: സിപിഎം സംസ്ഥാന സമിതി യോഗത്തിൽ ധനമന്ത്രി കെ എൻ ബാലഗോപാൽ രാജി സന്നദ്ധത അറിയിച്ചെന്ന് റിപ്പോർട്ട്. ഭാവിയിൽ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി അവതരിപ്പിക്കാൻ കഴിയുന്ന നേതാവായതുകൊണ്ടാണു കെ.കെ.ശൈലജ വടകരയിൽ പരാജയപ്പെട്ടതെന്നു സിപിഎം സംസ്ഥാന കമ്മിറ്റിയിൽ പി.ജയരാജൻ പറഞ്ഞിരുന്നു. കേരളത്തിലെ 19 സീറ്റിലും ഇടതുപക്ഷം തോൽക്കാൻ കാരണം ധനകാര്യമാനേജ്‌മെന്റിലെ വീഴ്ചയാണെന്ന പരാമർശവും സംസ്ഥാന കമ്മറ്റിയിൽ സജീവമായി ഉയർന്നു. ഈ സാഹചര്യത്തിലാണ് ധനമന്ത്രി രാജി സന്നദ്ധത അറിയിച്ചതെന്നാണ് റിപ്പോർട്ട്.
സാമ്പത്തിക ഞെരുക്കവും ധനകാര്യ മാനേജ്‌മെന്റും തോൽവിക്കു കാരണമായെന്ന ആക്ഷേപം സംസ്ഥാന കമ്മിറ്റിയിൽ ഉയർന്നിരുന്നു. ഇതു തന്നെ ലക്ഷ്യമിട്ടാണെന്ന വികാരത്തിന്റെ അടിസ്ഥാനത്തിൽ പാർട്ടിക്കു വിശ്വാസമില്ലെങ്കിൽ ഒഴിയാനുള്ള സന്നദ്ധത സംസ്ഥാന സെക്രട്ടേറിയറ്റിൽ ധനമന്ത്രി പ്രകടിപ്പിച്ചെന്നാണു വിവരമെന്ന് മനോരമയാണ് റിപ്പോർട്ട് ചെയ്യുന്നത്. മുഖ്യമന്ത്രിയോ പാർട്ടി സെക്രട്ടറിയോ ഇതിനെ അനുകൂലിച്ചില്ല. യോഗത്തിൽ മുഖ്യമന്ത്രിക്കെതിരെയാണ് അതിരൂക്ഷ വിമർശനം ഉയർന്നത്. മുഖ്യമന്ത്രി വിമർശനങ്ങളോട് പ്രതികരിച്ചതു പോലുമില്ലെന്നാണ് റിപ്പോർട്ട്. ഈ സാഹചര്യത്തിലാണ് ബാലഗോപാലിന്റെ ധാർമിക ഉത്തരവാദിത്തം ഏറ്റെടുക്കലിന് പ്രസക്തി കൂടുന്നത്.
പാർട്ടി സെക്രട്ടറിയേറ്റിനെ പോലെ സംസ്ഥാന സമിതിയിലും രൂക്ഷ അഭിപ്രായ പ്രകടനങ്ങളാണ് ഉയർന്നത്. ഭൂരിപക്ഷന്യൂനപക്ഷ പിന്നാക്ക വേർതിരിവില്ലാതെ എല്ലാ വിഭാഗങ്ങളുടെയും വോട്ടു ചോർന്നെന്നു സിപിഎം സംസ്ഥാന കമ്മിറ്റി വിലയിരുത്തി. പൗരത്വ നിയമഭേദഗതിയിൽ ഊന്നിയുള്ള പാർട്ടിയുടെ പ്രചാരണം തിരിച്ചടിച്ചെന്നുമാണു നിഗമനം. മുസ്‌ലിം ജനവിഭാഗങ്ങളെ കൂടെ നിർത്താനായി ആവിഷ്‌കരിച്ച പൗരത്വനിയമഭേദഗതി വിരുദ്ധ മുദ്രാവാക്യം കൊണ്ടു പ്രയോജനം ഉണ്ടായതു കോൺഗ്രസിനാണെന്നാണ് പാർട്ടിയുടെ നിഗമനം-ഇങ്ങനെയാണ് മനോരമ വാർത്ത നൽകുന്നത്. വൻതോതിൽ ഈഴവ വോട്ടുകൾ സിപിഎമ്മിൽ നിന്നും ബിജെപിയിലേക്ക് ചോരുകയും ചെയ്തുവെന്നതാണ് യാഥാർത്ഥ്യം.
മുസ്ലിം വിഭാഗത്തെ പ്രീണിപ്പിക്കാൻ പാർട്ടി ശ്രമിക്കുന്നുവെന്ന തോന്നൽ ഭൂരിപക്ഷ വിഭാഗങ്ങൾക്കൊപ്പം, ന്യൂനപക്ഷ വിഭാഗങ്ങളുടെയും എതിർപ്പിനു കാരണമായി. ഈഴവ വിഭാഗങ്ങളിലേക്കു മാത്രമല്ല, പിന്നാക്ക വോട്ടു ബാങ്കിലേക്കും ബിജെപി കയറിയെന്നാണു നിഗമനം. പിന്നാക്ക പട്ടികജാതി വിഭാഗങ്ങളെ എൽഡിഎഫ് സർക്കാരിന്റെ അവഗണന അകറ്റിയെന്ന വിമർശനം യോഗത്തിലുണ്ടായി. ആനുകൂല്യങ്ങൾ നിഷേധിക്കപ്പെടുന്നതും ലൈഫ് പദ്ധതിയും മറ്റും നീണ്ടുപോകുന്നതും സർക്കാരിനോടുള്ള അകൽച്ചയ്ക്കു കാരണമായിയെന്നും സംസ്ഥാന സമിതിയിൽ പ്രതികരണങ്ങളുണ്ടായി.
പാർട്ടിയിലും സർക്കാരിലും തിരുത്തലുണ്ടാകണമെന്ന് ചർച്ചയിൽ പങ്കെടുത്ത ഭൂരിപക്ഷംപേരും ചൂണ്ടിക്കാട്ടിയിരുന്നു. മാധ്യമങ്ങളെ വിരുദ്ധപക്ഷത്തുനിർത്തിയുള്ള പ്രവർത്തനരീതി ജനവിധിയെ സ്വാധീനിച്ചു. വാർത്ത റിപ്പോർട്ടുചെയ്തതിന്റെപേരിൽ കേസെടുക്കുന്ന രീതി ഇടതുപക്ഷസർക്കാരിലെ പൊലീസിന് ചേർന്നതല്ല. ജനങ്ങളുടെ മനസ്സ് തിരിച്ചറിയാതെ തൊലിപ്പുറത്ത് ചികിത്സകൊണ്ട് കാര്യമില്ലെന്നും നേതാക്കൾ പറഞ്ഞിരുന്നു. ഫലത്തിൽ മറുനാടൻ വേട്ടയ്‌ക്കെതിരെ പോലും സിപിഎം സംസ്ഥാന സമിതിയിൽ പരോക്ഷ വിമർശനം മുഖ്യമന്ത്രി നേരിടേണ്ടി വന്നു.
വിമർശനങ്ങൾക്കൊന്നും മുഖ്യമന്ത്രി യോഗത്തിൽ മറുപടി നൽകിയില്ല. എല്ലാ അഭിപ്രായങ്ങളും പരിഗണിച്ച് പാർട്ടി സമഗ്രമായ റിപ്പോർട്ട് തയ്യാറാക്കുമെന്ന് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ യോഗത്തിൽ അറിയിച്ചു. തിരുത്തലിന്റെ ഭാഗമായി നാല് മേഖലായോഗങ്ങൾ വിളിച്ചുചേർക്കും. ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും പൊളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ടും പങ്കെടുക്കും. ലോക്കൽതലത്തിൽ പൊതുജനങ്ങളെക്കൂടി പങ്കെടുപ്പിച്ചായിരിക്കും യോഗം. അതിലുയരുന്ന വ്യത്യസ്ത അഭിപ്രായം പാർട്ടി ഗൗരവത്തോടെ എടുക്കുമെന്നാണ് സൂചന.