കോഴഞ്ചേരി: ബ്ലോക്ക് പഞ്ചായത്തിന് പിന്നാലെ കോയിപ്രം ഗ്രാമ പഞ്ചായത്തിനും പുതിയ പ്രസിഡന്റ്. തദ്ദേശ തെരഞ്ഞെടുപ്പു തിരക്കുകള്‍ക്കിടെ പഞ്ചായത്തിലേക്ക് ഇന്നലെ നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനു ജയം. സി.ജി.ആശയാണ് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത്. കഴിഞ്ഞ ത്രിതലപഞ്ചായത്ത് തെരഞ്ഞെടുപ്പിന് ശേഷം തുടക്കത്തില്‍ രണ്ടര വര്‍ഷം പ്രസിഡന്റായിരുന്നു.

ഗ്രാമപഞ്ചായത്ത് എട്ടാം വാര്‍ഡായ വരയന്നൂരില്‍ നിന്നുള്ള പ്രതിനിധിയാണ്. കോണ്‍ഗ്രസിലെ തന്നെ പഞ്ചായത്ത് പ്രസിഡന്റായിരുന്ന പി.സുജാത കഴിഞ്ഞ 10 ന് രാജി വച്ചതിനെ തുടര്‍ന്നുണ്ടായ ഒഴിവിലേക്കാണ് ഇന്നലെ തെരഞ്ഞെടുപ്പു നടന്നത്. പ്രസിഡന്റ് സ്ഥാനം പട്ടിക ജാതി വനിതാ സംവരണമായ ഇവിടെ മറ്റാരും മത്സര രംഗത്ത് ഉണ്ടായിരുന്നില്ല. കോണ്‍ഗ്രസില്‍ മാത്രമാണ് ഈ വിഭാഗത്തില്‍ രണ്ടുപേര്‍ ജയിച്ചു വന്നത്.

അവര്‍ക്കു രണ്ടുപേര്‍ക്കും ഊഴം അനുസരിച്ച് പ്രസിഡന്റ് പദവി നല്‍കുകയാണ് ചെയ്തത്. ആദ്യ ടേമില്‍ രണ്ടര വര്‍ഷം സി.ജി.ആശയായിരുന്നു പ്രസിഡന്റ്. തുടര്‍ന്നുള്ള രണ്ടര വര്‍ഷമായി സുജാത പ്രസിഡന്റായി ചുമതല വഹിച്ചു വരികയായിരുന്നു. 16-ാം വാര്‍ഡില്‍ ബി.ജെ.പി സ്ഥാനാര്‍ഥിയായി മത്സരിക്കുമെന്ന് വ്യക്തമാക്കുകയും ചെയ്താണ് പ്രസിഡന്റ് പദവിയും വാര്‍ഡ് അംഗത്വവും രാജി വച്ചത്. ഇപ്പോള്‍ തെരഞ്ഞെടുപ്പ് പൂര്‍ത്തിയായി പുതിയ ഭരണ സമിതി അധികാരം ഏല്‍ക്കും വരെയും ആശക്ക് പ്രസിഡന്റായി തുടരാന്‍ കഴിയും.