- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോഴിക്കോട് കോര്‍പറേഷനിലെ 46 വര്‍ഷത്തെ എല്‍ഡിഎഫ് കുത്തക തകര്‍ന്നു; ബിജെപി യുഡിഎഫിന് കൈ കൊടുത്താല്‍ ഭരണം നഷ്ടമായേക്കും; എല്‍ഡിഎഫ്, യുഡിഎഫ് മേയര്‍ സ്ഥാനാര്‍ഥികള്‍ക്ക് അടിതെറ്റിയപ്പോള്‍ എന്‍ഡിഎ മേയര്‍ സ്ഥാനാര്‍ഥിക്ക് ജയം; കാല്‍നൂറ്റാണ്ടിലേറെ കാലം ഇടതുകോട്ടയയായ പഞ്ചായത്തുകള്‍ പിടിച്ചെടുത്ത് യുഡിഎഫ് തേരോട്ടം
കോഴിക്കോട് കോര്‍പറേഷനിലെ 46 വര്‍ഷത്തെ എല്‍ഡിഎഫ് കുത്തക തകര്‍ന്നു
കോഴിക്കോട്: തദ്ദേശ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്തുടനീളം വീശിയ യുഡിഎഫ് അനുകൂല തരംഗം കോഴിക്കോട് ജില്ലയിലും ശക്തമായി അനുഭവപ്പെട്ടു. ജില്ലയിലെ ഗ്രാമപഞ്ചായത്തുകളില്‍ യുഡിഎഫ് ഉജ്ജ്വല വിജയം നേടി. കോര്‍പ്പറേഷനില്‍ എല്‍ഡിഎഫിനെ വിറപ്പിച്ചതിന് പിന്നാലെ, കാല്‍നൂറ്റാണ്ടിലേറെയായി ഇടതുമുന്നണി കുത്തകയാക്കി വെച്ച നിരവധി പഞ്ചായത്തുകള്‍ യുഡിഎഫ് പിടിച്ചെടുത്തു. ഇത് ജില്ലയിലെ രാഷ്ട്രീയ ഭൂപടത്തില്‍ വലിയ മാറ്റങ്ങള്‍ വരുത്തിയിരിക്കുകയാണ്.
കാല്‍നൂറ്റാണ്ടിനും അതിനു മുകളിലുമായി ഇടതുമുന്നണി കുത്തകയാക്കി വെച്ചിരുന്ന നിരവധി പഞ്ചായത്തുകളാണ് ഇത്തവണ യുഡിഎഫ് സ്വന്തമാക്കിയത്.
ഗ്രാമപഞ്ചായത്ത് ഫലം: യുഡിഎഫിന് വ്യക്തമായ മേല്‍ക്കൈ
2020 തദ്ദേശ തിരഞ്ഞെടുപ്പില്‍ 42 പഞ്ചായത്തുകള്‍ നേടി എല്‍ഡിഎഫ് വ്യക്തമായ ആധിപത്യം പുലര്‍ത്തിയിരുന്ന സ്ഥാനത്ത്, ഇത്തവണ യുഡിഎഫ് ആധിപത്യം സ്ഥാപിച്ചു. ഇത്തവണ 38 പഞ്ചായത്തുകളിലാണ് യുഡിഎഫ് ഭരണമുറപ്പിച്ചത്. അതേസമയം, എല്‍ഡിഎഫിന് 27 പഞ്ചായത്തുകളില്‍ മാത്രമാണ് വിജയിക്കാനായത്. നാല് പഞ്ചായത്തുകളില്‍ ഇരുമുന്നണികള്‍ക്കും തുല്യമായ സീറ്റ് ലഭിച്ചതിനാല്‍, ഭരണസമിതി ആരെന്ന് നറുക്കെടുപ്പിലൂടെ തീരുമാനിക്കേണ്ടി വരും.
തകര്‍ന്ന പ്രധാന ഇടതു കോട്ടകള്‍
യുഡിഎഫിന്റെ വിജയം ഏറ്റവും ശ്രദ്ധേയമായത് ഇടതുമുന്നണിയുടെ ശക്തികേന്ദ്രങ്ങളിലായിരുന്നു. അഞ്ച് പതിറ്റാണ്ടായി (50 വര്‍ഷം) ഇടതുമുന്നണി ഭരിച്ചുവന്ന ബാലുശ്ശേരി പഞ്ചായത്തില്‍ അട്ടിമറിയുണ്ടായി. ഷാഫി പറമ്പിലിന് പോലീസ് മര്‍ദ്ദനം നേരിട്ടതിലൂടെ ശ്രദ്ധേയമായ പേരാമ്പ്ര പഞ്ചായത്തില്‍ 25 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷമാണ് യുഡിഎഫ് ഭരണം പിടിച്ചെടുത്തത്. ആകെ 21 വാര്‍ഡുകളില്‍ 12 സീറ്റുകളില്‍ യുഡിഎഫും എട്ട് സീറ്റുകളില്‍ എല്‍ഡിഎഫും ഒരു സീറ്റില്‍ ബിജെപിയുമാണ് വിജയിച്ചത്.
മറ്റൊരു പ്രധാന ഇടതു കോട്ടയായ ചക്കിട്ടപ്പാറയിലും 25 വര്‍ഷത്തിന് ശേഷം യുഡിഎഫ് ഭരണം സ്വന്തമാക്കി. ആകെ 16 സീറ്റുകളില്‍ ഒമ്പതിടങ്ങളില്‍ യുഡിഎഫും ഏഴ് സീറ്റില്‍ എല്‍ഡിഎഫുമായി. 20 വര്‍ഷമായി ഇടതുമുന്നണി ഭരിച്ചിരുന്ന കൂത്താളി പഞ്ചായത്തിലും യുഡിഎഫ് വിജയം വരിച്ചു. ആകെ 14 വാര്‍ഡുകളില്‍ പത്ത് സീറ്റിലും യുഡിഎഫാണ് ജയിച്ചത്.
കാല്‍നൂറ്റാണ്ടായി ഇടതുമുന്നണിക്ക് കുത്തകയായിരുന്ന ചേമഞ്ചേരി, ചെങ്ങോട്ട്കാവ് പഞ്ചായത്തുകളും യുഡിഎഫ് പിടിച്ചെടുത്തു. ചെങ്ങോട്ട്കാവ് പഞ്ചായത്തില്‍ 18 വാര്‍ഡുകളില്‍ ഒമ്പത് സീറ്റ് യുഡിഎഫ് നേടി. 30 വര്‍ഷമായി എല്‍ഡിഎഫ് കോട്ടയായി മാറിയ മൂടാടി പഞ്ചായത്തില്‍ യുഡിഎഫ് ശക്തമായ പ്രകടനം കാഴ്ചവെച്ച് ഒപ്പത്തിനൊപ്പമെത്തി (10-10 എന്ന നിലയില്‍).
യു.ഡി.എഫ് വിജയം നേടിയ പഞ്ചായത്തുകള്‍: ആയഞ്ചേരി, ബാലുശ്ശേരി, ചക്കിട്ടപ്പാറ, ചങ്ങരോത്ത്, ചെക്യാട്, ചേമഞ്ചേരി, ചെങ്ങോട്ടുകാവ്, ചെറുവണ്ണൂര്‍, കാക്കൂര്‍, കട്ടിപ്പാറ, കായക്കൊടി, കിഴക്കോത്ത്, കോടഞ്ചേരി, കൊടിയത്തൂര്‍, കൂടരഞ്ഞി, കൂരാച്ചുണ്ട്, കൂത്താളി, കുന്നമംഗലം, കുരുവട്ടൂര്‍, മടവൂര്‍, മാവൂര്‍, നാദാപുരം, നടുവണ്ണൂര്‍, നരിക്കുനി, ഓമശ്ശേരി, പേരാമ്പ്ര, പെരുമണ്ണ, പെരുവയല്‍, പുറമേരി, പുതുപ്പാടി, തലക്കുളത്തൂര്‍, താമ?രശ്ശേരി, തിക്കോടി, തിരുവമ്പാടി, തൂണേരി, തുറയൂര്‍, ഉണ്ണിക്കുളം, വേളം.
എല്‍.ഡി.എഫ് വിജയം നേടിയ പഞ്ചായത്തുകള്‍: അരിക്കുളം, അത്തോളി, ?ചേളന്നൂര്‍, ചോറോട്, എടച്ചേരി, ഏറാമല, കടലുണ്ടി, കക്കോടി, കാരശ്ശേരി, കാവിലുമ്പാറ, കായണണ, കീഴരിയൂര്‍, കോട്ടൂര്‍, കുന്നുമ്മല്‍, കുറ്റ്യാടി, മണിയൂര്‍, മരുതോങ്കര, മേപ്പയ്യൂര്‍, നരിപ്പറ്റ, നൊച്ചാട്, ഒളവണ്ണ, പനങ്ങാട്, ഉള്ളിയേരി, ?വളയം, വാണിമേല്‍, വില്യാപ്പള്ളി.
കോര്‍പറേഷനില്‍ കുത്തക തകര്‍ന്നു
ചുരുക്കത്തില്‍, കോഴിക്കോട് കോര്‍പ്പറേഷനിലെ വിജയം നിലനിര്‍ത്താന്‍ എല്‍ഡിഎഫിന് കഴിഞ്ഞെങ്കിലും, ജില്ലയുടെ ഗ്രാമീണ മേഖലയില്‍ യുഡിഎഫ് നേടിയ മുന്നേറ്റം ജില്ലയിലെ രാഷ്ട്രീയ സമവാക്യങ്ങളില്‍ വലിയ മാറ്റങ്ങള്‍ക്ക് വഴിവെച്ചിരിക്കുകയാണ്. കോഴിക്കോട് കോര്‍പ്പറേഷനില്‍ 46 വര്‍ഷമായി എല്‍ഡിഎഫ് നിലനിര്‍ത്തിയിരുന്ന കേവലഭൂരിപക്ഷ കുത്തകയാണ് ഈ തദ്ദേശ തിരഞ്ഞെടുപ്പില്‍ തകര്‍ന്നിരിക്കുന്നത്. കോര്‍പ്പറേഷനില്‍ എല്‍ഡിഎഫ് ഏറ്റവും വലിയ ഒറ്റക്കക്ഷിയായി തുടരുന്നുണ്ടെങ്കിലും ഭരണം ഉറപ്പില്ലാത്ത അവസ്ഥയിലാണ്.
കക്ഷിനില: 2020-ല്‍ നിന്ന് വലിയ മാറ്റം
കോര്‍പ്പറേഷനിലെ ആകെ സീറ്റുകളുടെ എണ്ണം 77 ആണെന്നിരിക്കെ, കേവലഭൂരിപക്ഷത്തിന് ആവശ്യമായ സംഖ്യ എല്‍ഡിഎഫിന് നേടാനായില്ല. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ 51 സീറ്റുകള്‍ ഉണ്ടായിരുന്ന എല്‍ഡിഎഫ് ഇത്തവണ 34 സീറ്റുകളിലേക്ക് കൂപ്പുകുത്തി. ഇത് 17 സീറ്റുകളുടെ കുറവാണ്.
എല്‍ഡിഎഫ്: 34 സീറ്റുകള്‍ (കഴിഞ്ഞ തവണ 51)
യുഡിഎഫ്: 26 സീറ്റുകള്‍ (കഴിഞ്ഞ തവണ 17)
എന്‍ഡിഎ: 14 സീറ്റുകള്‍ (കഴിഞ്ഞ തവണ 7)
മറ്റുള്ളവര്‍: 3 സീറ്റുകള്‍ (കഴിഞ്ഞ തവണ 5)
യുഡിഎഫ് 9 സീറ്റുകളും എന്‍ഡിഎ 6 സീറ്റുകളും അധികം നേടി ശ്രദ്ധേയമായ മുന്നേറ്റം കാഴ്ചവെച്ചതാണ് എല്‍ഡിഎഫിന് ഭൂരിപക്ഷം നഷ്ടമാവാന്‍ കാരണം.
മേയര്‍ സ്ഥാനാര്‍ത്ഥികളുടെ പരാജയം
എല്‍ഡിഎഫിന്റെയും യുഡിഎഫിന്റെയും മേയര്‍ സ്ഥാനാര്‍ത്ഥികള്‍ പരാജയപ്പെട്ടു. എല്‍ഡിഎഫ് മേയര്‍ സ്ഥാനാര്‍ത്ഥി മുസാഫര്‍ അഹമ്മദ് മീഞ്ചന്ത വാര്‍ഡില്‍ പരാജയപ്പെട്ടു. യുഡിഎഫ് മേയര്‍ സ്ഥാനാര്‍ത്ഥി അഡ്വ. പി.എം. നിയാസ് പാറോപ്പടിയില്‍ പരാജയപ്പെട്ടു. അതേസമയം,
എന്‍ഡിഎയുടെ മേയര്‍ സ്ഥാനാര്‍ത്ഥി നവ്യ ഹരിദാസ് കാരപ്പറമ്പില്‍ നിന്ന് ഹാട്രിക് വിജയം നേടി.
അനിശ്ചിതത്വത്തിലായ ഭരണം
ഏറ്റവും വലിയ ഒറ്റക്കക്ഷി എല്‍ഡിഎഫ് ആണെങ്കിലും, കോര്‍പ്പറേഷനില്‍ വ്യക്തമായ ഭൂരിപക്ഷം ഒരു മുന്നണിക്കും ഇല്ലാത്തതിനാല്‍ ഭരണം ആര്‍ക്കെന്ന് ഇനി നിര്‍ണായകമാകും. ബിജെപി നേടിയ 14 സീറ്റുകള്‍ കോര്‍പ്പറേഷന്‍ ഭരണത്തില്‍ വലിയ സ്വാധീനം ചെലുത്തും. ബിജെപി യുഡിഎഫിനൊപ്പം ചേര്‍ന്നാല്‍ കോര്‍പ്പറേഷനില്‍ എല്‍ഡിഎഫിന് ഭരണം നഷ്ടമായേക്കും.
നഷ്ടപ്പെട്ട കോട്ടകളും നേടിയ വാര്‍ഡുകളും
എല്‍ഡിഎഫിന് 55-ാം വാര്‍ഡായ പയ്യാനക്കല്‍, 58-ാം വാര്‍ഡായ മുഖദാര്‍ അടക്കമുള്ള ശക്തികേന്ദ്രങ്ങള്‍ നഷ്ടമായി.
കഴിഞ്ഞ തവണ ബിജെപി വിജയിച്ച മീഞ്ചന്ത വാര്‍ഡ് യുഡിഎഫ് പിടിച്ചെടുത്തു.
യുഡിഎഫ് മേയര്‍ സ്ഥാനാര്‍ഥി പി.എം. നിയാസ് മത്സരിച്ച പാറോപ്പടി വാര്‍ഡ് ഇത്തവണ ബിജെപി നേടി.
നിലവിലെ കോഴിക്കോട് മേയര്‍ ബീന ഫിലിപ്പ് മത്സരിച്ച് വിജയിച്ച പൊറ്റമ്മല്‍ വാര്‍ഡില്‍ എന്‍ഡിഎ സ്ഥാനാര്‍ഥി ടി. റനീഷ് വിജയിച്ചു.
കന്നിയങ്കത്തിനിറങ്ങിയ ലീഗ് സ്ഥാനാര്‍ഥി ഫാത്തിമ തെഹ്ലിയ കുറ്റിച്ചിറ വാര്‍ഡില്‍ നിന്ന് മികച്ച വിജയം നേടി ശ്രദ്ധേയമായി.
കഴിഞ്ഞ അര നൂറ്റാണ്ടോളമായി ഇടതുമുന്നണി ഭരിക്കുന്ന കോഴിക്കോട് കോര്‍പ്പറേഷനില്‍ ഇത്തവണ ഇഞ്ചോടിഞ്ച് പോരാട്ടമായിരുന്നു. കഴിഞ്ഞ തവണ ആകെയുള്ള 75 സീറ്റില്‍ 49 ഉം നേടിയാണ് അവര്‍ കഴിഞ്ഞ തവണ ഭരണം നിലനിര്‍ത്തിയത്. ശക്തമായ ഭരണവിരുദ്ധവികാരമാണ് ഇത്തവണ എല്‍ഡിഎഫിലെ അലട്ടിയത്. കഴിഞ്ഞ കോര്‍പ്പറേഷന്‍ ഭരണത്തില്‍ അഴിമതി വ്യാപകമായെന്ന് പരാതി സിപിഎം അനുഭാവികള്‍ക്ക് തന്നെയുണ്ടായിരുന്നു.




