- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കല്‍പ്പറ്റ സീറ്റെടുക്കാന്‍ സിപിഎം; ജയസാധ്യത ഇല്ലാത്ത ആരേയും കല്‍പ്പറ്റയില്‍ ഒരു പാര്‍ട്ടിയുടേയും പേരില്‍ മത്സരിപ്പിക്കില്ല; ആര്‍ജെഡിയില്‍ കെപി മോഹനന് മേല്‍കൈ നേടും; ഇനി ഇടതു ഭരണ തുടര്‍ച്ചയുണ്ടായാല്‍ കുത്തുപറമ്പില്‍ ജയിച്ചാല്‍ മോഹനന് മന്ത്രി സ്ഥാനവും ഉറപ്പ്; ഐ എസ് ജെ ഡി-എന്‍സിപി ലയനം നടക്കുമോ?

തിരുവനന്തപുരം: കല്‍പ്പറ്റ സീറ്റ് ഏറ്റെടുക്കാന്‍ സിപിഎം. ജയസാധ്യതയില്ലാത്ത ആരേയും ഇടതു മുന്നണിയുടെ ഭാഗമായി ഒരു സീറ്റിലും മത്സരിപ്പിക്കില്ല. ഭരണ തുടര്‍ച്ചയുണ്ടായാല്‍ ആര്‍ ജെ ഡിയില്‍ നിന്നും മന്ത്രിയും ഉണ്ടാകും. കൂത്തുപറമ്പില്‍ കെപി മോഹനന് ജയസാധ്യത കൂടുതലാണെന്നാണ് സിപിഎം വിലയിരുത്തല്‍. മോഹനനെ ഇനി മന്ത്രിയാക്കുകയും ചെയ്യും. ഇതോടെ ആര്‍ജെഡിയില്‍ കെപി മോഹനന് രാഷ്ട്രീയ പ്രസക്തിയും കൂടുകയാണ്.
നിയമസഭ തിരഞ്ഞെടുപ്പില്‍ വയനാട്ടില്‍ സ്ഥാനാര്‍ഥി നിര്‍ണയം സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ സജീവമാവുകയാണ്. ലോക്‌സഭ തെരഞ്ഞെടുപ്പിലും തദ്ദേശ തെരഞ്ഞെടുപ്പിലുമുണ്ടായ മേല്‍ക്കൈയുടെ ഊര്‍ജത്തിലാണ് യുഡിഎഫ്. എന്നാല്‍ വയനാട്ടില്‍ 2006 ല്‍ മൂന്നു സീറ്റും നേടിയ ചരിത്രം എല്‍ഡിഎഫിനുണ്ട്. കല്‍പ്പറ്റ സീറ്റ് എല്‍ ഡി എഫില്‍ നിലവില്‍ രാഷ്ട്രീയ ജനതാദളിനുള്ളതാണ്. ആ സീറ്റ് സി പി എം ഏറ്റെടുത്തേക്കും.അങ്ങിനെ വന്നാല്‍ മുന്‍ എം എല്‍ എ സി കെ ശശീന്ദ്രന്‍, സിപിഎം ജില്ല സെക്രട്ടറി കെ റഫീഖ് ,പി ഗഗാറിന്‍ എന്നിവരുടെ പേരുകള്‍ ഉയരുന്നുണ്ട്. ആര്‍ജെഡിയ്ക്ക് മൂന്ന് സീറ്റുകളാണ് ഇടതു മുന്നണിയുള്ളത്.
ഇത് കല്‍പ്പറ്റയും വടകരയും കൂത്തുപറമ്പുമാണ്. ഇതില്‍ കൂത്തുപറമ്പില്‍ മോഹനന് വിജയസാധ്യത കൂടുതലാണ്. എന്നാല്‍ മറ്റ് രണ്ട് സീറ്റുകളുടെ കാര്യം അങ്ങനെ അല്ല. എങ്കിലും വടകരയ്ക്ക് വേണ്ടി സിപിഎം കടുംപിടിത്തം പിടിക്കില്ല. പക്ഷേ കല്‍പ്പറ്റ ഏറ്റെടുക്കും. അതിനിടെ ഇടതുപക്ഷ ജനാധിപത്യ മുന്നണിയിലെ ഘടകകക്ഷികളായ ഇന്ത്യന്‍ സോഷ്യലിസ്റ്റ് ജനതാദ(ഐ.എസ്.ജെ.ഡി)ളും എന്‍.സി.പിയും ലയിച്ച് ഒരു പാര്‍ട്ടിയാകാന്‍ സാധ്യത. ഇതു സംബന്ധിച്ച് ഇരുപാര്‍ട്ടികളുടെയും നേതാക്കള്‍ പ്രാഥമിക ചര്‍ച്ച നടത്തി.
എന്‍.സി.പി. സംസ്ഥാന പ്രസിഡന്റ് തോമസ് കെ. തോമസ് എം.എല്‍.എയും ഐ.എസ്.ജെ ഡി. സംസ്ഥാന പ്രസിഡന്റ് മാത്യു ടി. തോമസ് എം.എല്‍.എയുമായാണ് ചര്‍ച്ച നടത്തിയത്. ഇരുകക്ഷികളുടെയും മന്ത്രിമാരായ എ.കെ. ശശീന്ദ്രന്‍, കെ. കൃഷ്ണന്‍കുട്ടി എന്നിവരെ കൂടി ഉള്‍പ്പെടുത്തി ചര്‍ച്ച തുടരും. നിലവില്‍ എന്‍.സി.പിക്ക് കുട്ടനാട്, എലത്തൂര്‍ എന്നീ മണ്ഡലങ്ങളില്‍ നിന്നും ഐ.എസ്.ജെ.ഡിക്ക് ചിറ്റൂര്‍, തിരുവല്ല മണ്ഡലങ്ങളില്‍നിന്നുമാണ് എം.എല്‍.എമാരുള്ളത്. ലയനം യാഥാര്‍ഥ്യമായാല്‍ ഏഴ് സീറ്റുകള്‍ മത്സരിക്കുന്ന പാര്‍ട്ടിയായി മാറാന്‍ കഴിയും.
ഐ.എസ്.ജെ.ഡിയുടെ മുന്‍രൂപമായ ജനതാദള്‍ (എസ്) കഴിഞ്ഞ തവണ നാല് സീറ്റുകളിലാണ് മത്സരിച്ചത്. തിരുവല്ല, ചിറ്റൂര്‍, കോവളം, അങ്കമാലി എന്നിവയായിരുന്നു അത്. ഇത്തവണ ഓരോ സീറ്റ് കൂടുതലായി വേണമെന്ന് ഇരുകക്ഷികളും ആവശ്യമുന്നയിച്ചപ്പോഴാണ് ലയന നിര്‍ദേശം സി.പി.എം മുന്നോട്ടുവച്ചതെന്നാണ് അറിയുന്നത്.


